തിരുവനന്തപുരം: വിശാലമായ സ്വീകരണ മുറി. അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും. അടുക്കളയിൽ പാത്രം കഴുകാനായുള്ള വലിയ സിങ്ക്, വാഷ്ബെയ്സിങ്, പാചകം ചെയ്യാനുള്ള ഇടം. പിന്നെ രണ്ട് വിശാലമായ കിടപ്പുമുറി. ഇതെല്ലാം വായിക്കുമ്പോൾ തോന്നുന്നത് ഒരു ലക്ഷ്വറി അപ്പാർട്ട്മെന്റിന്റെ കാര്യമാണ് എന്നായിരിക്കും അല്ലേ. എന്നാൽ അല്ല, സർക്കാർ 192 കുടുംബങ്ങൾക്ക് വച്ചു കൊടുത്ത ഫ്ളാറ്റിലെ സൗകര്യങ്ങളാണിത്.

ലക്ഷ്വറി അപ്പാർട്ട്മെന്റിനെ പോലും വെല്ലുന്ന ഫ്ളാറ്റുകളാണ് മുഖ്യമന്ത്രി ഇന്ന് മത്സ്യ തൊഴിലാളികൾക്ക് നൽകിയത്. വൈകുന്നേരം മൂന്നര മണിക്ക് മുഖ്യ മന്ത്രി താക്കോൽ ദാനം നടത്തിയപ്പോൾ കുടുംബങ്ങളെല്ലാം നിറകണ്ണുകളോടെയാണ് ഏറ്റു വാങ്ങിയത്. പ്രതീക്ഷ എന്ന പേരിൽ 192 ഫ്‌ളാറ്റ് അടങ്ങിയ മുട്ടത്തറയിലെ ഭവനസമുച്ചയമാണ് മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികൾക്ക് കൈമാറിയത്. മൂന്നര ഏക്കർ സ്ഥലത്ത് രണ്ട് ബെഡ് റൂം, സിറ്റ്ഔട്ട്, അടുക്കള, ബാത്ത്റൂം സൗകര്യങ്ങളോടെ 192 വീടുകളാണ് മുട്ടത്തറയിൽ നിർമ്മാണം പൂർത്തിയായത്. 2017 ഏപ്രിലിൽ തറക്കല്ലിട്ട പദ്ധതി ഡിസംബറിൽ നിർമ്മാണം പൂർത്തീകരിച്ചു. ഡ്രെയിനേജ്, വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവയുടെ ജോലികൾ നടക്കുന്നതിനിടെ പ്രളയം വന്നതിനാൽ തത്കാലത്തേക്ക് മുടങ്ങിയെങ്കിലും പ്രളയം കഴിഞ്ഞതോടെ കാലതാമസമില്ലാതെ പൂർത്തിയാക്കി.

മുട്ടത്തറയിൽ ബിഎസ്എഫ് ക്യാമ്പിനുസമീപം 24 ബ്ളോക്കുകളിലായി 192 കുടുംബങ്ങൾക്കാണ് സർക്കാർ അധികാരത്തിലേറി മൂന്ന് വർഷത്തിനകം 17.5 കോടി ചെലവിൽ പാർപ്പിടമൊരുക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ ഭൂമിയിൽനിന്നാണ് പാർപ്പിടപദ്ധതിക്ക് ആവശ്യമായ 3.45 ഏക്കർ ഏറ്റെടുത്തത്. നിർമ്മാണം യുദ്ധകാലവേഗത്തിലായിരുന്നു. രണ്ട് ബെഡ്റൂമും ബാത്റൂമും സ്വീകരണമുറിയും അടുക്കളയും അടങ്ങിയ അപ്പാർട്മെന്റ്, പൂന്തോട്ടം, കമ്യൂണിറ്റി ഹാൾ, അങ്കണവാടി, സബ്‌സിഡി വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്ന മാർക്കറ്റ്, പണിസാധനങ്ങൾ സൂക്ഷിക്കാനായി സ്റ്റോർ ഹൗസ്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഫ്ളാറ്റുകളുടെ താക്കോൽ ഏറ്റുവാങ്ങിയവരെല്ലാം സർക്കാരിന് നന്ദി പറഞ്ഞാണ് തങ്ങൾക്ക് ലഭിച്ച ഫ്ളാറ്റിലേക്ക് കയറിയത്.

2012 മുതൽ പ്രകൃതിക്ഷോഭത്തിൽ തലചായ്ക്കാൻ ഇടം നഷ്ടപ്പെട്ടവർക്കാണ് അടച്ചുറപ്പുള്ള വീട് ഉറപ്പായത്. വീടുകൾ 540 ചതുരശ്ര അടി വിസ്തീർണമുള്ളവയാണ്. 2017 ജനുവരിയിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയും ഉദ്യോഗസ്ഥരും നിർമ്മാണപുരോഗതി വിലയിരുത്തിപ്പോന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണച്ചുമതല നിർവഹിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ ഭവനരഹിതരാണ് ഒന്നിച്ച് ഗൃഹപ്രവേശം നടത്തുന്നത്. വലയതുറ യുപി സ്‌കൂളിൽ കഴിഞ്ഞ 22 കുടുംബങ്ങൾ, വലിയതുറ എൽപി സ്‌കുളിൽ കഴിഞ്ഞ 4, വിഎച്ച്എസ്സിയിൽ കഴിഞ്ഞ7, ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ കഴിഞ്ഞ 3, പോർട്ട് ഗാഡൗൺ 6 എന്നീ കുടുംബങ്ങളും ഓഖി ചുഴലിക്കാറ്റിൽ പെട്ട് ഗൃഹനാഥരെ നഷ്ടമായ നാല് കുടുംബങ്ങൾ, കടലാക്രമണത്തിൽ വീട് തകർന്ന മറ്റു കുടുംബങ്ങൾ ഉൾപ്പെടെ 192 കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് അനുവദിച്ചിരുക്കുന്നത്.