തിരുവനന്തപുരം : സാമ്പത്തിക പരാധീനത മൂലം സ്‌കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കിയ സർക്കാർ, മുഖ്യമന്ത്രിയുടെ പ്രതിവാര മുഖം മിനുക്കൽ പരിപാടിക്ക് കോടികൾ ചെലവാക്കാൻ ഉത്തരവായി. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി പാർട്ടി ചാനലിനെ പരിപോഷിപ്പിക്കുന്ന പി. ആർ ഓപ്പറേഷനാണ് കോടികൾ ചെലവിടുന്നത്.

കടംമെടുത്തു ദൈനം ദിന ചെലവുകൾ നടത്തുമ്പോഴും ഇത്തരം ധൂർത്തിന് കുറവില്ല. സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട് ' എന്ന പേരിലാണ് ഈ പ്രോഗ്രാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ചത്.

'നാം മുന്നോട്ടി'ന്റെ ആദ്യ സംപ്രേഷണം 2017 ഡിസംബർ 31 നായിരുന്നു. ഒട്ടുമിക്ക മലയാളം വാർത്താ ചാനലുകളിലും സർക്കാർ കാശ് നല്കി അരമണിക്കൂർ വീതം ഈ പരിപാടി കാണിക്കുന്നു ണ്ടായിരുന്നു.'നാം മുന്നോട്ട് ' ഷൂട്ട് ചെയ്യാൻ പാർട്ടി ചാനലായ കൈരളിക്ക് തുക വർധിപ്പിച്ചു നൽകിക്കൊണ്ട് സർക്കാർ കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ ഒരു എപ്പിസോഡിന് 2.32 ലക്ഷമാണ് കൈരളിക്ക് ലഭിക്കുന്നത്.

ഈ തുക അപര്യാപ്തമാണെന്നും ഒരു ഷൂട്ടിൽ രണ്ട് എപ്പിസോഡുകൾ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ ഒരു എപ്പിസോഡിന് മൂന്ന് (3) ലക്ഷം രൂപയും ജിഎസ് റ്റിയും, ഒരു ഷൂട്ടിൽ ഒരു എപ്പിസോഡ് മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ അഞ്ച് ( 5 ) ലക്ഷം രൂപയുംജി എസ് റ്റിയും ലഭിക്കണ മെന്നും കൈരളി ചാനൽ ആവശ്യപ്പെടുകയായിരുന്നു. മാർച്ച് 28 ന് കൈരളി ചാനലിന്റെ ഈ ആവശ്യം സർക്കാർ അംഗീകരിക്കുകയും പി.ആർ.ഡി ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തു.

കൂടാതെ പരിപാടിക്ക് എത്തുന്ന അതിഥികളുടെ യാത്ര, താമസ ചെലവ്, ഷൂട്ടിങ്ങ് റദ്ദാക്കുക തുടങ്ങിയവയുടെ യഥാർത്ഥ ചെലവുകളും കൈരളിക്ക് അനുവദിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട കരാർ പി.ആർ.ഡി ഡയറക്ടർ കൈരളി ചാനലും ആയി ഏർപ്പെടേണ്ടതാണന്നും ഉത്തരവിൽ നിഷ്‌കർഷിക്കുന്നു. ഇത്തരമൊരു കരാർ നൽകുന്നതിന് മുമ്പായി താൽപര്യ പത്രം ക്ഷണിക്കുകയോ ടെണ്ടർ വിളിക്കുകയോ ചെയ്തിട്ടില്ല. ഏക പക്ഷീയമായി കൈരളിക്ക് ഈ പരിപാടി ഷൂട്ട് ചെയ്യാൻ അനുമതി നൽകയായിരുന്നു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴാണ് പാർട്ടി ചാനലായ കൈരളിക്ക് തുക ഉയർത്തി കൊടുത്തത്. ക്ഷേമ പെൻഷൻ പോലും ബജറ്റിൽ 100 രൂപ വർധിപ്പിക്കാതിരിക്കുമ്പോഴാണ് സർക്കാരിന്റെ ഈ നടപടി. നാം മുന്നോട്ട് എന്ന പരിപാടിയുടെ വാർഷിക ബജറ്റ് ആറ് (6) കോടി രൂപയാണ്. ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത നാം മുന്നോട്ട് പോലുള്ള പരിപാടി സാമ്പത്തിക പ്രതിസന്ധി കാലഘട്ടത്തിൽ മാറ്റി വച്ച് മാതൃക കാട്ടാൻ മുഖ്യമന്ത്രി തയ്യാറാകാത്തതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

നാം മുന്നോട്ട് എന്ന പരിപാടി കൊണ്ട് ആകെ നേട്ടം പാർട്ടി ചാനലായ കൈരളിക്ക് മാത്രമാണ്. ഡി.എ, പെൻഷൻ കുടിശിക, ലീവ് സറണ്ടർ തുടങ്ങിയ അർഹതപ്പെട്ട കാര്യങ്ങൾ പോലും തടഞ്ഞ് വച്ചിരിക്കുമ്പോഴാണ് ഒരാവശ്യവുമില്ലാത്ത പരിപാടിക്കായി കൈരളി ചാനലിന് തുക വർധിപ്പിച്ചു നൽകുന്നത്. നാം മുന്നോട്ട് നടത്തുന്നതിന് കഴിഞ്ഞ നാല് വർഷം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 12 കോടിയിലേറെ രൂപ. ഈ വകയിൽ പാർട്ടി ചാനലായ കൈരളി ടി.വിക്കും വൻ തുക ലഭിച്ചുവെന്ന് വിവരാവകാശ രേഖ സൂചിപ്പിക്കുന്നു.

2017- 18 മുതൽ ആരംഭിച്ച നാം മുന്നോട്ട് പരിപാടിക്ക് 2020-21 വരെ ആകെ ചെലവായത് 12,25,28,825 രൂപയാണ്. കൈരളി ചാനലിന് പ്രോഗ്രാം ഷൂട്ട് ചെയ്ത വകയിൽ 37,71,486 ലക്ഷം രൂപ നൽകിയിട്ടുണ്ട്. അതിഥികളെ കൊണ്ടുവരുന്നതിനുള്ള യാത്രക്ക് മാത്രം ആകെ 82,989 രൂപയും ചെലവാക്കിയിട്ടുണ്ട്.

പരിപാടിക്കു വേണ്ടി ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് 2018-19ൽ ആണ്. 4,51,14,949 കോടി രൂപയാണ് ആ വർഷത്തിൽ ചെലവായത്. 2017-18ൽ 1,31,74,284 രൂപയും 2019-20ൽ 3,48,82,278 രൂപയും 2020-21ൽ 2,93,57,314 രൂപയും ചെലവാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്ന പരിപാടിക്ക് സി ഡിറ്റ് ആണ് സാങ്കേതിക സഹായം നൽകുന്നത്.