- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവേശനോത്സവം ഓൺലൈൻ; പക്ഷെ മുഖ്യമന്ത്രിയുടെ പ്രസ്താവ അദ്ധ്യാപകർ നേരിട്ട് വിദ്യാർത്ഥികൾക്ക് എത്തിക്കണം; കോവിഡ് കാലത്ത് നിർദ്ദേശം രോഗപ്പകർച്ചയ്ക്ക് കാരണമാകുമെന്ന് ആശങ്ക; കോവിഡ് നിയന്ത്രണലംഘനത്തിന് സർക്കാർ തന്നെ വഴിവെക്കുമ്പോൾ
തിരുവനന്തപുരം: ലോക്ഡൗൺ വീണ്ടും നീട്ടിയും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താതെയുമൊക്കെ കോവിഡിനെ പിടിച്ചുകെട്ടാൻ സർക്കാർ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുമ്പോൾ അതെ സർക്കാർ തന്നെ കോവിഡ് ലംഘനത്തിന് വഴിവെക്കുന്നതാണ് പുതിയ കാഴ്ച്ച.വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് പരസ്യമായ ഈ ലംഘനത്തിന് സർക്കാർ വഴിവെക്കുന്നത്.കോവിഡ് കാലത്ത് അദ്ധ്യാപകരെ വിദ്യാർത്ഥികളുടെ വീട്ടിലെക്കെത്തിക്കാനാണ് സർക്കാറിന്റെ പദ്ധതി.
സ്കുൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അച്ചടിച്ച ഒരു പ്രസ്താവന വിദ്യാർത്ഥികളുടെ വീട്ടിലെക്കെത്തിക്കാനാണ് തീരുമാനം.എന്നാൽ അത് അദ്ധ്യാപകർ തന്നെ നേരിട്ടെത്തിക്കണമെന്നാണ് നിർദ്ദേശം.ഇ നടപടി രോഗപ്പകർച്ചയ്ക്ക് കാരണമാകുമെന്നാണ് അദ്ധ്യാപകർ പറയുന്നത്.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ വീടുകളിൽ എല്ലാം മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കാനാണ് നിർദ്ദേശം ഉയർന്നിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ അച്ചടിച്ച സന്ദേശം അദ്ധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റണമെന്നാണ് ഇപ്പോൾ നിർദ്ദേശം ലഭിച്ചിരിക്കുന്നത്.ഇന്ന് അതത് സ്കൂളുകളുടെ ചുമതലയുള്ള അദ്ധ്യാപകർ എ.ഇ.ഒ. ഓഫീസിൽ നേരിട്ടെത്തി അച്ചടിച്ച സന്ദേശം വാങ്ങുകയും നാളെ മുതൽ എല്ലാ കുട്ടികളുടെയും വീട്ടിൽ എത്തിക്കാനുമാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.
കോവിഡ് കാലത്തെ പരസ്യമായ നിയന്ത്രണലംഘനത്തിനെതിരെ അദ്ധ്യാപകർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു.നിർദ്ദേശം ലഭിച്ചതിനു പിന്നാലെ അദ്ധ്യാപകർ ആശങ്ക അധികാരികളുമായി പങ്കുവെച്ചിട്ടുണ്ട്.ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും നിലനിൽക്കവേയാണ് നിർദ്ദേശം. നാലുലക്ഷത്തിൽ അധികം കുട്ടികളുടെ വീടുകളിലേക്ക് സന്ദേശവുമായി പോകുമ്പോൾ, അത് രോഗപ്പകർച്ചയ്ക്ക് കാരണമാകാനുള്ള സാധ്യതയാണ് അദ്ധ്യാപകർ ചൂണ്ടിക്കാണിക്കുന്നത്.
പ്രവേശനോത്സവം ഓൺലൈൻ ആയി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അപ്പോൾ പിന്നെ എന്തിനാണ് അച്ചടിച്ച സന്ദേശം കുട്ടികളുടെ വീട്ടിൽ നേരിട്ട് എത്തിക്കുന്നതെന്ന ചോദ്യവും അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.എന്തുതന്നെ ആയാലും ഒരു വശത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയും അതേ സർക്കാർ തന്നെ മറ്റൊരുഭാഗത്ത് നിയന്ത്രണം ലംഘൂകരിക്കുന്നതന്റെയും വിരോധാഭാസം വിവാദങ്ങൾക്ക് വഴിവെക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ