- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകിയെത്തുന്നവർക്കും നേരത്തേ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും ഇനി പിടിവീഴും; ക്യത്യസമയത്ത് പഞ്ച് ചെയ്തില്ലെങ്കിൽ ശമ്പളം പോകും; സർക്കാർ ജീവനക്കാരുടെ ഹാജരും സ്പാർക്കും തമ്മിൽ ബന്ധിപ്പിക്കാതെ ഉഴപ്പിയ സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സർക്കാർ
തിരുവനന്തപുരം: ഏതുജോലിക്കും, ക്യത്യനിഷ്ഠയും അച്ചടക്കവും പ്രധാനമാണെന്ന് പറയേണ്ടതില്ല. സർക്കാർ ജോലി കിട്ടിയാൽ പിന്നെ ഇഷ്ടം പോലെയാവാം കാര്യം എന്ന കാലമൊക്കെ മാറി. പഞ്ചിങ്ങും മറ്റും വന്നതോടെ, സെക്രട്ടേറിയറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ കുറെയൊക്കെ അച്ചടക്കം വന്നിരുന്നു. എന്നാൽ, ചില പഴുതുകൾ ഉണ്ടായിരുന്നു. അതുകൂടി അടയ്ക്കാൻ ഉറച്ചിരിക്കുകയാണ് സർക്കാർ. ഇനി മുതൽ സ്ഥിരമായി വൈകി വരുന്നവർക്ക് പണി കിട്ടും.
സർക്കാർ ജീവനക്കാരുടെ ഹാജരും ശമ്പളസംവിധാനവും ( സ്പാർക്ക്) തമ്മിൽ ബന്ധിപ്പിക്കുകയാണ്. ബയോമെട്രിക് ഫിംഗർ പ്രിന്റ് അറ്റൻഡൻസ് മാനേജ്മെന്റ് സിസ്റ്റമാണ് സ്പാർക്കുമായി ബന്ധിപ്പിക്കുന്നത്. ജീവനക്കാരുടെ കൃത്യനിഷ്ഠയും പ്രവർത്തനവും കാര്യക്ഷമമാക്കാനാണ് നടപടി.
സെക്രട്ടേറിയറ്റിൽ വിജയകരമായി നടപ്പാക്കിയ സംവിധാനം സംസ്ഥാനത്താകെ ഉടൻ നിലവിൽ വരും. 2018 ജനുവരി ഒന്നിനാണ് സെക്രട്ടേറിയറ്റിൽ പദ്ധതി നടപ്പാക്കിയത്. അതേ വർഷം കേരളപ്പിറവി ദിനത്തിൽ എല്ലായിടത്തും സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരുന്നു. പ്രളയം വന്നതോടെ പദ്ധതി മുന്നോട്ട് പോയില്ല. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ കൃത്യനിഷ്ഠ സംബന്ധിച്ച വിവരം സ്പാർക്കിന് നേരിട്ട് നിരീക്ഷിക്കാനാകും.
വൈകിയെത്തുന്നവർക്കും നേരത്തേ പോകുന്നവർക്കും ജോലിക്കെത്തിയശേഷം മുങ്ങുന്നവർക്കും മേലുദ്യോഗസ്ഥർ എതിർത്തില്ലെങ്കിൽ നിലവിൽ അതു ശമ്പളത്തെ ബാധിക്കുന്നില്ല. സ്പാർക്കുമായി ബന്ധിപ്പിച്ചാൽ ഈ സ്വാതന്ത്ര്യം ഇല്ലാതാകുന്നതുകൊണ്ടാണ് മിക്ക ഓഫീസുകളും അതിനു തയാറാകാത്തത്. ഇതേക്കുറിച്ചു വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണു പഞ്ചിങ് സ്പാർക് ബന്ധിപ്പിക്കലിനു ചീഫ് സെക്രട്ടറി വി.പി.ജോയ് ഇന്നലെ വീണ്ടും ഉത്തരവിറക്കിയത്. വകുപ്പു മേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.
പുതുതായി നിയമനം നേടുന്നവരും ഡപ്യൂട്ടേഷൻ കഴിഞ്ഞു സെക്രട്ടേറിയറ്റിൽ തിരിച്ചെത്തുന്നവരും ആദ്യ ദിവസം മുതൽ തന്നെ പഞ്ച് ചെയ്തു തുടങ്ങണമെന്നും ഇല്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്നുമുള്ള ഉത്തരവും ഇന്നലെയിറക്കി. സെക്രട്ടേറിയറ്റിൽ പഞ്ചിങ്ങിനെ ആദ്യമായി സ്പാർക്കുമായി ബന്ധിപ്പിച്ചിച്ച ശേഷം മറ്റ് ഓഫിസുകളിലേക്കും വ്യാപിപ്പിക്കുന്ന നടപടിക്കു തുടക്കമിട്ടെങ്കിലും കോവിഡിനെത്തുടർന്നു നിർത്തിവയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ സെപ്റ്റംബറിലാണു പഞ്ചിങ് പുനരാരംഭിച്ചത്.
ഓരോ ജീവനക്കാരനും പ്രതിമാസം 300 മിനിറ്റാണ് ഗ്രേസ് പീരിയഡായി അനുവദിക്കുക. വൈകി വരുന്ന സമയം ഇതിൽനിന്ന് കുറയ്ക്കും. 300 മിനിറ്റ് അധികരിച്ചാൽ തുടർന്ന് വൈകിയെത്തുന്ന ദിവസം അവധിയായി കണക്കാക്കും. കൂടുതൽ ജോലിയെടുക്കുന്ന ജീവനക്കാർക്ക് ആനുകൂല്യവുമുണ്ട്.
പ്രതിമാസം പത്ത് മണിക്കൂറിലധികം അധികജോലി എടുക്കുന്നവർക്ക് ഒരു ദിവസം കോമ്പൻസേറ്ററി അവധി നൽകും. ഇത് മൂന്നു മാസത്തിനകം എടുത്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പഞ്ചിങ് സമ്പ്രദായമുള്ള സ്പാർക്കിൽ ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഓഫീസുകളിലും അടിയന്തരമായി പദ്ധതി നടപ്പാക്കാനാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇക്കാര്യത്തിലെ പുരോഗതി ഓരോ മാസവും അറിയിക്കാനും നിർദ്ദേശമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ