- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെംഗളൂരുവിൽ പോയി പഠിച്ച് കേരളത്തിലും പബ്ബുകൾ വേണമെന്ന് റിപ്പോർട്ട് നൽകിയത് ഋഷിരാജ് സിങ്; രാത്രി വൈകി ജോലി കഴിഞ്ഞ് വരുന്നവർക്ക് ഉല്ലാസത്തിന് പബ്ബുകൾ ആകാമെന്ന് സർക്കാർ; ഐടി പാർക്കുകളിൽ പബ്ബ് -വൈൻ പാർലറുകൾ തുറക്കാൻ വീണ്ടും ആലോചന
തിരുവനന്തപുരം: ഇതാദ്യമല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഐടി പാർക്കുകളിലെ പബ് വിഷയം എടുത്തിടുന്നത്. രാത്രി വൈകി ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി അടക്കം മേഖലയിലെ ഉദ്യോഗസ്ഥർക്ക് ജോലി കഴിഞ്ഞ് അൽപം ഉല്ലസിക്കണമെന്ന് തോന്നിയാൽ അതിനു കേരളത്തിൽ സൗകര്യമില്ലെന്നു വ്യാപകമായ പരാതിയുണ്ട്. ഇതുമൂലമാണ് കേരളത്തിലും പബ്ബുകൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ ഷോ ആയ നാം മുന്നോട്ടിൽ മൂന്നുവർഷം മുമ്പ് പിണറായി വിജയൻ പറഞ്ഞിരുന്നു.
കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്നും, ഐടി പാക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നതായും മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ ആവർത്തിച്ചു .'സംസ്ഥാനത്ത് നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികൾ ഉന്നയിക്കുന്ന പ്രശ്‌നം ഐടി മേഖലയിൽ ജീവനക്കാർക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ്. കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഈ കുറവുകളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഇത് വലിയ കമ്പനികളുടെ കടന്ന് വരവിന് തടസമാകുന്നുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി കേന്ദ്രങ്ങളിൽ വൈൻ പാർലറെന്ന ആലോചന സർക്കാർ നേരത്തെ തുടങ്ങിയത്. എന്നാൽ കോവിഡ് വന്നതോടെ മുന്നോട്ട് പോകാനായില്ല. കോവിഡ് തീരുന്ന മുറയ്ക്ക് ഐടി പാർക്കുകളിൽ പബ്ബ്-വൈൻ പാർലറുകൾ ആരംഭിക്കുന്ന ആലോചിക്കുമെന്നും'- മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ചോദ്യോത്തര വേളയിൽ കുറക്കോളി മൊയ്തീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.നേരത്തെ നിസാൻ ഉൾപ്പെടെയുള്ള കമ്പനികൾ എത്തിയപ്പോൾ ഈ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യത്തിൽ ആലോചന നടത്തിയത്. തീരുമാനം വൻ വിവാദമാവുകയും ചെയ്തിരുന്നു. വീണ്ടും മുഖ്യമന്ത്രി തന്നെ സഭയിൽ ഉന്നയിച്ചതോടെ വിഷയത്തിന് ഗൗരവം വന്നെന്നും യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.
മുമ്പ് ഈ വിഷയം ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയുടെ പരാമർശത്തെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. 2019 ൽ പബ്ബ് കേരളത്തിലുമാകാം എന്ന് മുഖ്യമന്ത്രി നിർദ്ദേശം വെക്കുന്നതിന് രണ്ടുവർഷം മുമ്പ് പബ്ബുകൾ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗാണ് 2017ൽ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. അന്ന് അനുകൂല നടപടി കൈക്കൊണ്ടിരുന്നില്ല.
ബെംഗളൂരുവിൽ പോയി പബ്ബുകളെക്കുറിച്ചും ബ്രൂവറിയെക്കുറിച്ചും പഠിച്ച ശേഷമായിരുന്നു ഋഷിരാജ് സിങ് റിപ്പോർട്ട് നൽകിയത്. സാധാരണ ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമ്മിച്ച് വിൽക്കാമെന്നായിരുന്നു റിപ്പോർട്ടിന്റെ കാതൽ. മൈക്രോ ബ്രൂവറികൾക്കും പബ്ബുകൾക്കും അനുമതി കൊടുത്താൽ വിജയകരമായി നടപ്പിലാക്കാം.
വിനോദ സഞ്ചാരികൾക്ക് ഡ്രോട്ട് ബിയർ ഇഷ്ടമാണെന്നതിനാൽ ടൂറിസം വകുപ്പിനും ഇത്തരത്തിൽ ഹോട്ടലുകളെ പബ്ബ് മോദിലേക്ക് മാറ്റുന്നതിൽ താത്പര്യമുണ്ടെന്നും ഇതിൽ പറഞ്ഞിരുന്നു. ബിയർ നിർമ്മിക്കുന്ന അനുമതികൾക്കൊപ്പം പബ്ബുകൾക്കും അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് ഹോട്ടലുടമകൾ എക്സൈസ് വകുപ്പിനെ സമീപിച്ചിരുന്നു. മദ്യവിതരണ ലൈസൻസ് ഇല്ലാതെ ലഹരി കുറഞ്ഞ ഡ്രോട്ട് ബിയർ നിർമ്മിക്കാനാണ് ഹോട്ടലുകൾക്ക് അനുമതി നൽകുക. കർണാടകയിൽ ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, ആപ്പിൾ രുചികളിൽ ബിയർ നൽകാം. മെട്രൊ നഗരങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകൾ വിജയകരമായാണ് പ്രവർത്തിക്കുന്നത്. ഇതിനൊപ്പം ഇവിടെ ഡീ അഡിക്ഷൻ സെന്ററുകൾ കൂടി തുടങ്ങണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ടായിരുന്നു.
സർക്കാർ ബ്രൂവറികൾക്ക് അനുമതി നൽകിയത് വിവാദമായപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഋഷിരാജ് സിങ് നൽകിയ റിപ്പോർട്ട് പുറത്തുവിടണമെന്നും പിന്നാലെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പബ്ബ് വേണമെന്നത് പറഞ്ഞപ്പോഴും ആദ്യം എതിർപ്പ് ഉയർന്നത് രമേശ് ചെന്നിത്തലയിൽ നിന്നുമാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണ് പബ്ബുകൾ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോൾ യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്നാണ് വിഡി സതീശന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ