- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്‌സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്‌സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം ഇത്രമേൽ രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്നതിൽ ഭരണ തലത്തിലുണ്ടായ വീഴ്‌ച്ച വളരെ വ്യക്തമാണ്. രണ്ടാം തരംഗം നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും ഒന്നും ചെയ്തില്ലെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയരുമ്പോൾ സംഘപരിവാർ കുടുംബത്തിലും അസ്വസ്ഥതകൾ പുകഞ്ഞു തുടങ്ങി. കേന്ദ്രസർക്കാർ പൂർണമായും പ്രതിരോധത്തിലായ മറ്റൊരു ഘട്ടം ഇല്ലെന്ന് തന്നെ പറയാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. രണ്ടാം കോവിഡ് തരംഗം നാടിനെ വരിഞ്ഞു മുറുക്കുമ്പോൾ ജനങ്ങളോട് എങ്ങനെ മറുപടി പറയുമെന്ന് അറിയാത്ത അവസ്ഥയിലാണ് ബിജെപി കേന്ദ്ര നേതാക്കൾ. പ്രതിരോധമെല്ലാം സംസ്ഥാന സർക്കാറുകളുടെ മേൽ കെട്ടിവെച്ച് കൈകഴുകിയിരിക്കയാണ് കേന്ദ്രസർക്കാർ.
ഇതാദ്യായി മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകഞ്ഞു തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ. കോവിഡ് വാക്‌സിൻ വിതരണം അടക്കമുള്ള കാര്യത്തിലാണ് മോദിയോട് ആർ്എസ്എസിന് അതൃപ്തി പുകയുന്നത്. തദ്ദേശീയമായി രണ്ട് വാക്‌സിനുകൾ വികസിപ്പിച്ചെടുത്തെങ്കിലും അവ സ്വന്തം രാജ്യത്തിനായി ശേഖരിച്ചു വെക്കാതെ കയറ്റുമതി ചെയ്ത നയമാണ് ആർഎസ്എസിനെ ചൊടിപ്പിക്കുന്നത്. ലോകത്തിന്റെ വാക്‌സിൻ ഫാക്ടറിയെന്ന് പറയുമ്പോഴും സ്വന്തം ആവശ്യത്തിന് വാക്‌സിൻ ഇല്ലാത്ത അവസ്ഥയാണ് കടുത്ത വിമർശനങ്ങൾക്ക് ഇട നൽകുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് രണ്ടാഴ്ച കഴിയുമ്പോൾ പോലും കേന്ദ്രത്തിന്റെ കോവിഡ് പ്രതികരണം അപര്യാപ്തമായി തന്നെ തുടരുന്നു. പ്രധാനപ്പെട്ട വിഷയമായ ഓക്‌സിജൻ ലഭ്യതയിൽ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും കേന്ദ്രത്തിന്റെ ചെവിക്കുപിടിച്ചു കഴിഞ്ഞു. 'പെട്ടെന്നുള്ളതും അപ്രതീക്ഷിതവുമായിരുന്നു' രണ്ടാം തരംഗം എന്നതാണ് കേന്ദ്ര നേതാക്കൾ ആവർത്തിച്ചു പറയുന്നത്. അതായാത് രണ്ടാം തരംഗത്തെ നേരിടാൻ രാജ്യം യാതൊരു മുന്നൊരുക്കവും നടത്തിയില്ലെന്ന് വ്യക്തം.
ഫെബ്രുവരി പകുതിയോടെ മുംബൈയിൽ കോവിഡ് വലിയ വർദ്ധനവ് വന്നു തുടങ്ങിയതായും ഓക്‌സിജന്റെ ആവശ്യകത മുതൽ വേരിയന്റിന്റെ ആഘാത സാധ്യത വരെയുള്ള എല്ലാ മുന്നറിയിപ്പുകളും നൽകപ്പെട്ടിട്ടും സർക്കാരിന് ഇതിനായി തയ്യാറെടുക്കാൻ വേണ്ട സമയം ഉണ്ടായിട്ടും, എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദിച്ചപ്പോൾ, 'ഇത്രയും തീവ്രമായ ഒരു തരംഗത്തെ ആരും പ്രതീക്ഷിച്ചിരുന്നില്ല,' എന്ന ഉത്തരമായിരുന്നു കേന്ദ്ര മന്ത്രിമാർക്കുണ്ടായിരുന്നത്.
സ്ഥിതിഗതികൾ ഇത്രയും രൂക്ഷമാണ് എന്നിരിക്കെ, അതിന്റെ ആഘാതത്തെ കേന്ദ്രം എങ്ങനെയാണ് തെറ്റായി വായിച്ചെടുത്തത് എന്ന ചർച്ച ചെയ്യാൻ ആരും തയ്യാറായില്ല എന്ന് മാത്രമല്ല, കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ട് ബിജെപി പ്രമേയം പാസാക്കുകയും ചെയ്തു. ഇവരിൽ ഭൂരിഭാഗവും നേതൃത്വത്തിലെ പിഴവ് കണ്ടെത്താൻ മടിയുള്ളവരും, സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രധാനമന്ത്രിയുടെ, പ്രത്യക്ഷത്തിൽ കാണാനും ബോധ്യപ്പെടാനുമാവാത്ത, ശ്രമങ്ങൾക്ക് പിന്നിൽ അണിനിരക്കുന്നവരുമാണ്.
കോവിഡ് പ്രതിരോധത്തിന് സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ജനങ്ങൾക്ക് അത് ബോധ്യപ്പെടുന്ന തരത്തിലുള്ള ഒരു രാഷ്ട്രീയ സന്ദേശം ആവിഷ്‌കരിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന അഭിപ്രായങ്ങൾ ഉയർത്തുന്നവർ സർക്കാർ ടീമിനെ നവീകരിക്കേണ്ട ആവശ്യകതയിലേക്കും വിരൽചൂണ്ടുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങളിൽ മുഖം പോയി മോദി
ഇന്ത്യയിലെ കോവിഡ് നേരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക തോൽവിയായി എന്ന അഭിപ്രായമാണ് ലോക മാധ്യമങ്ങളെല്ലാം ഉയർത്തുന്നത്. കോവിഡ് നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ 'ലാൻസെറ്റ്' റിപ്പോർട്ടു ചെയ്തു. മഹാമാരി നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനെക്കാൾ ട്വിറ്ററിൽനിന്ന് വിമർശനങ്ങൾ നീക്കംചെയ്യിപ്പിക്കുന്നതിലായിരുന്നു സർക്കാരിന്റെ ശ്രദ്ധയെന്ന് 'ലാൻസെറ്റ്' മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
ഓഗസ്റ്റ് ഒന്നോടെ ഇന്ത്യയിലെ കോവിഡ് മരണങ്ങൾ 10 ലക്ഷമാകുമെന്ന് അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ, അതു വരുത്തിവെച്ചതാണെന്നും മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അതിനുകാരണമെന്നും മുഖപ്രസംഗം പറയുന്നു.
മാർച്ച് ആദ്യം കോവിഡ്‌കേസുകൾ കൂടുന്നതിനുമുമ്പ് മഹാമാരിയുടെ അവസാനഘട്ടത്തിലാണ് ഇന്ത്യയെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചു. രണ്ടാംതരംഗത്തിന്റെ അപകടത്തെക്കുറിച്ചും പുതിയ വൈറസ് വകഭേദങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ആവർത്തിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇന്ത്യ കോവിഡിനെ തോൽപ്പിച്ചു എന്ന ധാരണയാണ് സർക്കാർ പരത്തിയത്. ഇന്ത്യൻ മെഡിക്കൽ ഗവേഷണകൗൺസിലിന്റെ സിറോ സർവേ രാജ്യത്തെ 21 ശതമാനംപേരിലേ കൊറോണ വൈറസിനെതിരായ ആന്റിബോഡികളുള്ളൂവെന്ന് കണ്ടെത്തിയിരുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
ഉത്തർപ്രദേശും മഹാരാഷ്ടയുംപോലുള്ള സംസ്ഥാനങ്ങൾ രണ്ടാംതരംഗത്തിന് ഒട്ടുംതന്നെ തയ്യാറെടുത്തിരുന്നില്ല. എന്നാൽ, കേരളവും ഒഡിഷയും പോലുള്ളവ മെച്ചപ്പെട്ട തയ്യാറെടുപ്പുകൾ നടത്തി. അവർ ആവശ്യത്തിന് മെഡിക്കൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാക്കി. അതിനാൽ, രണ്ടാംതരംഗത്തിൽ ആവശ്യത്തിന് മെഡിക്കൽ ഓക്സിജനില്ലാതെ കഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് അത് എത്തിച്ചുകൊടുക്കാൻ അവയ്ക്കുകഴിഞ്ഞുവെന്ന് 'ലാൻസെറ്റ്' പറയുന്നു. ഇന്ത്യയുടെ വാക്‌സിനേഷൻ പരിപാടിയെയും 'ലാൻസെറ്റ്' നിശിതമായി വിമർശിക്കുന്നുണ്ട്.
സുപ്രീംകോടതി നിയോഗിച്ച ദേശീയ കർമസമിതിയും കേന്ദ്രത്തിന് തിരിച്ചടി
കോവിഡിനെ നേരിടുന്നതിൽ കേന്ദ്രം പരാജയപ്പെട്ടിടത്താണ് സുപ്രീംകോടതി ഇടപെടൽ നടത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി പരിഹരിക്കാൻ, ശാസ്ത്രീയതയും വിഷയ വൈദഗ്ധ്യവും പരിഗണിച്ചു കൊണ്ട് ദേശീയ സമിതി രൂപീകരിച്ചതോടെ പ്രധാനമന്ത്രിയുടെ കീഴിലുള്ള സമിതിക്കും അത് പ്രഹരമായി. ഭാവിയിലേക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ മനസ്സിലാക്കി, അനുഭവങ്ങളുടെ കൂടി വെളിച്ചത്തിൽ ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. കേന്ദ്രത്തിന് രണ്ടാം തരംഗം നേരിടുന്നതിൽ വീഴ്‌ച്ചപറ്റിയെന്ന പരോക്ഷ വിമർശനവും ഇതിൽ ഉയരുന്നനുണ്ട്.
ഓക്‌സിജൻ, മരുന്ന്, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യവിഭവ ശേഷി, വിഭവങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കാനുള്ള സൗകര്യം തുടങ്ങിയവയിൽ കണക്കുകൂട്ടലുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ കോടതി നിർദ്ദേശിക്കുന്നു. ഭാവി കാര്യങ്ങളിലും സമിതിക്ക് നിർണായക സ്വാധീനമുണ്ടാകും. പ്രത്യേകിച്ചും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യത കേന്ദ്ര സർക്കാർ തന്നെ ചൂണ്ടിക്കാട്ടുമ്പോൾ.
മെഡിക്കൽ ഓക്‌സിജൻ ആവശ്യകത, ലഭ്യത, വിതരണം എന്നിവ സംബന്ധിച്ചു രാജ്യത്തെ സ്ഥിതി പരിശോധിച്ചു നിർദ്ദേശം നൽകണം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഓക്‌സിജൻ അനുവദിക്കാനുള്ള മാനദണ്ഡം രൂപീകരിക്കണം. കൃത്യമായ ഇടവേളകളിൽ പരിശോധനയും ആവശ്യമായ മാറ്റങ്ങളും നിർദ്ദേശിക്കണം. അവശ്യമരുന്നുകളുടെ ലഭ്യത പരിശോധിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക തുങ്ങിയ കാര്യങ്ങളാണ ്‌ദേശീയ കർമ്മ സതിയുടെ പരിധിയിൽ വരുന്നത്.
ഉൾപ്രദേശങ്ങളിൽ ഉൾപ്പെടെ ആരോഗ്യവിദഗ്ധന്റെ പരിചരണവും സേവനവും ലഭ്യമാക്കാൻ സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം ഉറപ്പാക്കുക. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ലഭ്യത വർധിപ്പിക്കുക. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണ രീതികൾ പ്രോത്സാഹിപ്പിക്കുക. കോവിഡ് നിയന്ത്രണത്തിനും ചികിത്സയ്ക്കും ഫലപ്രദമായ മാതൃകകൾ കണ്ടെത്തി പങ്കുവയ്ക്കുക.
സംസ്ഥാന തലത്തിൽസമിതി നിയോഗിക്കുന്ന ഉപസമിതി ഓഡിറ്റിങ് നടത്തും. സംസ്ഥാന വകുപ്പു സെക്രട്ടറി, കേന്ദ്രത്തിൽ നിന്ന് അഡീഷനൽ/ജോയിന്റ് സെക്രട്ടറി, ഭരണതലത്തിൽ പരിചയമുള്ള 2 ഡോക്ടർമാർ, പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ പ്രതിനിധി എന്നിവർ അംഗങ്ങളാകും.
മറുനാടന് ഡെസ്ക്