തിരുവനന്തപുരം: ചെങ്ങന്നൂരിനെ പ്രളയം വിഴുങ്ങിയപ്പോൾ നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ച മൽസ്യത്തൊഴിലാളി യുവാവ് ജിനീഷ് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ മരിച്ചപ്പോൾ ഇല്ലാതായത് ഒരുകുടുംബത്തിന്റെ ഏകാശ്രയമാണ്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട മൽസ്യത്തൊഴിലാളികളെ സർക്കാർ ആദരിച്ചപ്പോൾ, ജിനീഷ് ആ പട്ടികയിൽ പെട്ടിരുന്നില്ല. സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും ആദരിക്കപ്പെടേണ്ടവരുടെ പട്ടികയിൽ ജിനീഷ് പെടാതിരുന്നത് സുഹൃത്തുക്കളെ വല്ലാതെ വിഷമിപ്പിക്കുന്നു.

എന്തുകൊണ്ടാണ് ഈ യുവാവ് സർക്കാർ പട്ടികയിൽ ഇടം പിടിക്കാതിരുന്നത്? കാരണം സിപിഎമ്മുകാരനല്ല എന്നതുതന്നെ. സിപിഎമ്മുകാരനല്ല എന്ന കാരണത്താൽ സർക്കാർ തഴഞ്ഞ മത്സ്യത്തൊഴിലാളികളിൽ ഒരാളായിരുന്നു ബൈക്കപകടത്തിൽ മരിച്ച ജിനീഷ് ജെറോൺ. മഹാ പ്രളയത്തിൽ രക്ഷരായെത്തിയ മത്സ്യ തൊഴിലാളികളെ സർക്കാർ ആദരിക്കാൻ തീരുമാനിച്ചപ്പോൾ ജിനീഷ് ഉൾപ്പെടുന്ന സംഘത്തിന്റെ പേര് വിവരം ലിസ്റ്റിൽ ഇല്ലായിരുന്നു. കാരണം അവർ സിപിഎം പ്രവർത്തകർ അല്ലാ എന്നതായിരുന്നു കാരണം. കൊടിയുടെ നിറമോ മതമോ ജാതിയോ നോക്കാതെ ഇറങ്ങി തിരിച്ചപ്പോൾ കിട്ടിയത് അവഗണന മാത്രം.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സർക്കാരിന്റെ അഭ്യർത്ഥന എത്തും മുൻപേ സ്വന്തം നിലയ്ക്കു രക്ഷാ ദൗത്യത്തിനു പോയ മത്സ്യത്തൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റൽ വാരിയേഴ്സിലെ അംഗമായിരുന്നു ജിനീഷ്. ഓഗസ്റ്റ് 16ന് അർധരാത്രി കടലിൽ പോകാൻ ഒരുങ്ങി നിന്നപ്പോഴാണു സുഹൃത്തുക്കൾ ചേർന്നു രക്ഷാദൗത്യത്തിനു പോകാമെന്ന ധാരണയായത്. ജിനീഷിന്റെ വീട്ടിലിരുന്ന പുതിയ എൻജിനുമായിട്ടാണ് ആദ്യം സംഘം ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്. മികച്ച നീന്തൽ വിദഗ്ധനായിരുന്നതിനാൽ വീടുകളിൽ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണു രക്ഷിച്ചു ബോട്ടിലെത്തിച്ചത്. കടലിനു സമീപമുള്ള വീടു മൂന്നു വർഷം മുൻപു തകർന്നതിനാൽ വാടകവീട്ടിലാണു കുടുംബം കഴിയുന്നത്. അച്ഛൻ ജെറോം സ്ഥിരമായി കടലിൽ പോകുന്നില്ലാത്തതിനാൽ വീടിന്റെ അത്താണിയായിരുന്നു ജിനീഷ്.

ഓഗസ്റ്റ് 16 നാണ് ജിനീഷ് ഉൾപ്പെടുന്ന കോസ്റ്റൽ വാരിയേഴ്സ് എന്ന സംഘം ചെങ്ങന്നൂരിലേക്ക് തിരിക്കുന്നത്. സംഘത്തിൽ ജിനീഷിനെ കൂടാതെ ജോണി ചെക്കിട്ട, ജോൺ മാത്യു, സിൽവദാസൻ ആന്റണി, അനീഷ് പത്രോസ്, വിപിൻ ആൻഡ്രൂസ്, രതീഷ് പീറ്റർ എന്നിവരുമുണ്ടായിരുന്നു. സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പൂന്തുറയിൽ നിന്നും മൂന്നു പേരിൽ നിന്നും വാങ്ങിയ വള്ളവും, 2 എഞ്ചിനുകളുമായി 17ന് അതിരാവിലെ ചെങ്ങന്നൂരിൽ എത്തിച്ചേർന്നു. വരുന്ന വഴിക്ക് റോഡിൽ നിന്ന ചിലർ താലൂക്കിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു രോഗി ഉൾപ്പെടുന്ന കുടുംബം രണ്ടു ദിവസമായി ഒരു വീടിന്റെ ടെറസിൽ ആഹാരമില്ലാതെ മഴയും നനഞ്ഞ് നിൽക്കുന്നതായി ചെങ്ങന്നൂർ കൗൺസിലർ രാജൻ കണ്ണാട്ട് വിളിച്ചറിയിച്ചതിനാൽ രജിസ്റ്റർ ചെയ്യാൻ നിൽക്കാതെ തന്നെ അവർ ദുരന്ത സ്ഥലത്തേയ്ക്കു കുതക്കുകയായിരുന്നു. അവരെ രക്ഷപ്പെടുത്തി പോകുന്ന വഴിവക്കിൽ ജീവനു വേണ്ടി നിലവിളി്ക്കുന്നവരെ രക്ഷപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാൽ അന്ന് രാത്രിയാണ് ചെങ്ങന്നൂർ താലൂക്കിൽ ഇവർക്ക് ചെന്ന് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്.

രക്ഷാ പ്രവർത്തനം തുടരുന്നതിനിടയിൽ വള്ളത്തിനും എഞ്ചിനും കേടുപാടുകൾ ഉണ്ടായതിനെ തുടർന്ന് 19ാം തീയതി വള്ളത്തിനും എഞ്ചിനുമുണ്ടായ കേടുപാടുകൾ മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ചെങ്ങന്നൂർ എംഎ‍ൽഎ സജി ചെറിയാൻ ഒപ്പിട്ട ഒരു നിവേദനം തഹസീൽദാർക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് അടുത്ത ദിവസം കൂടി രക്ഷാപ്രവർത്തനം നടത്തി 21 ന് രാവിലെ തിരികെ എല്ലാവരും വീട്ടിൽ എത്തിച്ചേർന്നു. ദുരിതാശ്വാസ ക്യാംപുകളിൽ സാധനസാഗ്രികൾ എത്തിക്കുവാനായി 22ന് വീണ്ടും ചെങ്ങന്നൂരിൽ എത്തി. പിന്നെയും രണ്ട് ദിവസം അവിടെ നിന്ന് ക്യാംപുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഇതിനിടയിൽ തകരാറിലായ വള്ളവും എഞ്ചിനും ശരിയാക്കുവാനായി ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് 21/08/2018 വരെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമെ സർക്കാർ സർട്ടിഫിക്കറ്റ് നൽകൂ എന്നാണ്. ഇതോടെ ധനസഹായം ഒന്നും തന്നെ ലഭ്യമായില്ല.

രക്ഷാ പ്രവർത്തനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പൂന്തുറ ഇടവക കമ്മിറ്റി അംഗംപറഞ്ഞത് ജോണി ചെക്കിട്ടയുടെും ജോൺ മാത്യുവിന്റെയും ഉൾപ്പെടെ 4 പേരുടെ പേരുകൾ ഫിഷറീസ് ഓഫീസിൽ നൽകി എന്നാണ്. എന്നാൽ ഫിഷറീസ് ഓഫീസിലെ ലിസ്റ്റിൽ ജിനീഷ് ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിനു പോയ വള്ളത്തിലെ ആൾക്കാരുടെ ലിസ്റ്റിൽ ജോൺ മാത്യുവിന്റെ പേര് മാത്രം ഉൾപ്പെടുത്തുകയും ഇവരുടെ കൂടെയുണ്ടായിരുന്നവർക്ക് പകരം വേറെ ഏതോ മൂന്നു പേരുടെയോ പേര് ചേർത്തിരിക്കുന്നു. അങ്ങനെയാണ് അറിയുന്നത് സിപിഎം പ്രവർത്തകരുടെ പേര് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ എന്നും മറ്റു പാർട്ടി അനുഭാവികളായുള്ളവരെ ഉൾപ്പെടുത്തിയിട്ടില്ലെന്നും.

പാണ്ടനാട് ബാലാശ്രമത്തിലെ 27 കുട്ടികളെയും, പ്രസവവേദന തുടങ്ങിയതുൾപ്പെടെ 2 ഗർഭിണികളെയും, ഒരു വീട്ടിലെ 4 പേരിൽ അന്ധരായ 3 വ്യക്തികളെയും, വയസായവരും കൈക്കുഞ്ഞുങ്ങളുമടക്കം, എണ്ണൂറോളം പേരെ കുത്തൊഴുക്കിനെയും, വെള്ളത്തിലും മരത്തിലുമൊക്കെയായി കിടന്ന വിഷ പാമ്പുകളെയും വകവയ്ക്കാതെ നീന്തിയും വള്ളത്തിൽ ചെന്നുമൊക്കെ രക്ഷിച്ചവരായിരുന്നു ഈ 7 പേർ ഉൾപ്പെടുന്ന കോസ്റ്റൽ വാരിയേഴ്സ്. അർഹതയ്ക്കുള്ള അംഗീകാരം പോലും ഏറ്റുവാങ്ങാതെയാണ് ജിനേഷ് യാത്രയായത് എന്നത് സുഹൃത്തുക്കളെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്.

തമിഴ്‌നാട് കൊല്ലങ്കോട്ട് വച്ചാണ് പൂന്തുറ പള്ളിവിളാകം സ്വദേശിയായ മത്സ്യത്തൊഴിലാളി ജിനീഷ് (23) ബൈക്കപകടത്തിൽ മരിച്ചത്. ചിന്നത്തുറയിൽ മത്സ്യബന്ധന ബോട്ടുകളിൽ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തിരുമന്നം ജംക്ഷനിലെ വീതികുറഞ്ഞ റോഡിൽ നിയന്ത്രണംവിട്ട ബൈക്കിൽനിന്നും തെറിച്ച് റോഡിൽ വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പിൻസീറ്റിലിരുന്ന സുഹൃത്ത് ജഗൻ തെറിച്ചു വീണെങ്കിലും ഇയാൾക്കു നിസാര പരിക്കു മാത്രമേ ഉണ്ടയിരുന്നുള്ളൂ. നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാൻ അരമണിക്കൂറോളം വൈകി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നരയോടെ ജിനീഷ് മരിക്കുകയായിരുന്നു. ഇന്നു ഉച്ചയ്ക്ക് 12നു പൂന്തുറ സെന്റ് തോമസ് പള്ളിയിൽ ജിനീഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.