തിരുവനന്തപുരം : പെരിയ കേസിൽ സർക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ മനീന്ദർ സിംഗിന് ഫീസായ 24.50 ലക്ഷം അനുവദിച്ചു ഉത്തരവിറങ്ങി. നിയമ വകുപ്പിൽ നിന്ന് ഇന്നലെയാണ് ( 27422) ഉത്തരവിറങ്ങിയത്. ഫെബ്രുവരി 21 ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറി നിയന്ത്രണം ഈ മാസം 26 മുതൽ ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് 27 ന് പെരിയ കേസിലെ സർക്കാർ അഭിഭാഷകന് 24.50 ലക്ഷം അനുവദിച്ച് ഉത്തരവായിരിക്കുന്നത്. സർക്കാരിന് വേണ്ടപ്പെട്ട കാര്യങ്ങൾക്ക് പണം അനുവദിക്കുകയും ജനങ്ങളുടെ ആവശ്യത്തിന് തുക അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ധനകാര്യ വകുപ്പ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

പെരിയ കേസിൽ ഫീസിനത്തിൽ മാത്രം സർക്കാരിന് ചെലവായത് 88 ലക്ഷം രൂപയാണ്. അഭിഭാഷകരായ രജ്ഞിത്കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് സർക്കാരിനു വേണ്ടി വാദിക്കാൻ എത്തിയത്. പെരിയ കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ഏതു വിധേനയും സിബിഐയെ തടയാനാണ് സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്ത് സർക്കാർ അപ്പീൽ പോയത്.

എന്നാൽ നീതിപീഠത്തിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ് സിബിഐ അന്വേഷണം സാധ്യമായതും സിപിഎമ്മുകാരായ പ്രതികൾ അറസ്റ്റിലായതും. മുൻ എംഎ‍ൽഎ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ 21 പേരാണ് ഇപ്പോൾ പ്രതിസ്ഥാനത്ത്.

2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യുവാക്കൾ കൊല്ലപ്പെടുന്നത്. വാഹനങ്ങളിലെത്തിയ അക്രമി സംഘം കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.2019 സെപ്റ്റംബറിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അടക്കം ഉൾപ്പെട്ടെ രാഷ്ട്രീയ കൊലപാതകമാണ് പെരിയയിൽ നടന്നതെന്നാണ് സിബിഐ കണ്ടെത്തൽ.

പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. 14 പ്രതികളെ നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, ഗൂഢാലോചന, സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ, ആയുധ നിരോധന നിയമം തുടങ്ങി വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.ആയുധ നിരോധന നിയമം, പ്രതികൾക്കു സംരക്ഷണം നൽകൽ എന്നീ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പെരിയ കേസ് സിബിഐ ഏറ്റെടുക്കുന്നത്