- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മെഡികെയർ പദ്ധതി ഒരു തരത്തിലും മുന്നോട്ടു പോകില്ല; പദ്ധതി പാടേ ഉപേക്ഷിക്കാൻ തീരുമാനമായി; അബോട്ടിന്റെ സ്വപ്‌ന പദ്ധതിക്ക് അകാലചരമം
മെൽബൺ: മാസങ്ങൾ നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിൽ മെഡികെയർ കോ പേയ്‌മെന്റ് പാടേ ഉപേക്ഷിക്കാൻ തീരുമാനമായി. മുമ്പ് ഒരിക്കൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് വീണ്ടും മെഡികെയർ കോ പേയ്‌മെന്റ് സംബന്ധിച്ച് ആരോഗ്യമന്ത്രി സൂസൻ ലേ പ്രസ്താവനകൾ നടത്തിയതോടെ പദ്ധതി ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയുണ്ടായി
മെൽബൺ: മാസങ്ങൾ നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിൽ മെഡികെയർ കോ പേയ്‌മെന്റ് പാടേ ഉപേക്ഷിക്കാൻ തീരുമാനമായി. മുമ്പ് ഒരിക്കൽ പദ്ധതി ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത കാലത്ത് വീണ്ടും മെഡികെയർ കോ പേയ്‌മെന്റ് സംബന്ധിച്ച് ആരോഗ്യമന്ത്രി സൂസൻ ലേ പ്രസ്താവനകൾ നടത്തിയതോടെ പദ്ധതി ജീവൻ വയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഒട്ടേറെ സങ്കീർണമായ മെഡികെയർ പ്രാബല്യത്തിൽ വരുത്തിയാൽ അത് അടുത്ത ബജറ്റിനെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി തീർത്തും ഉപേക്ഷിക്കാൻ ധാരണയായത്.
മുമ്പ് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റിനു പകരം മാറ്റങ്ങൾ വരുത്തിക്കൊണ്ട് പദ്ധതി പ്രാബല്യത്തിൽ വരുത്താനായിരുന്നു സർക്കാരിന്റെ ശ്രമം. അതിനാൽ ആരോഗ്യമന്ത്രി ഹെൽത്ത് ഗ്രൂപ്പുകളും ഡോക്ടറുമാരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ലക്ഷ്യം കാണാത്തതിനെ തുടർന്ന് പദ്ധതി എന്നന്നേക്കുമായി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപനമുണ്ടായത്. ഇതോടെ പ്രധാനമന്ത്രി ഉയർത്തിപ്പിടിച്ചിരുന്ന തന്റെ സ്വപ്‌ന പദ്ധതിക്ക് അകാലചരമമായി.
ജിപി കോ പേയ്‌മെന്റ് ഇനത്തിൽ രോഗികളിൽ നിന്ന് സർക്കാർ ഏഴു ഡോളർ ഈടാക്കുമെന്ന് ഒമ്പതു മാസം മുമ്പ് പ്രഖ്യാപനം ഉണ്ടായപ്പോൾ മുതൽ പദ്ധതിക്കെതിരേ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. കൺസഷൻ ഇല്ലാത്ത രോഗികൾക്ക് മേൽ ജിപി വിസിറ്റിന് ചാർജ് ഈടാക്കുന്നത് ഒരു തരത്തിലും അനുവദിക്കില്ല എന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായം. ഏഴു ഡോളർ ജിപി കോ പേയ്‌മെന്റിനു പകരം അഞ്ചു ഡോളർ കോ പേയ്‌മെന്റാക്കി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും അതിനും സ്വീകാര്യത കൈവന്നില്ല.
കാബിനറ്റിന്റെ പൊതുവായ തീരുമാനമാണ് പദ്ധതി ഉപേക്ഷിക്കുകയെന്നത് എന്ന് ടോണി അബോട്ടും വ്യക്തമാക്കിയിട്ടുണ്ട്. സെനറ്റിന്റെ പിന്തുണ ജിപി കോ പേയ്‌മെന്റ് വിഷയത്തിൽ ഇതുവരെ നേടാൻ സാധിച്ചിട്ടില്ലെന്നും അസിസ്റ്റന്റ് ട്രഷറർ ജോഷ് ഫ്രിഡൻബർഗ് പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയയുടെ ആരോഗ്യമേഖല മെച്ചപ്പെടുത്താനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തുവരികയാണെന്നും ട്രഷറർ ജോ ഹോക്കി വെളിപ്പെടുത്തി.