- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖജനാവ് കാലി ആണെങ്കിലും പൊങ്ങച്ചത്തിന് കുറവില്ല; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പ്രതിവാര ടിവി ഷോയ്ക്ക് വേണ്ടി ഇതുവരെ ചെലവഴിച്ചത് 20.29 കോടി; ഈ സാമ്പത്തിക വർഷം നീക്കി വച്ചിരിക്കുന്നത് അഞ്ച് കോടി; ചെലവ് ചുരുക്കലിനെ കുറിച്ച് പ്രസംഗിക്കുന്ന ധനമന്ത്രിക്കും മിണ്ടാട്ടമില്ല; പരിപാടി കൊണ്ട് ആകെ നേട്ടം കൈരളി ചാനലിന് മാത്രം
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ 'നാം മുന്നോട്ട്' എന്ന ടി.വി ഷോയ്ക്ക് വേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് 20.29 കോടി രൂപ. ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച 2022-23 ബജറ്റിനോടൊപ്പം സമർപ്പിച്ച വാർഷിക പദ്ധതിയിലാണ് നാം മുന്നോട്ട് പരിപാടിക്കായി ചെലവാക്കിയ കണക്കിന്റെ വിശദാംശങ്ങൾ ഉള്ളത്.
2017 - 18 മുതൽ 2021-22 വരെ നാം മുന്നോട്ട് പരിപാടിക്കായി 20.29 കോടി രൂപ ചെലവായതായി ബജറ്റ് രേഖകളിൽ നിന്ന് വ്യക്തമാണ്. കൂടാതെ ഈ സാമ്പത്തിക വർഷം ( 2022 23 ) 5 കോടി രൂപയാണ് പ്രസ്തുത പരിപാടിക്കായി നീക്കി വച്ചിരിക്കുന്നത്. ഈ പരിപാടി കൊണ്ട് നാടിന് എന്തെങ്കിലും ഗുണമുണ്ടായതായി വ്യക്തമല്ല. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടു നിൽക്കുമ്പോൾ ജനത്തിന് യാതൊരു പ്രയോജനവും ലഭിക്കാത്ത ഇതു പോലുള്ള പരിപാടികൾ മാറ്റി വയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാവുകയാണ് വേണ്ടത്.
ചെലവ് ചുരുക്കലിനെ പറ്റി നാഴികക്ക് നാൽപതുവട്ടം പറയുന്ന ധനമന്ത്രി ബാലഗോപാലിന് മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടി സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റി വയ്ക്കണം എന്ന് പറയാൻ നാവ് പൊന്തില്ല. നാം മുന്നോട്ട് എന്ന പരിപാടി ഷൂട്ട് ചെയ്യാൻ ഫ്‌ളോർ അനുവദിച്ച വകയിൽ പാർട്ടി ചാനലായ കൈരളിക്ക് ലഭിച്ചത് ലക്ഷങ്ങളാണ്.
നാം മുന്നോട്ട് പരിപാടിക്കായി 2017 - 18 മുതൽ 2021-22 വരെ ചെലവായ തുക ചുവടെ:
2017-18 - 232.55 ലക്ഷം
2018 - 19- 498. 99 ലക്ഷം
2019 -20 - 473.38 ലക്ഷം
2020-21 - 549.90 ലക്ഷം
2021-22 - 275 ലക്ഷം
സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ജനതാത്പര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രതിവാര ടെലിവിഷൻ പരിപാടിയായ 'നാം മുന്നോട്ട് ' എന്ന പേരിലാണ് ഈ പ്രോഗ്രാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരംഭിച്ചത്.
'നാം മുന്നോട്ടി ' ന്റെ ആദ്യ സംപ്രേഷണം 2017 ഡിസംബർ 31 നായിരുന്നു. ഒട്ടുമിക്ക മലയാളം വാർത്താ ചാനലുകളിലും സർക്കാർ കാശ് നല്കി അരമണിക്കൂർ വീതം ഈ പരിപാടി കാണിക്കുന്നു ണ്ടായിരുന്നു. 'നാം മുന്നോട്ട് ' ഷൂട്ട് ചെയ്യാൻ പാർട്ടി ചാനലായ കൈരളിക്ക് തുക വർധിപ്പിച്ചു നൽകിക്കൊണ്ട് സർക്കാർ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിലവിൽ ഒരു എപ്പിസോഡിന് 2.32 ലക്ഷമാണ് കൈരളിക്ക് ലഭിക്കുന്നത്.
ഈ തുക അപര്യാപ്ത മാണെന്നും, ഒരു ഷൂട്ടിൽ രണ്ട് എപ്പിസോഡുകൾ മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ ഒരു എപ്പിസോഡിന് മൂന്ന് (3) ലക്ഷം രൂപയും ജിഎസ് റ്റിയും, ഒരു ഷൂട്ടിൽ ഒരു എപ്പിസോഡ് മാത്രമേ ലഭിക്കുന്നുള്ളുവെങ്കിൽ അഞ്ച് ( 5 ) ലക്ഷം രൂപയും ജി എസ് റ്റിയും ലഭിക്കണ മെന്നും കൈരളി ചാനൽ ആവശ്യപ്പെടുകയായിരുന്നു. മാർച്ച് 28 ന് കൈരളി ചാനലിന്റെ ഈ ആവശ്യം സർക്കാർ അംഗീകരിക്കുകയും പി.ആർ.ഡി ഇത് സംബന്ധിച്ച ഉത്തരവിറക്കുകയും ചെയ്തു.
കൂടാതെ പരിപാടിക്ക് എത്തുന്ന അതിഥികളുടെ യാത്ര, താമസ ചെലവ്, ഷൂട്ടിങ്ങ് റദ്ദാക്കുക തുടങ്ങിയവയുടെ യഥാർത്ഥ ചെലവുകളും കൈരളിക്ക് അനുവദിച്ചിട്ടുണ്ട്.ഇത്തരമൊരു കരാർ നൽകുന്നതിന് മുമ്പായി താൽപര്യ പത്രം ക്ഷണിക്കുകയോ ടെണ്ടർ വിളിക്കുകയോ ചെയ്തിട്ടില്ല. ഏക പക്ഷീയ മായി കൈരളിക്ക് ഈ പരിപാടി ഷൂട്ട് ചെയ്യാൻ അനുമതി നൽകയായിരുന്നു.
നാം മുന്നോട്ട് എന്ന പരിപാടിയുടെ വാർഷിക ബജറ്റ് ആറ് (6) കോടി രൂപയാണ്. നാം മുന്നോട്ട് എന്ന പരിപാടി കൊണ്ട് ആകെ നേട്ടം പാർട്ടി ചാനലായ കൈരളിക്ക് മാത്രമാണ്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിക്കുന്ന പരിപാടിക്ക് സി ഡിറ്റ് ആണ് സാങ്കേതിക സഹായം നൽകുന്നത്.