തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ പണം ചോദിക്കുമ്പോൾ കൈമലർത്തുന്നതിന് ഒരുകാരണവും ഇതുതന്നെ. ഇതൊക്കെയാണ് പശ്ചാത്തലമെങ്കിലും, സർക്കാർ ആവശ്യങ്ങൾക്കായി വില പിടിപ്പുള്ള കാറുകൾ വാങ്ങിക്കൂട്ടുന്നതിൽ ഒരുതടസ്സവും നേരിടുന്നില്ല. മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി കഴിഞ്ഞ ഡിസംബർ അവസാനം വാങ്ങിയ കറുത്ത ഇന്നോവ ഉപേക്ഷിച്ച് പുതുപുത്തൻ കിയാ കാർണിവൽ കാർ വാങ്ങാൻ കഴിഞ്ഞാഴ്ച തീരുമാനിച്ചിരുന്നു. ഇതിന് 33,31,000 രൂപ വില വരും. മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാനാണ് തീരുമാനം. ഇതിന് പുറമേ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്ത് നിർമ്മാണത്തിന് തുക അനുവദിച്ചതും ചർച്ചയായി. ഏറ്റവും ഒടുവിൽ,അഡ്വക്കേറ്റ് ജനറലിന് കാർ വാങ്ങാനുള്ള തീരുമാനവും വിവാദമായിരിക്കുകയാണ്.

ധനവകുപ്പിന്റെയും, ധനമന്ത്രിയുടെയും എതിർപ്പ് മറികടന്നാണ് തീരുമാനം. അഞ്ച് വർഷം പഴക്കവും 86,000 കി.മീ മാത്രം ഓടിയതുമായ കാർ മാറ്റുന്നതിനോട് ധനവകുപ്പിന് ഒട്ടും യോജിപ്പില്ലായിരുന്നു. എന്നാൽ, അത് കണക്കാക്കാതെ, 16 ലക്ഷത്തി പതിനെണ്ണായിരം രൂപ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

2017 ൽ വാങ്ങിയ ടൊയോട്ട അൽറ്റിസ് കാറാണ് അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉപയോഗിക്കുന്നത്. ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 16,186,30 രൂപ അനുവദിക്കണം എന്നാവശ്യപ്പെട്ട് എജിയുടെ ഓഫീസ് മാർച്ച് 10നാണ് കത്ത് നൽകിയത്. എന്നാൽ, 86,552 കി.മീ ദൂരം മാത്രം ഓടിയ കാർ എന്തിന് മാറ്റുന്നുവെന്നായിരുന്നു ധനവകുപ്പിന്റെ ചോദ്യം. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നും വകുപ്പ് ഫയലിൽ രേഖപ്പെടുത്തി.

ഫയൽ ധനമന്ത്രിയുടെ മുന്നിൽ വന്നപ്പോഴും തൽക്കാലം പുതിയ വാഹനം വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, തുക അനുവദിക്കാവുന്നതാണെന്ന നിയമമന്ത്രിയുടെ ശുപാർശ പരിഗണിച്ച് ജൂൺ 8 ന് തുകയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് 33 ലക്ഷം രൂപ ചെലവാക്കി പുതിയ കാർ വാങ്ങുന്നത് തന്നെ വിവാദമായിരിക്കെയാണ് പുതിയ ചെലവും അടിച്ചേൽപ്പിക്കുന്നത്. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾക്ക് പുറമേയാണ് മുഖ്യമന്ത്രി പുതിയ കാർ വാങ്ങുന്നത്. കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് പുതുതായി വാങ്ങുന്നത്. കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞാണ് പുതിയ കാർ വാങ്ങാനുള്ള തീരുമാനം.

സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങുന്നത്. ഇതുസംബന്ധിച്ച ആഭ്യന്തര സെക്രട്ടറി ടികെ ജോസിന്റെ ഉത്തരവ് ഈ മാസം 24ന് പുറത്തിറങ്ങി.

2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയർ കാറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. ഇതോടെ പുതിയ ഉത്തരവിൽ ആകെ ചെലവ് 88.69 ലക്ഷമായി ഉയർന്നു. കാർണിവലിന്റെ വില മാത്രം 33.31 ലക്ഷം രൂപയാണ്.

നിലവിലുള്ള മൂന്ന് ക്രിസ്റ്റ കാറുകളും പുതുതായി വാങ്ങുന്ന കിയ കാർണിവലും മുഖ്യമന്ത്രിയുടെ പൈലറ്റ് എസ്‌കോർട്ട് ഡ്യൂട്ടിക്കാണെന്നാണ് ഉത്തരവിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനാണ് പുതിയ കിയ ലിമോസിനെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാനത്ത് ചെലവുകൾക്ക് കർശന നിയന്ത്രണമുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് വേണ്ടി ആറ് മാസത്തിനകം ലക്ഷങ്ങൾ മുടക്കി പുതിയൊരു കാർ കൂടി വാങ്ങുന്നത്.