ന്യൂഡൽഹി: ഇന്ത്യയിൽ കോർപ്പറേറ്റ് സംസ്‌ക്കാരം അതിവേഗം വളർത്തിയ ഭരണാധികാരി ആരെന്ന് ചോദിച്ചാൽ ആദ്യം പറയുക യുപിഎ സർക്കാറിന്റെ കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്മോഹൻ സിംഗിനെ തന്നെയാകും. ഒന്നാം യുപിഎ സർക്കാർ തുടങ്ങിവച്ച സാമ്പത്തിക പരിഷ്‌ക്കരണ പദ്ധതികളുടെ ചുവടു പിടിച്ചാണ് പിന്നീട് രണ്ടാം യുപിഎ സർക്കാറും കരുക്കൾ മുന്നോട്ട് നീക്കിയത്. എന്നാൽ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാൽ പരിഷ്‌ക്കാരങ്ങളെ മുന്നോട്ടു കൊണ്ടുപോകാൻ മന്മോഹൻ സിംഗിന് സാധിക്കില്ലെന്ന ഘട്ടത്തിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കോർപ്പറേറ്റുകളുടെ അകമഴിഞ്ഞ പിന്തുണയോടെ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയത്. മന്മോഹൻ സിങ് തുടക്കിവച്ച ഉദാരവൽക്കരണ നയങ്ങളുടെ തുടർച്ച തന്നെയാണ് മോദി പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച പൊതുബജറ്റ്.

രാജ്യത്തെ കോർപ്പറേറ്റുകൾക്കും ഇന്ത്യയിൽ നിക്ഷേപം ഇറക്കാൻ ആഗ്രഹിക്കുന്ന വിദേശ ഭീമന്മാർക്കും സന്തോഷം നൽകുന്ന ബജറ്റാണ് അരുൺ ജെയ്റ്റ്‌ലിയുടേത്. കോർപ്പറേറ്റ് നികുതിയിൽ അഞ്ച് ശതമാനത്തിന്റെ കുറവു വരുത്തിയത് തന്നെയാണ് ഇവരെ സന്തോഷിപ്പിക്കുന്ന പ്രധാന കാര്യം. നിലവിലുള്ള 30 ശതമാനത്തിൽ 25 ശതമാനമാക്കി നികുതി നാല് വർഷത്തിനുള്ളിൽ കുറയ്ക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപനം. ഇതിൽ ഏറ്റവും സന്തോഷിക്കുന്നത് നികുതി കുരുക്കിൽപ്പെട്ട വൊഡാഫോൺ കമ്പനിയാകും. ഈ വൻകിട കോർപ്പറേറ്റ് ഭീമന്റെ 3000ത്തിലേറെ വരുന്ന നികുതി കുടിശ്ശികയാണ് അടുത്തിടെ കേന്ദ്രസർക്കാർ എഴുതി തള്ളിയത്. ഇതിന്റെ പേരിൽ വിദേശത്തെ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം ഇറക്കാൻ വൈമനസ്യം പ്രകടിപ്പിച്ചിരിക്കയായിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ കോർപ്പറേറ്റുകൾക്ക് ഇന്ത്യയിലേക്ക് സ്വാഗതമെന്ന വ്യക്തമായ സന്ദേശമാണ് അരുൺ ജെയ്റ്റ്‌ലി നൽകുന്നത്.

പൊതു തുറമുഖങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കും എന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. തുറമുഖ വികസനം വേഗത്തിലാകാൻ സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്ന നിലപാടാണ് മുൻ യുപിഎ സർക്കാറിന്റേത്. ഇതേ നിലപാട് തന്നെയാണ് മോദി സർക്കാരും പിന്തുടർന്നത്. നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ ഗുജറാത്തിലെ വ്യവസായി ഗൗതം അദാനിയെ സന്തോഷിപ്പിക്കുന്നാണ് തുറമുഖങ്ങളിലെ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന തീരുമാനം. തുറമുഖ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ് അദാനിയുടേത്. ഇപ്പോഴത്തെ തീരുമാനത്തോടെ തന്റെ വ്യവസായ സാമ്രാജ്യം കൂടുതൽ വികസിപ്പിക്കാം എന്ന വിലയിരുത്തലിലാകും ഗൗതം അദാനി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അദാനി ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലേക്ക് വളർന്നത്. മോദിയുടെ വളർച്ചക്കൊപ്പം വളർന്ന ഗൗതം അദാനിക്ക് തന്നെയാകും രാജ്യത്തെ പൊതുമേഖലാ തുറമുഖങ്ങൾ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമ്പോൾ ഏറ്റവും ഗുണം ലഭിക്കുക.

നിലവിൽ രാജ്യത്ത് 12 പ്രധാന തുറമുഖങ്ങൾ വഴിയാണ് രാജ്യത്തെ 61 ശതമാനം കാർഗോകളും എത്തുന്നത്. കണ്ട്‌ല, മുംബൈ, ജവഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റ്, മാർമുഗോവ, ന്യൂ മാംഗ്ലൂർ, കൊച്ചി, ചെന്നെ, എന്നുർ, വിശാഖപട്ടണം, കൊൽക്കത്ത തുറമുഖങ്ങളാണ് ഇവ. പൊതുമേഖലയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന തുറമുഖങ്ങളെ സ്വകാര്യ വൽക്കരിക്കാനുള്ള നീക്കം മേഖലയെ തകർക്കുമെന്ന കാണിച്ച് തൊഴിലാളികൾ മാർച്ച് ഒമ്പതിന് പണിമുടക്കും ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് എന്തുകൊണ്ടും മികച്ചതാണെന്ന നിരീക്ഷണത്തിലാണ് കോർപ്പറേറ്റ് ലോകം. ഇന്ത്യയിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന ബജറ്റ് രാജ്യത്തെ കുതിപ്പിന് വഴിവെക്കുമെന്നും വിലയിരുത്തുന്നു. ഭൂമി ഏറ്റെടുക്കൽ നിയമം കൂടി പാർലമെന്റിൽ പാസാക്കിയാൽ രാജ്യത്ത് വിദേശ നിക്ഷേപം കൂടുതലായി എത്തുമെന്നും വിലയിരുത്തപ്പെടുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ വൻ കുതിച്ചുചാട്ടം തന്നെയാണ് ഇന്ത്യൻ വ്യവസായ ലോകം പ്രതീക്ഷിക്കുന്നത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഉണർവേകുന്ന നിരവധി പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

ഇൻഷുറൻസ് പദ്ധതി ജൻ ധൻ യോജനയുമായി ബന്ധിപ്പിക്കുന്നത് ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും ഒരുപോലെ ഉണർവേകുമെന്നാണ് പ്രതീക്ഷ. ജൻ ധർ യോജന പോസ്റ്റ് ഓഫീസുകളിലേക്കെന്ന പ്രഖ്യാപനവും ഇതോടൊപ്പമുണ്ട്. ഇത് പോസ്റ്റ് ഓഫീസുകളെ കൂടുതൽ ക്രിയാത്മകമാക്കും. സ്റ്റാർട്ട് അപ്പ്് പദ്ധതികൾക്കായി 10,000 കോടി നീക്കിവച്ചത് യുവാക്കൾക്കും ഗുണകരമായുമെന്നത് ഉറപ്പാണ്. അടിസ്ഥാന വികസനത്തിന് 70,000 കോടിയാണ് ബജറ്റിലെ നീക്കിയിരുപ്പ്. ഓഹരി വിപണിയുടെ നിയന്ത്രണത്തിന് പുതിയ സംവിധാന ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ആഭ്യന്തര കടവും വിദേശ കടവും പുതിയ ഏജൻസിയുടെ കീഴിലാക്കുമെന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷക്ക് വകനൽകുന്നതാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.