ന്യൂഡൽഹി: തമിഴ്‌നാട് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. അണ്ണാ ഡിഎംകെയിലെ അധികാര തർക്കവും തുടരുന്നു. ഇതിനെല്ലാം പിന്നിൽ കേന്ദ്രസർക്കാരാണെന്ന അഭ്യൂഹവമുണ്ട്. മക്കൾ തിലകം എംജിആറിന്റെ പൈതൃകത്തിനായി തമിഴ്‌നാട്ടിൽ അടി മൂക്കുമ്പോൾ എഐഎഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്മുഖ്യമന്ത്രിയുമായ എംജിആറിന്റെ നൂറാം ജന്മവർഷത്തിൽ അദ്ദേഹത്തെ ആദരിക്കാനായി കേന്ദ്രസർക്കാർ 100 രൂപ നാണയം പുറത്തിറക്കുന്നു. 4.4 സെന്റിമീറ്റർ വ്യാസവും 35 ഗ്രാം തൂക്കവും നാണയത്തിനുണ്ടാകും.

ഒരു വശത്ത് എംജിആറിന്റെ മുഖച്ചിത്രവും മറുവശത്ത് അശോകസ്തംഭവും ആലേഖനം ചെയ്താണു നാണയം ഇറക്കുക. പുതിയ അഞ്ചുരൂപ നാണയങ്ങളും ഇതോടൊപ്പം ഇറക്കും. എംജിആറിന്റെ നൂറാം ജന്മവർഷത്തിൽ പ്രത്യേക നാണയവും തപാൽ സ്റ്റാംപും പുറത്തിറക്കണമെന്നു തമിഴ്‌നാട് സർക്കാർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് മോദി സർക്കാർ അംഗീകരിക്കുന്നത്. തമിഴ്‌നാട്ടിലേക്കുള്ള രാഷ്ട്രീയ കണ്ണാണ് ഇതിന് പിന്നിലെന്ന ആരോപണവും സജീവമാണ്.

ഇന്ത്യൻ സിനിമയിലും രാഷ് ട്രീയത്തിലും അത്യപൂർവമായ സ്ഥാനം നേടിയ വ്യക്തിത്വമാണ് എംജിആർ എന്ന മരത്തൂർ ഗോപാല രാമചന്ദ്രൻ. ഒരു പക്ഷേ, ഇന്ത്യയിൽ സിനിമയും രാഷ്ട്രീയവും തമ്മിൽ ബന്ധിപ്പിച്ചതും അദ്ദേഹമായിരുന്നു. തമിഴ് നാട്ടിലെ ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ അദ്ദേഹം പുരട്ചി തലൈവറാണ് (വിപ്ലവ നായകൻ). ചലച്ചിത്ര നടനിൽനിന്നു രാഷ്ട്രീയക്കാരന്റെ കുപ്പായത്തിലേക്കും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായുമുള്ള എംജിആറിന്റെ വളർച്ചയിൽ പ്രതിസന്ധികളിൽ തളരാതെയുള്ള പോരാട്ടത്തിന്റെ ചരിത്രം കൂടിയുണ്ട്.

ശ്രീലങ്കയിലെ കാൻഡിക്ക് അടുത്തുള്ള നാവലപിതിയയിലാണ് എംജിആറിന്റെ ജനനം. ബുദ്ധഭിക്ഷുക്കളുടെ കേന്ദ്രമായിരുന്നു കാൻഡി. മരത്തൂർ ഗോപാലമേനോന്റെയും സത്യഭാമയുടെയും ഇളയമകനായാണ് രാമചന്ദ്രൻ ജനിച്ചത്. അമ്മ സത്യഭാമയുടെ സ്വദേശം കേരളത്തിലെ പാലക്കാട് ജില്ലയിലെ മരത്തൂർ ആയിരുന്നു. എംജിആറിനു മൂന്നു വയസുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചു. പിന്നീട് സ്വപ്‌നസമാനമായ യാത്രയിലൂടെ തമിഴക സിനിമയിലെ സൂപ്പർതാരമായി. മുഖ്യമന്ത്രിയും. സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച നായകരെല്ലാം നന്മനിറഞ്ഞവരും ജനങ്ങളോടു വലിയ അനുകമ്പയുള്ളവരുമായിരുന്നു. സിനിമയ്ക്കു പുറത്ത് ജീവിതത്തിലും അതു നിലനിർത്താൻ അദ്ദേഹം ശ്രമിച്ചു. അതാണ് അദ്ദേഹത്തെ രാഷ് ട്രീയക്കാരനാക്കിയതും.

അണ്ണാ ഡിഎംകെ പാർട്ടി രൂപീകരിച്ച അദ്ദേഹം ഏവരേയും അമ്പരപ്പിച്ചുകൊണ്ട് 1977 ൽ അണ്ണാ ഡിഎംകെ തമിഴ്‌നാടിന്റെ ഭരണം പിടിച്ചു. സ്വാഭാവികമായി മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമുണ്ടായില്ല. എംജിആർ തന്നെ. പിന്നീട്, ആ സ്ഥാനത്തു നിന്ന് അദ്ദേഹം ഒഴിഞ്ഞില്ല. 1987ൽ മരണം കൂട്ടിക്കൊണ്ടു പോകുമ്പോഴും അദ്ദേഹം തന്നെയായിരുന്നു തമിഴ്‌നാടിന്റെ മുഖ്യമന്ത്രി. എംജിആറിനു മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു. ആദ്യ ഭാര്യ തങ്കമണിയും രണ്ടാംഭാര്യ സദാനന്ദവതിയും മരിച്ചതിനു ശേഷമാണ് വി.എൻ. ജാനകിയെ എംജിആർ വിവാഹം കഴിച്ചത്. എംജിആർ മരിച്ചിട്ടു മൂന്നു പതിറ്റാണ്ടുകളായെങ്കിലും ഇന്നും തമിഴ്‌നാട്ടിൽ അദ്ദേഹത്തിന്റെ കട്ടൗട്ടുകൾ എങ്ങും നിറയുന്നു.

എംജിആറിന്റെ രാഷ്ട്രീയ പിൻഗാമിയായ ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലാണ് അണ്ണാ ഡിഎംകെയും തമിഴക രാഷ്ട്രീയവും. ഈ സാഹചര്യത്തിലാണ് ജനനായകന്റെ ജനശതാബ്ദി എത്തുന്നതും.