- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കുകളിലെ ഉടമസ്ഥരെത്താത്ത നിക്ഷേപം സർക്കാർ ഏറ്റെടുക്കുന്നു; 500 കോടി രൂപയിലേറെ ആളില്ലാ നിക്ഷേപങ്ങൾ ഉണ്ടെന്ന് കണക്കുകൾ; ഏറ്റെടുക്കുക കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപങ്ങൾ; കടക്കെണിയിലായ സംസ്ഥാന സർക്കാർ ദൈനംദിന ചെലവ്ക്കായി മറ്റൊരു മാർഗ്ഗം കൂടി കണ്ടെത്തുമ്പോൾ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ശമ്പളവും പെൻഷനും കൊടുക്കണമെങ്കിൽ പോലും വലിയ പ്രതിസന്ധിയാണ് സർക്കാറിന് മുന്നിലുള്ളത്. ഇതിനിടെയാണ് ഖജനാവിലേക്ക് പണം കണ്ടെത്താൻ സർക്കാർ പുതുവഴിയുമായി രംഗത്തുവന്നിരിക്കുന്നത്. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലല്ലാത്ത സഹകരണബാങ്കുകളിലെയും സഹകരണസംഘങ്ങളിലെയും ഉടമസ്ഥരെത്താത്ത നിക്ഷേപം ഏറ്റെടുക്കാനാണ് സർക്കാർ തീരുമാനം.
ഇത് സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിലേക്ക് മാറ്റാനാണ് ഉദ്ദേശിക്യുന്നത്. 500 കോടി രൂപയിലേറെ ഇത്തരത്തിൽ സഹകരണ ബാങ്കുകളിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതുകൂടി ഉൾപ്പെടുത്തി സഹകരണസംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷ ഉറപ്പാക്കുംവിധം സഹകരണനിക്ഷേപ ഗാരന്റി സ്‌കീം പരിഷ്‌കരിക്കും.
കാലാവധി പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും പിൻവലിക്കാത്ത നിക്ഷേപമാണ് സർക്കാർ ഏറ്റെടുക്കുക. പത്തുവർഷമായി ഇടപാട് നടത്താതെ കിടക്കുന്ന എസ്.ബി. അക്കൗണ്ടിലെ പണവും സംഘങ്ങളിൽനിന്ന് ഗാരന്റി ബോർഡിലേക്ക് മാറ്റും. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലെയും 13,500 പ്രാഥമിക സഹകരണ സംഘങ്ങളിലെയും നിക്ഷേപമാണ് മാറ്റുന്നത്. ഈ നിക്ഷേപത്തിന് പിന്നീട് അവകാശികളെത്തിയാൽ അവ പലിശസഹിതം സംഘങ്ങൾ നൽകണം. നൽകിയ തുക പിന്നീട് സംഘത്തിന് സർക്കാർ അനുവദിച്ചുനൽകും. ഈ രീതിയിലാണ് വ്യവസ്ഥകൾ ക്രമീകരിക്കുന്നത്.
വാണിജ്യബാങ്കുകളിലെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെയും ഉടമസ്ഥരെത്താത്ത പണം ആർ.ബി.ഐ.ക്ക് കൈമാറണം. കേരളബാങ്കും അർബൻ സഹകരണ ബാങ്കുകളും മലപ്പുറം ജില്ലാബാങ്കും ഇത്തരത്തിൽ റിസർവ് ബാങ്കിനാണ് പണം നൽകേണ്ടത്. മറ്റു സഹകരണസംഘങ്ങളിലെ പിൻവലിക്കപ്പെടാത്ത പണം നിലവിൽ അതത് സംഘങ്ങളിൽതന്നെയാണ് സൂക്ഷിക്കുന്നത്.
നിക്ഷേപ ഗാരന്റിക്കായി സഹകരണസംഘങ്ങൾ ബോർഡിലേക്ക് അടയ്ക്കുന്ന വിഹിതം പുനർനിശ്ചയിക്കാനും സഹകരണവകുപ്പ് തീരുമാനിച്ചു. ഓരോവർഷവും സംഘത്തിന്റെ മൊത്തം നിക്ഷേപത്തിന് 100 രൂപയ്ക്ക് നാലുപൈസയെന്ന രീതിയിൽ വിഹിതം നൽകണമെന്നാണ് പുതിയവ്യവസ്ഥ. നിക്ഷേപ ഗാരന്റി രണ്ടിൽനിന്ന് അഞ്ചുലക്ഷമാക്കി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു സംഘം സാമ്പത്തികപ്രതിസന്ധിയിലായി പ്രവർത്തനം അവസാനിപ്പിക്കുന്ന ഘട്ടത്തിൽമാത്രമേ ഗാരന്റി തുക നൽകൂ.
നേരത്തെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സർക്കാർ സഹകരണ സംഘങ്ങളെ സഹായിക്കാൻ 500 കോടിയുടെ സഞ്ചിതനിധി രൂപീകരിച്ചിരുന്നു. തട്ടിപ്പിനെത്തുടർന്നു പ്രതിസന്ധിയിലായ കരുവന്നൂർ ബാങ്കിലെ അംഗങ്ങളുടെ സ്വത്തു കണ്ടുകെട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
സഹകരണ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായാണു സഞ്ചിതനിധി രൂപീകരിക്കുന്നത്. പ്രതിസന്ധിയിലായ ഓരോ സഹകരണ സ്ഥാപനത്തെക്കുറിച്ചും പഠിച്ചു പോരായ്മകൾ പരിഹരിക്കും. തട്ടിപ്പുകൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാവുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യും. സഹകരണ സംഘം പൂട്ടിപ്പോയാൽ നിക്ഷേപകർക്കു പരമാവധി 2 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണു നിലവിൽ നിക്ഷേപ ഗാരന്റി ബോർഡിലൂടെ ലഭ്യമാക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ 5 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ബോർഡിന്റെ വ്യവസ്ഥകളിലും മാറ്റം കൊണ്ടുവരും.
കരുവന്നൂർ സഹകരണ ബാങ്കിനു കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചു നൽകാനായി 35 കോടി രൂപ അടിയന്തരമായി വകയിരുത്തിയിട്ടുണ്ട്. കേരള ബാങ്കിൽ നിന്ന് 25 കോടിയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്നു 10 കോടിയും ഇതിനായി ലഭ്യമാക്കും. ബാങ്കിന്റെ കൈവശമുള്ള സ്വർണത്തിന്റെയും മറ്റു ബാധ്യതകളിൽ പെടാത്ത സ്ഥാവര വസ്തുക്കളുടെയും ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുക. ബാങ്കിൽ ആകെ നിക്ഷേപം 284.61 കോടി രൂപയും പലിശ കൊടുക്കാനുള്ളത് 10.69 കോടിയുമാണ്.
മറുനാടന് മലയാളി ബ്യൂറോ