ന്യൂഡൽഹി: 2002ലെ ഗോധ്ര കലാപത്തിൽ തകർന്ന മതസ്ഥാപനങ്ങൾ സർക്കാർ ചെലവിൽ നിർമ്മിച്ചു നൽകണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കലാപത്തിൽ തകർക്കപ്പെട്ട ആരാധനാലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ഗുജറാത്ത് സർക്കാർ ചെലവുവഹിക്കേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കലാപത്തിൽ തകർന്ന വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും 50,000 രൂപ വീതമാണ് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയത്. ഇതുതന്നെ മതസ്ഥാപനങ്ങൾക്കും നൽകിയാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. പന്ദ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
കലാപത്തിൽ തകർക്കപ്പെട്ട 500-ൽ അധികം മതസ്ഥാപനങ്ങൾ സർക്കാർ ചെലവിൽ നിർമ്മിച്ചു നൽകണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഈ വിധി.

കേടുപാടു സംഭവിച്ച ആരാധനാലയങ്ങൾ പുനഃർനിർമ്മിക്കുന്നതിന് നികുതിദായകരുടെ പണം ഉപയോഗിക്കുന്നത് നിയമപ്രകാരം ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. സ്വാതന്ത്ര്യനന്തര ഇന്ത്യ കണ്ട് ഏറ്റവും വലിയ കലാപമായിരുന്നു ഗോധ്രാ കലാപം. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 800 മുസ്ലീങ്ങളും 250ൽ അധികം ഹിന്ദുക്കളുമാണ് 2002ലെ കലാപത്തിൽ കൊല്ലപ്പെട്ടത്.
........