ആലപ്പുഴ: അതേ ഗൗരിയമ്മ തനിച്ചാകുകയാണ്. 96-ാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ അവർ പ്രതീക്ഷിച്ചിരുന്ന പ്രമുഖരാരുമെത്തിയില്ല. ഇക്കുറി വിപ്ലവനായികയ്ക്ക് പിറന്നാളൊരുക്കാനെത്തിയത് നാട്ടുകാരും ബന്ധുക്കളും മാത്രം.

ആയിരങ്ങളെത്തുമെന്ന് ഗൗരിയമ്മ തന്നെ പറഞ്ഞതാണ്. സാധാരണ ജന്മദിനം ആഘോഷിക്കാൻ പ്രമുഖനേതാക്കളെല്ലാം എത്തുമായിരുന്നു. ഇത്തവണ പേരിനായെത്തിയത് ഇടതുമുന്നണി കൺവീനർ വൈക്കം വിശ്വൻ മാത്രം. പ്രാദേശിക നേതാക്കളുമായെത്തിയ കൺവീനർ അഞ്ചു മിനിട്ട് ചെലവിട്ട് പെട്ടെന്ന് സ്ഥലം കാലിയാക്കി.

പതിവിന് വിപരീതമായി പിറന്നാൾ ആഘോഷങ്ങൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയ ഗൗരിയമ്മ രാവിലെ പത്തിന് തന്നെ വേദിയിലെത്തി വി ഐ പി കളെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ആരും എത്തിയില്ല. ഗൗരിയമ്മയ്ക്ക് സി പി എമ്മിലെക്ക് ആദ്യക്ഷണവുമായെത്തിയ സ്ഥലം എം എൽ എ കൂടിയായ തോമസ് ഐസക്ക് ഇന്നലെ ആ പ്രദേശത്തേക്ക് എത്തിനോക്കി പോലുമില്ല. ഒരുവിളിപ്പാടകലെയുള്ള അമ്പലപ്പുഴ എം എൽ എ ജി സുധാകരനും എത്തിയില്ല. സ്വന്തം കൂട്ടുകാരനും പുന്നപ്രവയലാർ അടക്കമുള്ള സമരങ്ങളിൽ സഹകാരിയുമായ വി എസ്സും കുഞ്ഞമ്മയെ കാണാൻ എത്തിയില്ല.

യു ഡി എഫ് നേതാക്കളാകട്ടെ പിറന്നാൾ ആഘോഷസ്ഥലത്തുനിന്നും ഓടിയൊളിക്കുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രി അടക്കമുള്ളവർ പിറന്നാൾ ആഘോഷങ്ങൾക്കായെത്തി ഉണ്ടും ഉറങ്ങിയും പോയിരുന്ന കാലം ഓർക്കാൻ മാത്രമേ ഗൗരിയമ്മയ്ക്കു കഴിഞ്ഞുള്ളൂ. കേരളം നിറഞ്ഞു നിന്നിരുന്ന ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് ഇന്ന് ശ്മശാനമൂകമാണ്. ആളും ആരവവുമില്ല. എന്നും സജീവമായിരുന്ന വീട്ടുമുറ്റത്ത് ഇന്ന് സർക്കാർ ബോർഡ് വച്ച കാറുകളില്ല. ചർച്ചയ്ക്കായെത്തുന്ന നേതാക്കളില്ല. ആവലാതികൾ പറയാൻ ജനങ്ങളുമില്ല. അടഞ്ഞു കിടക്കുന്ന മുറിക്കുള്ളിൽ നേരം ഏറെ വെളുത്തിട്ടും ഉറക്കമുണരാതെയും പുറത്തേക്ക് ഇറങ്ങാൻ വിമുഖതകാട്ടിയും ഗൗരിയമ്മ ദിനങ്ങൾ തള്ളുന്നു. വീട് സംരക്ഷിക്കാൻ പേരിന് സർക്കാർ അനുവദിച്ച ഗൺമാൻ മാത്രമാണുള്ളത്.

ഏറ്റവും ഒടുവിൽ, സി പിഎമ്മിലേക്ക് പുനപ്രവേശനം ആഗ്രഹിച്ച ഗൗരിയമ്മയെ സ്വീകരിച്ചുകൊള്ളാമെന്ന മുൻനിര നേതാക്കൾ നൽകിയ ഉറപ്പ് പാളിയതാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിൽ കനത്ത തിരിച്ചടിയുണ്ടാക്കിയത്. യു ഡി എഫ് വിടാൻ കാരണവും അവസാനനാളുകളിൽ കമ്മ്യൂണിസ്റ്റുകാരിയായി ജീവിക്കാനുള്ള ഗൗരിയമ്മയുടെ കൊതിയായിരുന്നു. എന്നാൽ യു ഡി എഫ് വിട്ട ഗൗരിയമ്മയെ സി പി എമ്മിന് ഇതുവരെയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവിൽ ഇടതുമുന്നണി വികസിപ്പിക്കില്ലെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കൂടി പുറത്തുവന്നപ്പോൾ ഗൗരിയമ്മയ്ക്ക് ഉണ്ടായിരുന്ന പ്രതീക്ഷയും അസ്ഥാനത്തായി.

രാഷ്ട്രീയമായി പിന്തള്ളപ്പെട്ടെങ്കിലും ജാതീയമായ പരിഗണനയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഗൗരിയമ്മയ്ക്ക് ആ പ്രതീക്ഷയും പോയി. വെള്ളാപ്പള്ളി നടേശനും ഗൗരിയമ്മയെ തഴഞ്ഞ് രാജൻബാബുവിനെ തുണച്ചപ്പോഴാണ് കാര്യങ്ങൾ കൂടുതൽ കുഴപ്പമായത്. രാഷ്ട്രീയമായും ജാതീയമായും പിന്തള്ളപ്പെട്ട ഈ പടനായികയെ സി പി എം ഏറ്റെടുത്തതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. നേരത്തെ യു ഡി എഫ് നേതാക്കളുടെ വൻപട തന്നെ ഗൗരിയമ്മയുടെ എല്ലാവിഷയത്തിലും ഇടപെട്ടിരുന്നെങ്കിൽ ഇന്ന് അതും നിലച്ചു. ഇപ്പോൾ ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ലെന്ന അവസ്ഥയാണ് ഈ പഴയ വിപ്ലവനായികയ്ക്ക്.