മെൽബൺ: പെയ്ഡ് പേരന്റൽ ലീവ് സ്‌കീമിനൊപ്പം തന്നെ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയ പ്രധാനമന്ത്രി ടോണി അബോട്ടിന്റെ ജിപി കോ പേയ്‌മെന്റ് പദ്ധതി തത്ക്കാലം ഉപേക്ഷിച്ചു. ജിപി സന്ദർശനത്തിന് ഏഴു ഡോളർ ഫീസ് ഈടാക്കുന്നതായിരുന്നു ജിപി കോ പേയ്‌മെന്റ്. നാനാഭാഗത്തുനിന്നുള്ള എതിർപ്പ് ശക്തമായതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

ജിപി കോ പേയ്‌മെന്റിനു പകരം ഓപ്ഷണൽ കോ പേയ്‌മെന്റ് സംവിധാനം നിലവിൽ വരും. കൂടാതെ ജിപികൾക്കുള്ള മെഡി കെയർ റിബേറ്റ് അഞ്ചു ഡോളറായി വെട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്. ഇതുമൂലം ഡോക്ടർമാർക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനായി ഒരു ഓപ്ഷണൽ കോ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കാമെന്ന് ടോണി അബോട്ട് വ്യക്തമാക്കിയിട്ടുണ്ട്. കൺസഷൻ കാർഡ് ഇല്ലാത്ത മുതിർന്നവരിൽ നിന്നും കോ പേയ്‌മെന്റ് ചാർജ് ഈടാക്കുന്നതിൽ അനൗചിത്യം ഇല്ലെന്നു തന്നെയാണ് സർക്കാരിന്റെ ധാരണയെന്നും ടോണി അബോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പെൻഷണേഴ്‌സ്, കോമൺവെൽത്ത് കൺസഷൻ കാർഡ് ഹോൾഡർമാർ, പതിനാറു വയസിൽ താഴെയുള്ളവർ, മുതിർന്നവർ, നഴ്‌സിങ് ഹോമിലുള്ള മുതിർന്നവർ, മറ്റ് അന്തേവാസി കേന്ദ്രങ്ങളിലുള്ളവർ എന്നിവർക്ക് ബൾക്ക് ബില്ലിങ് തുടരും. ഡോക്ടർമാർക്കുള്ള റിബേറ്റ് ലഭ്യമാകണമെങ്കിൽ കൺസൾട്ടേഷൻ കുറഞ്ഞത് പത്തു മിനിട്ടെങ്കിലും നീണ്ടതായിരിക്കണം.

ഡോക്ടർമാർക്കുള്ള റിബേറ്റ് അഞ്ചു ഡോളറായി ചുരുക്കിയതോടെ അത് രോഗികൾക്കു മേൽ വന്നു ചേരും. ബൾക്ക് ബിൽ ചെയ്യണമോ അതോ രോഗികളുടെ കൈയിൽ നിന്ന് ഈടാക്കണമോ എന്ന കാര്യം ഡോക്ടർമാർക്കു തന്നെ തീരുമാനിക്കാം. കൂടാതെ പതോളജി, ഡയഗ്നോസ്റ്റിക് ഇമേജിങ് സർവീസുകൾക്കും ഒരു തരത്തിലുള്ള കോ പേയ്‌മെന്റും ബാധിക്കില്ല. പുതിയ നിർദേശങ്ങൾ അടുത്ത ജൂലൈ മുതലാണ് പ്രാബല്യത്തിലാകുക.

മെയ്‌ ബജറ്റിലാണ് സർക്കാർ കോ പേയ്‌മെന്റ് സംവിധാനം കൊണ്ടുവന്നത്. എന്നാൽ തുടക്കം മുതൽ തന്നെ ലേബർ, ഗ്രീൻ പാർട്ടി, സെനറ്റിലെ ക്രോസ്‌ബെഞ്ചേഴ്‌സ്, ഡോക്ടർമാർ എന്നിവരെല്ലാം തന്നെ പദ്ധതിയെ എതിർത്തിരുന്നു. പുതിയ നിർദ്ദേശം സർക്കാരിന് 3.5 ബില്യൺ ഡോളർ നേടിക്കൊടുക്കുമെന്നാണ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്. സർക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റ് എടുത്തുകളയുമെന്ന് കഴിഞ്ഞ മാസം തന്നെ അബോട്ട് പ്രഖ്യാപിച്ചിരുന്നതാണ്.