മെൽബൺ: അബോട്ട് സർക്കാരിന്റെ വിവാദമായ ജിപി കോ പേയ്‌മെന്റ് പദ്ധതിയിൽ വൻ അഴിച്ചുപണിക്ക് സർക്കാർ ആലോചന. ഒരുപക്ഷേ വിവാദ പദ്ധതി ഉപേക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പ്രധാനമന്ത്രി ടോണി അബോട്ടിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന ഏഴു ഡോളർ ജിപി കോ പേയ്‌മെന്റ് പദ്ധതി ബജറ്റിലെ സുപ്രധാന ശുപാർശയാണ്. പാർലമെന്റ് ഈ വർഷം കൂടാൻ ഇനി അഞ്ചു ദിവസം കൂടി ബാക്കി നിൽക്കെയാണ് കോ പേയ്‌മെന്റ് വിഷയത്തിൽ സുപ്രധാന മാറ്റത്തിന് ശക്തമായ ആലോചന നടക്കുന്നത്. പദ്ധതി അടുത്ത വർഷം തന്നെ പ്രാബല്യത്തിൽ വരുത്താനിരുന്നതാണ്.

അബോട്ട് സർക്കാരിന്റെ ബജറ്റിലെ പ്രധാന നിർദേശമായ ജിപി കോ പേയ്‌മെന്റ് സെനറ്റിൽ പാസാക്കാൻ സർക്കാരിന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല എന്നതാണ് പ്രധാന  കടമ്പ. നിയമം പാസാക്കിയാലും ഫലമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. രണ്ടു മൂന്നു വിഷയങ്ങളിൽ സർക്കാർ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി എംപിമാരോടും സെനറ്റർമാരോടും സൂചിപ്പിച്ചിരുന്നു. ഈ വിഷയങ്ങളിൽ ക്രിസ്മസിനു മുമ്പ് വ്യക്തമായ തീരുമാനം എടുക്കേണ്ടതും ആവശ്യമാണെന്ന് അബോട്ട് സൂചിപ്പിച്ചിട്ടുണ്ട്.

പെയ്ഡ് പേരന്റൽ ലീവ് സ്‌കീമാണ് മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്ന മറ്റൊരു കാര്യം. 5.5 ബില്യൺ ഡോളറിന്റെ പെയ്ഡ് പേരന്റൽ ലീവ് സമ്പ്രദായവും ഒട്ടേറെ വിമർശനങ്ങൾക്ക് കാരണമായിട്ടുള്ളതാണ്. പ്രസവാനന്തരം അമ്മമാർക്ക് ആറു മാസം മുഴുവൻ ശമ്പളത്തോടു കൂടിയ ലീവാണിത്. എന്നാൽ ഈ പദ്ധതിയിൽ അബോട്ട് കാതലായ മാറ്റം വരുത്തിയാണ് പ്രാബല്യത്തിൽ വരുത്തുന്നത്. ആറു മാസം സ്ത്രീകൾക്ക് ലഭിക്കുന്ന കൂടിയ തുക 75,000 ഡോളറിൽ നിന്ന് 50,000 ഡോളറാക്കിയാണ് അബോട്ട് ചുരുക്കിയത്. മറ്റു ചില പദ്ധതികളിലും മാറ്റം വരുത്താൻ സർക്കാർ ആലോചനയിലുണ്ട്.