- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപഗ്രഹ സഹായത്തോടെ ടോൾ പിരിവ് ഉടനില്ല; കാര്യങ്ങൾ പഠിച്ചുവരുകയാണെന്ന് ഗതാഗത മന്ത്രാലയ വൃത്തങ്ങൾ; യൂറോപ്യൻ മാതൃക നടപ്പിലാകകാൻ നിയമങ്ങളിലും മാറ്റം വരുത്തണം; രാജ്യത്തെ 97 ശഥമാനം വാഹനങ്ങളിലുമുള്ള ഫാസ്ടാഗ് സംവിധാനം ഇനിയും തുടരും
ന്യൂഡൽഹി: ടോൾ ഈടാക്കാൻ ഉപഗ്രഹ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ചുവരികയാണെന്നും ഉടൻ നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്നും ഗതാഗത മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സഞ്ചരിക്കുന്ന ദൂരത്തിന് ഉപഗ്രഹ സംവിധാനമുപയോഗിച്ചു ടോൾ വാങ്ങുന്ന പദ്ധതി വൈകാതെ വ്യാപകമാക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.
നിലവിൽ മിക്ക എക്സ്‌പ്രസ്വേകളിലും സഞ്ചരിക്കുന്ന ദൂരത്തിനു മാത്രമാണു ടോൾ വാങ്ങുന്നത്. പ്രവേശന പോയിന്റുകളിലും എക്‌സിറ്റുകളിലും ടോൾ ബൂത്ത് വച്ചാണിതു ചെയ്യുന്നത്. യൂറോപ്യൻ മാതൃകയിൽ ഉപഗ്രഹ സഹായത്തോടെ ടോൾ ഈടാക്കുന്നതിനെക്കുറിച്ചു പഠിക്കുന്നുണ്ട്. ഇതു നടപ്പാക്കണമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തണം. രാജ്യത്ത് 97% വാഹനങ്ങളിലും ഫാസ്ടാഗ് ഉണ്ടെന്നും അധികൃതർ പറഞ്ഞു.
നേരത്തെ എല്ലാ യാത്രക്കാരോടും ഒരേ ടോൾ തുക ഈടാക്കുന്നത് ഒഴിവാക്കി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം നൽകുന്ന സംവിധാനം ഏർപ്പെടുത്തുകയാണ് ലക്ഷ്യമിട്ടിരുന്നത്. ഉപഗ്രഹ നാവിഗേഷൻ സംവിധാനം (ജി.പി.എസ്) വഴി വാഹനം സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാകും പുതിയ ടോൾ പിരിവ്. ടോൾ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കും.
വാഹനങ്ങൾ ടോൾ റോഡിൽ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോൾ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടിൽ നിന്ന് പണം പിടിക്കും. ടോൾ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പും ഇതുവഴി ഒഴിവാകും. രാജ്യത്തെ 1.37 ലക്ഷം വാഹനങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞതായി 'ദി സ്റ്റേറ്റ്‌സ്മാൻ' റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ രാജ്യങ്ങളിലെ ടോൾ പിരിവ് സംവിധാനം മാതൃകയാക്കിയാണ് പുതിയ മാറ്റം.
ദക്ഷിണകൊറിയയിലെയും റഷ്യയിലെയും വിദഗ്ധരാണ് പരീക്ഷണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇത് വിജയകരമാണെന്നു കണ്ടാൽ പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് നീക്കം. ജിപിഎസ് വഴി ടോൾ ഈടാക്കാനുള്ള പരീക്ഷണപദ്ധതിയുടെ ഭാഗമായി 1.37 ലക്ഷം വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിച്ചു തുടങ്ങി. ഇതിന് ഗതാഗത നയത്തിലടക്കം ഭേദഗതി വരുത്തേണ്ടതിനാൽ പൂർണമായി നടപ്പാക്കാൻ രണ്ടോ മൂന്നോ വർഷമെങ്കിലും വേണ്ടിവരും.
രാജ്യത്ത് 2023-ഓടെ ജി.പി.എസ്. സംവിധാനം വഴി ടോൾപിരിവ് നടപ്പാക്കുമെന്ന് 2020 ഡിസംബറിലാണ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. ഇതിനുള്ള നയങ്ങൾ 2021 നവംബറോടെ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, പദ്ധതി ഒരുവർഷംകൂടി വൈകുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കൊണ്ടുവന്ന ജി.പി.എസ്. വെഹിക്കിൾ ട്രാക്കിങ് സിസ്റ്റമാണ് വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ളത്.
ജർമനിയിൽ ഇപ്പോൾ 98.8 ശതമാനം വാഹനങ്ങളിലും ജി.പി.എസ്. സംവിധാനംവഴിയാണ് ടോൾപിരിവ്. ദക്ഷിണ കൊറിയ, ജപ്പാൻ, നോർവേ രാജ്യങ്ങളും സമാനസംവിധാനം നടപ്പാക്കി. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനം നടപ്പാക്കാൻ ജി.പി.എസ്. അധിഷ്ഠിത ജിയോ ഫെൻസ് ഒരുക്കേണ്ടതുണ്ട്. ഇന്ത്യയുടെ സ്വന്തം ജിയോ പൊസിഷനിങ് സംവിധാനം ഈയിടെ ജി.പി.എസിനെക്കാൾ കൃത്യമായ ലൊക്കേഷൻ ഡേറ്റ വാഗ്ദാനംചെയ്തിരുന്നു. എന്നാൽ, സർക്കാർ ഇതുപയോഗിക്കുമോ എന്നു വ്യക്തമല്ല.
നിലവിൽ ടോൾബൂത്തുകളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് ഫാസ്ടാഗ് ടോൾ സൗജന്യമാണ്. ഇത് എങ്ങനെ ജി.പി.എസിൽ ഉൾപ്പെടുത്തുമെന്നതടക്കമുള്ള ചെറിയ പ്രശ്നങ്ങളിൽ പരിഹാരം കാണേണ്ടതുണ്ട്.
മറുനാടന് ഡെസ്ക്