മെൽബൺ: ആയുർദൈർഘ്യം വർധിച്ചതോടെ രാജ്യത്ത് ജിപികളുടെ ജോലിഭാരം കൂടുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയക്കാരുടെ ആയുർദൈർഘ്യം പത്തുവർഷം മുമ്പത്തെക്കാൾ വർധിക്കുകയും രോഗത്തോടെ ജീവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിൽ. അതുകൊണ്ടു തന്നെ ജിപികൾക്ക് മുമ്പുണ്ടായിരുന്നതിനെക്കാൾ ജോലിഭാരം വർധിച്ചെന്നാണ് റിപ്പോർട്ടുകൾ.

ജിപികൾ രോഗികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മുമ്പത്തേതിനേക്കാൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നുവെന്നും രണ്ട് പഠനറിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പത്ത് വർഷം മുമ്പ് 100 രോഗികളുടെ 145 പ്രശ്‌നങ്ങൾ ജിപികൾ പരിഹരിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 158 പ്രശ്‌നങ്ങൾ അവർക്ക് പരിഹരിക്കാനാകുന്നുണ്ടെന്നാണ് യുണിവേഴ്‌സിറ്റിസ് ഫാമില മെഡിസിൻ റിസർച്ച് സെന്റർ നടത്തിയ രണ്ട് പഠനങ്ങൾ തെളിയിക്കുന്നത്.

ഒരു രോഗിയുടെ തന്നെ ഒന്നിലധികം പ്രശ്‌നങ്ങളെയാണ് ഇന്നത്തെ ജിപികൾ കൺസൾട്ട് ചെയ്യുന്നതെന്നാണ് സിഡ്‌നിയിലെ ജിപിയായ ലിസ് മാൾസ് പറയുന്നത്. പത്ത് വർഷം മുമ്പത്തേതിനേക്കാൾ കൂടുതൽ രോഗാവസ്ഥകളെയാണിന്ന് ചികിത്സിക്കുന്നത്. ഓസ്‌ട്രേലിയക്കാരുടെ ആയുസ്സ് വർധിച്ചെന്നും ഇന്ന് ആളുകൾ രോഗങ്ങൾ സഹിതം ദീർഘകാലം ജീവിച്ചിരിക്കുന്നുവെന്നും ഡോ. മാൾസ് ചൂണ്ടിക്കാട്ടുന്നു. റോയൽ ഓസ്‌ട്രേലിയൻ കോളജ് ഓഫ് ജനറൽ പ്രാക്ടീഷണേർസിന്റെ പ്രസിഡൻാണിദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണൽ ജനറൽ പ്രാക്ടീസ് ഓർഗനൈസേഷനാണിത്. ജിപിമാരുടെ ക്ലിനിക്കൽ വർക്ക് ലോഡിന്റെ 32.5 ശതമാനവും പ്രായമായ രോഗികളുടെ പ്രശ്‌നങ്ങളാണ്. ഒരു ദശാബ്ദം മുമ്പെ ഇത് 26.5 ശതമാനമായിരുന്നു. 85 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണം ഇരട്ടിയായി വർധിച്ചുവെന്നും ഡോ. മാൾസ് പറയുന്നു.

യൂണിവേഴ്‌സിറ്റിസി ഫാമിലി മെഡിസിൻ റിസർച്ച് സെന്ററിന്റെ ജിപി ആക്ടിവിറ്റി ഇൻ ഓസ്‌ട്രേലിയ 20132014, എ ഡിക്കേഡ് ഓഫ് ഓസ്‌ട്രേലിയൻ ജനറൽ പ്രാക്ടീസ് എന്നീ രണ്ട് പഠനറിപ്പോർട്ടുകളാണ് ഈ വസ്തുതകൾ വെളിപ്പെടുത്തുന്നത്. ബെറ്ററിങ് ദി ഇവാല്വേഷൻ ആൻഡ് കെയർ ഓഫ് ഹെൽത്ത്(ബീച്ച്) എന്ന പ്രോഗ്രാമിൽ നിന്നുള്ള ഡാറ്റകളാണ് ഈ റിപ്പോർട്ടുകൾക്കായി ഉപയോഗിച്ചിരുന്നത്. ഒരു ലക്ഷം ജിപികളുടെ കൺസൽട്ടേഷനുകളിൽ നിന്നുള്ള വിശദാംശങ്ങൾ തുടർച്ചായി ഇതിലേക്ക് ശേഖരിച്ചിരുന്നു.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ താഴെപ്പറയുന്നവയാണ്.

1. ഓസ്‌ട്രേലിയക്കാരിൽ 85ശതമാനം പേരും വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ജിപിയെ കാണാറുണ്ട്.

2.  പ്രായമായ രോഗികളുടെ പ്രശ്‌നങ്ങളാണ് ജിപി മാരുടെ ജോലിഭാരത്തിന്റെ നല്ലൊരു ഭാഗമടങ്ങിയിരിക്കുന്നത്.

3. ജിപിമാരുടെ വർക്ക്‌ലോഡിന്റെ 11 ശതമാനം കുട്ടികളായ രോഗികളെ ചികിത്സിക്കുന്നതിൽ നിന്നാണുണ്ടാകുന്നത്.

4. ജിപി സർവീസ് ഐറ്റങ്ങളുടെ എണ്ണം കഴിഞ്ഞ ദശാബ്ദത്തിൽ 98 ദശലക്ഷമായിരുന്നുവെങ്കിൽ ഇപ്പോൾ അത് 133 ദശലക്ഷമായി വർധിച്ചിരിക്കുകയാണ്.