കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു ഷോർട് ഫിലിം ആയിരുന്നു ഗ്രസ് വില്ല. 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം കാഴ്ചക്കാരും ചിത്രത്തിന് ഉണ്ട്. 14 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ഇതിനോടകം തന്നെ പ്രമുഖ സംവിധായകരുടേയും താരങ്ങളുടേയും ഒക്കെ പ്രശംസയും നേടി മുന്നേറുമ്പോഴായിരുന്നു കോപ്പിയടി ആരോപണവുമായി പലരും രംഗത്ത് വന്നത്. ദി റൈറ്റ് കൈന്റ് ഓഫ് ഹൗസ് (ആൽഫ്രഡ് ഹിച്ച്കോക്ക്)ന്റെ മലയാളം പതിപ്പാണ് ഗ്രസ് വില്ല എന്നായിരുന്നു വിമർശകർ പറഞ്ഞത്.

ത്രില്ലർ ഷോർട്ട് ഫിലിം മലയാളിക്ക് അത്ര സുപരിചിതമല്ല. അവതരണ രീതിയിലും ട്രീറ്റ്‌മെന്റിലും പുതുമകളുമായി ഒരു പറ്റം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വചിത്രമായിരുന്നു ഗ്രേസ് വില്ല. തവിടുപൊടി ജീവിതം എന്ന രസികൻ ഷോർട്് ഫിലിം ഒരുക്കിയ ഇൻക്വിലാബ് ആണ്് ഗ്രേസ് വില്ലയുടെയും പിന്നിൽ. ബിനോയ് രവീന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുൽ രമേശാണ് ക്യാമറ. ബിനോയ് രവീന്ദ്രനും മരിയാ റോസുമാണ് സംഭാഷണ രചന. സിനിമാ താരങ്ങളായ പാർവതിയും രാജേഷ് ഹെബ്ബാറുമാണ് അഭിനേതാക്കൾ.

ചിത്രം കോപ്പിയടിയാണെന്ന് ആരോപിച്ചവർക്ക് മറുപടിയുമായി ചിത്രത്തിന്റെ ,സംവിധായകൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് ബിനോയ് രവീന്ദ്രൻ സത്യാവസ്ഥ ആരാധകരുമായി പങ്കുവെക്കുന്നത്. തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനുള്ള പോസ്റ്റാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മറ്റ് ചില കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു എന്നാണ് ആരോപണങ്ങളുടെ പശ്ചാത്തിലുള്ള പോസ്റ്റ് ആരംഭിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.....

നിങ്ങൾ തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനുള്ള ഒരു പോസ്റ്റായിരുന്നു ഉദ്ദേശിച്ചിരുന്നത്, എന്നാല് മറ്റു ചില കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

ഗ്രെയ്‌സ് വില്ലയുമായി ബന്ധപ്പെട്ട പോസ്റ്റുകളിലും യൂറ്റിയുബിലെയും എഫ്ബിയിലെ കമന്റുകളിലും സുഹൃത്തുക്കളുടെ സ്റ്റാറ്റസ് ആയുമൊക്കെ നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും ഗ്രെയ്‌സ് വില്ലയ്‌ക്കെതിരായ ചില ആരോപണങ്ങൾ അത് ഞങ്ങളെയെന്ന പോലെ മറ്റു പലരെയും വേദനിപ്പിച്ചതു കൊണ്ടു തന്നെ, ഒരു വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.

Alfred Hitchcock എന്ന സീരിസിലെ The Right Kind of House എന്ന എപ്പിസോഡ്, 1970 ൽ റീലീസായ കാലം എന്ന മലയാളസിനിമ, ദൂരദർശനിൽ കുറേ വർഷങ്ങൾക്കു മുമ്പ് സംപ്രേഷണം ചെയ്ത സംഭവങ്ങൾ എന്ന ടെലിഫിലിം/സീരിയൽ എന്നിവയുടെ പകർപ്പാണ് ഗ്രെയ്‌സ് വില്ല എന്നിങ്ങനെയാണ് ആരോപണങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. ആദ്യം പറഞ്ഞ രണ്ടു സൃഷ്ടികളും പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ ഹെന്ട്രി സ്ലെസ്സാറിന്റെ The Right kind of house എന്ന കഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടവയാണ്. മൂന്നാമത്തെ സൃഷ്ടിയും അതേ ഗണത്തിലായിരിക്കാമെന്നു കരുതുന്നു. അതിനെക്കുറിച്ച് കമന്റുകളിൽ നിന്നും കേട്ടതിനപ്പുറമുള്ള അറിവില്ല.

ഹെന്ട്രി സ്ലെസ്സാറിന്റെ മേല്പറഞ്ഞ കഥയെ ആസ്പദമാക്കി/അല്ലെങ്കിൽ ആ സീരിയലിനെ ആസ്പദമാക്കി Maria Rose എഴുതിയ നിങ്ങൾക്ക് യോജിച്ച വീട് എന്ന മലയാളവ്യാഖ്യാനമാണ് ഗ്രെയ്‌സ് വില്ലയെന്ന ഷോർട്ട്ഫിലിമിലേക്ക് ഞങ്ങളെ നയിച്ചത്. ആ കഥയിൽ നിന്നാണ് ഗ്രെയ്‌സ് വില്ലയുടെ തിരക്കഥ രൂപപ്പെട്ടതും. മരിയ റോസിന്റെ പരിഭാഷയിലെ പല സംഭാഷണങ്ങളും ഗ്രെയ്‌സ് വില്ലയിൽ അതു പോലെ തന്നെ ഉപയോഗിച്ചതിനാൽ സംഭാഷണത്തിന്റെ ക്രെഡിറ്റ്‌സിൽ അദ്ദേഹത്തിന്റെ പേര് കൂടി നല്കുകയും ചെയ്തു, മാത്രമല്ല കഥയുടെ യഥാർത്ഥ അവകാശിയായ ഹെന്ട്രി സ്ലെസ്സാറിന്റെ പേര് എന്റ് ക്രെഡിറ്റ്‌സിൽ കഥാപാത്രങ്ങളുടെ തൊട്ടു താഴെയായി നല്കുകയും ഗ്രെയ്‌സ് വില്ലയുടെ ക്രെഡിറ്റ്‌സിൽ നിന്നും കഥ, തിരക്കഥ എന്നിവ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

മേൽപ്പറഞ്ഞ കഥ ഹിച്ച്‌കോക്കിന്റേതാണെന്ന ധാരണയിൽ ഗ്രെയ്‌സ് വില്ലയെക്കുറിച്ചുള്ള ആദ്യകാല ഫേസ്‌ബുക്ക് പോസ്റ്റുകളിലും ആദ്യ പ്രിവ്യു കോപ്പിയിലും ക്രെഡിറ്റ് നല്കിയിരുന്നത് ഹിച്ച്‌കോക്കിനായിരുന്നു. എന്നാൽ പിന്നീട് മരിയറോസും മറ്റു സുഹൃത്തുക്കളും, ആ കഥയെഴുതിയത് ഹെന്ട്രി സ്ലെസ്സാറാണെന്നും സംവിധാനം ചെയ്തിരിക്കുന്നത് ഡോൺ ടെയ്‌ലറാണെന്നും Hitchcock presents എന്ന സീരീസിൽ ഉൾപ്പെട്ടു എന്നതല്ലാതെ ഹിച്ച്‌കോക്കിന് ഈ കഥയുമായി ബന്ധമില്ലെന്നും അറിയിച്ചത് പ്രകാരം ഹിച്ച്‌കോക്കിന്റെ പേര് ഒഴിവാക്കുകയും ക്രെഡിറ്റ്‌സിൽ ഹെന്ട്രി സ്ലെസ്സാറിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തു.
പിന്തുണച്ചവർക്കും കൂടെ കൂടിയവർക്കും, സന്തോഷം പങ്കുവച്ചവർക്കും ഒരായിരം നന്ദി..