കൊൽക്കത്ത: ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമതാ ബാനർജി റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചതിന് പിന്നാലെ തോൽവി അംഗീകരിക്കുന്നതായി ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രവാൾ. മമതയെ പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രിയങ്ക പറഞ്ഞു.

അതേസമയം തൃണമൂലിന്റെ ശക്തികേന്ദ്രത്തിൽ 25000ത്തിലേറേ വോട്ടുകൾ പിടിച്ചെടുത്ത താനാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് എന്നും അവർ അവകാശപ്പെട്ടു. ''പല ബൂത്തുകളിലും തൃണമൂൽ പ്രവർത്തകർ കൃത്രിമം കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. ഭാവിയിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുന്നവരെ രക്ഷിക്കാൻ പാർട്ടി നേതാക്കളെ അയയ്ക്കരുതെന്ന് 'ദീദി'യോട് അഭ്യർത്ഥിക്കുന്നു'' അവർ പറഞ്ഞു

''ജനവിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. പക്ഷേ ഞാനാണ് കളിയിലെ താരം. കാരണം മമതയുടെ ശക്തികേന്ദ്രമായ ഭവാനിപുരിൽ ഞാൻ മത്സരിച്ചു. 25,000ൽ അധികം വോട്ട് കിട്ടി. വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നു. ഭവാനിപുരിൽ ബിജെപിയുടെ സംഘടന അത്ര ശക്തമായിരുന്നില്ല. എല്ലാ പ്രതിബന്ധങ്ങളും ഉണ്ടായിരുന്നിട്ടും ഇത്രയും വോട്ടുകൾ നേടാൻ കഴിഞ്ഞു. അതും മുഖ്യമന്ത്രി തന്നെ മത്സരിച്ച മണ്ഡലത്തിൽനിന്ന്' അവർ കൂട്ടിച്ചേർത്തു. ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ പിന്തുടരുമെന്നും പ്രിയങ്ക വ്യക്തമാക്കി.

റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മമതാ ബാനർജി പ്രതികരിച്ചു. ബംഗാളിൽ ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞുവെന്നും മമത വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ 58,832 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമതയുടെ വിജയം. 84,709 വോട്ടുകളാണ് മമതയ്ക്ക് ലഭിച്ചത്. പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാനെ സാധിച്ചുള്ളു.

ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോർഡാണ് ഭവാനിപൂരിൽ മമത മറികടന്നത്. 2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷം മമത നേടിയിരുന്നു.