- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമവണ്ടിക്ക് വേണ്ടി പുതുതായി ബസുകൾ വാങ്ങുമ്പാൾ ആനവണ്ടിക്ക് ബാധ്യത കൂടും; 25-32 സീറ്റ് വാഹനങ്ങൾ വാങ്ങുന്നതിന് പിന്നിൽ അഴിമതി കണ്ണോ? കട്ടപ്പുറത്തുള്ള ബസുകൾ ഉപോഗിക്കാതെ പുതിയത് വാങ്ങുന്നതിൽ ദുരൂഹത; കെ എസ് ആർ ടി സിയിലെ കുഴയിലാക്കാൻ മറ്റൊരു പദ്ധതിയും
തിരുവനന്തപുരം: ഗ്രാമവണ്ടിയെന്ന പേരിൽ കെ.എസ്.ആർ.ടി.സി. ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ ഓടിക്കും. ഗ്രാമീണറോഡുകളിലൂടെ ഓടിക്കാൻ കഴിയുന്ന 25, 32 സീറ്റ് ബസുകൾ ഇതിനായി വാങ്ങും. ധാരാളം ബസുകൾ വാങ്ങേണ്ടി വരും. ഇത് ഭാവിയിൽ അഴിമതി ചർച്ചയായി മാറാനും സാധ്യതയുണ്ട്.
കെബി ഗണേശ് കുമാർ ഗതാഗത മന്ത്രിയായിരുന്നപ്പോൾ ചെറു വാഹനങ്ങളിൽ കെ എസ് ആർ ടി സി പരീക്ഷണം നടത്തിയിരുന്നു. അത് വിജയവുമായിരുന്നു. എന്നാൽ ഇന്ന് കെ എസ് ആർ ടി സി വലിയ സാമ്പത്തിക ബാധ്യതയിലാണ്. ഈ ഘട്ടത്തിൽ കോടികൾ മുടക്കി പുതിയ ബസുകൾ വാങ്ങുന്നത് നഷ്ടം കൂട്ടുമെന്നാണ് വിലയിരുത്തൽ. രണ്ടര വർഷമാണ് ഗതാഗത മന്ത്രിയായി ആന്റണി രാജു ഉള്ളത്. അതിന് മുമ്പ് ബസുകൾ മുഴുവൻ വാങ്ങാനാണ് ആലോചന.
പദ്ധതിയുടെ സാമ്പത്തിക വശങ്ങൾ പഠിക്കാതെയാണ് മുമ്പോട്ട് പോക്കെന്ന് വിമർശനമുണ്ട്. നഷ്ടക്കണക്കുകളിലേക്ക് കാര്യങ്ങളെത്തിയാൽ അത് കെ എസ് ആർ ടി സിയുടെ നാശത്തിന് കൂടുതൽ വേഗം നൽകും. ഗ്രാമ വണ്ടികൾ ഓടിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ കെ.എസ്.ആർ.ടി.സി. വഹിക്കും.
ഒറ്റനോട്ടത്തിൽ ഈ പദ്ധതി നല്ലതാണെന്ന് തോന്നുമെങ്കിലും ചെറു ബസുകൾ വാങ്ങേണ്ടി വരുന്നത് കെ എസ് ആർ ടി സിക്ക് ബാധ്യതയായി മാറും. ഗ്രാമ വണ്ടിക്ക് ആവശ്യക്കാർ ഏറെയുണ്ടാകും. അതുകൊണ്ടു തന്നെ നിരവധി ബസുകൾ വാങ്ങേണ്ടി വരും. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നഷ്ടമുണ്ടാക്കുന്നതിനെ തുടർന്നാണ് പുതിയ പദ്ധതിയെന്ന് കെ എസ് ആർ ടി സി പറയുന്നു.
ലാഭകരമായ റൂട്ടിൽ മാത്രം ബസോടിക്കുക എന്നത് പ്രാവർത്തികമല്ല. സാമൂഹിക പ്രതിബദ്ധതകൂടി കണക്കിലെടുത്ത് സർവീസ് നടത്തേണ്ടിവരും. ഇത്തരത്തിലുണ്ടാകുന്ന നഷ്ടം നികത്താനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം കെ എസ് ആർ ടി സി തേടുന്നത്. ഗ്രാമീണമേഖലകളിൽ ബസുകൾ എത്തിപ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നു.
അങ്ങനെ എങ്കിൽ ഇപ്പോൾ കെ എസ് ആർ ടി സിയുടെ കൈയിലുള്ള ബസുകൾ തന്നെ ഓടിച്ചാൽ പോരെ എന്ന ചോദ്യവും ഉയരുന്നുണ്ട്. കെ എസ് ആർ ടി സിക്ക് സ്വന്തമായുള്ള ബസുകൾ മുഴുവൻ ഇപ്പോൾ സർവ്വീസ് നടത്തുന്നില്ലെന്നതാണ് വസ്തുത. ഡീസൽ ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുമ്പോൾ ആ ചെലവ് കുറയും. അതുകൊണ്ട് തന്നെ വായ്പ എടുത്ത് ബസ് വാങ്ങാതെ തന്നെ ലാഭകരമായി സർവ്വീസ് നടത്താം. എന്നിട്ടും ബസ് വാങ്ങുന്നത് ചിലരുടെ കമ്മീഷൻ മോഹമാണെന്ന വിമർശനം സജീവമാണ്.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകൾ എന്നിവയ്ക്ക് ബസ് ഓടിക്കേണ്ട റൂട്ടുകൾ നിശ്ചയിക്കാം. തിരുവനന്തപുരം നഗരത്തിൽ ഏഴ് സിറ്റി സർക്കുലർ സർവീസുകൾ ചിങ്ങം ഒന്നു മുതൽ ഓടിത്തുടങ്ങും. 88 ബസുകൾ ഇതിനായി സജ്ജീകരിച്ചു. 50 രൂപ ടിക്കറ്റിൽ 20 മണിക്കൂർ യാത്രചെയ്യാനാകും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കുള്ള പ്രത്യേക സമുദ്ര ബസുകളും ഉടൻ നിരത്തിലിറങ്ങും.
കോവിഡിനെത്തുടർന്ന് യാത്രക്കാർ കുറഞ്ഞത് വൻ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്. പൊതുഗതാഗതം ഒന്നാകെ പ്രതിസന്ധിയിലാണ്. ഒന്നാം പിണറായി സർക്കാർ 4608 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് നൽകിയത്. 2020-21 കാലഘട്ടത്തിൽ 1747.58 കോടി രൂപയും നൽകി. അടുത്ത മാർച്ചുവരെ പെൻഷൻ മുടങ്ങാതെ നൽകാൻ സഹകരണ ബാങ്കുകളുമായി കരാർ ഒപ്പിട്ടു.
3000 ബസുകൾ മൂന്നുവർഷം കൊണ്ട് സി.എൻ.ജി.യിലേക്കു മാറ്റും. 300 കോടി രൂപയാണ് ഇതിനുവേണ്ടത്. വർഷം 500 കോടി രൂപ ഡീസൽ ചെലവിൽ ലാഭിക്കാനാകും. ചെലവ് കുറച്ചും വൈവിധ്യവത്കരണത്തിലൂടെ സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കുകയുമാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ