കാഞ്ഞിരപ്പള്ളി: ക്രൈസ്തവസമൂഹം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഈ കാലഘട്ടത്തിൽ അടിയന്തരമാണെന്നും ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ കൗൺസിൽ അതിനുള്ള ചാലകശക്തിയായി മാറണമെന്നും ഭാരത കത്തോലിക്കാ മെത്രാൻ സമിതി ലെയ്റ്റി കൗൺസിൽ ചെയർമാൻ മാർ മാത്യു അറയ്ക്കൽ. കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തിൽ എത്തിച്ചേർന്ന ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ദേശീയ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയും ഷില്ലോങ് എംപിയുമായ വിൻസന്റ് എച്ച് പാലയ്ക്ക് സ്വീകരണം നൽകി സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.

കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. മാത്യു പായിക്കാട്ട്, ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി നാഷണൽ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ, നാഷണൽ കോർഡിനേറ്റർ സിറിൾ സഞ്ജു ജോർജ്, ഫാ.ജോൺ കുന്നേൽ, എൻ എസ് സുഖ്‌ലെയ്ൻ (ഷില്ലോങ്) എന്നിവർ കൂടിക്കാഴ്ചയിൽ പങ്കുചേർന്നു. വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളുൾപ്പെടെ രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് വിൻസന്റ് എച്ച് പാല എം പി കേരളത്തിലെത്തിയത്. ഇന്ത്യൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശക്തിപ്പെടുത്തന്നതിന്റെയും 2015 മെയ് മാസം ഡൽഹിയിൽ ചേരുന്ന നാഷണൽ ക്രിസ്ത്യൻ കോൺഫറൻസിന്റെയും മുന്നോടിയായിട്ടായിരുന്നു സന്ദർശനം.

വൈകുന്നേരം അമൽജ്യോതി എഞ്ചിനീയറിങ് കോളജ് കോൺഫറൻസ് ഹാളിൽ ആന്റോ ആന്റണി എം പി, ഷെവലിയർ സിബി ജോസഫ് വാണിയപ്പുരയ്ക്കൽ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും കേരളവും കാർഷിക വിദ്യാഭ്യാസമേഖലകളിലെ സഹകരിച്ചുള്ള വിവിധ പദ്ധതികളെക്കുറിച്ചും കാർഷിക കുടിയേറ്റ സാധ്യതകളെക്കുറിച്ചും ചർച്ച ചെയ്തു.

ഇൻഫാം ദേശീയ രക്ഷാധികാരിയായ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള കർഷകരുടെ പ്രതിനിധി സംഘം 2015 ഫെബ്രുവരി രണ്ടാം വാരം മേഘാലയത്തിലെ കൃഷിയിടങ്ങൾ സന്ദർശിക്കുന്നതും കർഷകപ്രസ്ഥാന സഹകാരികളുമായി സംവാദം നടത്തുന്നതുമാണ്.