മയാമി: ഇന്ത്യൻ നാഷണർ ഓവർസീസ് കോൺഗ്രസ് (ഐ.എൻഒസി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ കോൺഗ്രസിന് ഏറ്റവും ശക്തമായ വേരോട്ടമുള്ള വയനാട് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെ.എൽ. പൗലോസിനു സ്വീകരണം നല്കി.

ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ഫ്‌ളോറിഡ ചാപ്റ്റർ പ്രസിഡന്റ് അസീസി നടയിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഐ.എൻഒസി നാഷണൽ വൈസ് പ്രസിഡന്റ് മാമ്മൻ സി. ജേക്കബ്, കേരള സമാജം പ്രസിഡന്റ് സജി സക്കറിയാസ്, ജോർജി വർഗീസ് (ഫൊക്കാന), സുനിൽ തൈമറ്റം (പ്രസിഡന്റ്, ഇന്ത്യാ പ്രസ് ക്ലബ് ഫ്‌ളോറിഡ ചാപ്റ്റർ) എന്നിവർ ആശംസകൾ അർപ്പിച്ചു.

കാർഷിക പശ്ചാത്തലം മാത്രമുള്ള മലയോര ജില്ലയായ വയനാടിനെ വികസനോന്മുഖമായ ഒരു ജില്ലയായി വളർത്താൻ കഴിഞ്ഞത് യു.ഡി.എഫ് ഗവൺമെന്റിന്റെ അകമഴിഞ്ഞ പരിഗണനകൊണ്ടാണെന്നും, ടൂറിസം മേഖലയിൽ വലിയ വികസന സാധ്യതകളുണ്ടെന്നും ഡി.സി.സി പ്രസിഡന്റ് കെ.എൽ. പൗലോസ് വ്യക്തമാക്കി.

ജോയി കുറ്റിയാനി സ്വാഗതവും, മാത്തുക്കുട്ടി തുമ്പമൺ കൃതജ്ഞതയും പറഞ്ഞു. മത്തായി വെമ്പാല, ഷിബു ജോസഫ്, സാജൻ കുര്യൻ, കൊച്ചുമോൻ, പ്രവീൺ പോൾ, റോബിൻ ആന്റണി എന്നിവർ സ്വീകരണ സമ്മേളനത്തിനു നേതൃത്വം നൽകി.