കൊല്ലം: നിർദ്ധനയായ വയോധികയ്ക്ക് കാറുണ്ടെന്ന് പറഞ്ഞ് ക്ഷേമ പെൻഷൻ നിഷേധിച്ചു. ശാസ്താംകോട്ട മൈനാഗപ്പള്ളി തുപ്പായി വിളപ്പുറം കൈതവിള വടക്കേൽ ചരിവിൽ അയ്യപ്പന്റെ ഭാര്യ ഉമ്മിണി അമ്മയ്ക്കാണ് പഞ്ചായത്തധികാരികൾ ക്ഷേമ പെൻഷൻ നിഷേധിച്ചത്. ഉമ്മിണി അമ്മയുടെ പേരിൽ ഒരു കാർ രജിസ്റ്റർ ചെയ്തു എന്നു കാട്ടിയാണ് അധികൃതർ ഇത്തരത്തിൽ നിലപാടെടുത്തത്. ഇത് മൂലം ഏറെ ദുരിതത്തിലാണ് ഉമ്മിണി അമ്മ.

കിടപ്പിലായ ഭർത്താവ് അയ്യപ്പനും വാർദ്ധക്യം കൊണ്ട് അവശയായ ഉമ്മിണി അമ്മയും മാത്രമാണ് മൈനാഗപ്പള്ളിയിലെ ഒറ്റമുറി വീട്ടിൽ കഴിയുന്നത്. മാസത്തിൽ കിട്ടുന്ന ക്ഷേമ പെൻഷൻ കൊണ്ടാണ് ഇരുവരും ജീവിക്കുന്നത്. അടുത്തിടെയാണ് പെൻഷൻ കിട്ടാതായത്. ഇതന്വേഷിച്ചു ചെന്നപ്പോഴാണ് സ്വന്തം പേരിൽ കാർ ഉണ്ട് എന്ന ഞെട്ടിക്കുന്ന വിവരം ഉമ്മിണി അമ്മ അറിയുന്നത്. കെ.എൽ 07 എൽ 4102 എന്ന മാരുതി കാറാണ് ഉമ്മിണി അമ്മയുടെ പേരിലുള്ളത്. നെടുമങ്ങാട് ആർടിഓഫീസിന് കീഴിൽ 1995 ൽ ജ്യോതി എന്ന ആളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഇപ്പോഴത്തെ ഉടമയാണ് ഉമ്മിണി അമ്മ.

കേറിക്കിടക്കാൻ അടച്ചുറപ്പുള്ളൊരു വീടു പോലുമില്ലാത്ത തനിക്കെവിടെ നിന്നാണ് കാർ എന്ന ചോദ്യത്തിന് അധികാരികൾ മറുപടി നൽകിയില്ല. ക്ഷേമ പെൻഷൻ നിഷേധിച്ചതോടെ ഉമ്മിണി അമ്മയും ഭർത്താവ് അയ്യപ്പനും പട്ടിണിയിലായി. ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ വടക്കൻ മൈനാഗപ്പള്ളി ആർ.എസ്‌പി ബ്രാഞ്ച് സെക്രട്ടറി ഉദയസേനനും ആർ.വൈ എഫ്. ദേശീയ സമിതി അംഗം ഉല്ലാസ് കോവൂർ എന്നിവർ സംഭവം പുറം ലോകത്തറിയിച്ചു. തുടർന്ന് ഇരുവരും ഇവർക്ക് വേണ്ട സഹായം വാഗ്ദാനം നൽകി. കൂടാതെ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനത്തെ പറ്റി പൊലീസിലും മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയിരിക്കുകാണ്.

കശുവണ്ടി സമരത്തിൽ മഖ്യ പങ്ക് വഹിച്ചവരാണ് ഇമ്മിണി അമ്മ. ഭർത്താവ് അയ്യപ്പൻ കിടപ്പിലാണ്. മക്കളാരും ഇല്ലാത്തതിനാൽ നാട്ടുകാരുടെ സഹായത്താലാണ് ജീവിക്കുന്നത്. ഇതിനിടയിലാണ് ഏക വരുമാനമായ ക്ഷേമ പെൻഷൻ ഇല്ലാതായത്. ഇതോടെ നിത്യ വൃത്തിക്ക് വകയില്ലാതായി. സംഭവം അറിഞ്ഞെത്തിയ ഉല്ലാസ് കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നെടുമങ്ങാട് സ്വദേശിനിയുടെ പേരിലുണ്ടായിരുന്ന കാറാണിത് എന്ന്. പിന്നീട് ഇവർ വിവരം ശാസ്താംകോട്ട പൊലീസിലും നെടുമങ്ങാട്, കുന്നത്തൂർ എന്നീ ആർടി ഓഫീസുകളിലും വിവരം കാട്ടി പരാതി നൽകി. ഇവരുടെ അന്വേഷണത്തിൽ ഇതുവരെയും ഈ വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. ഉമ്മിണി അമ്മയുടെ രേഖകൾ എങ്ങനെയോ വശത്താക്കി കാർ രജിസ്റ്റർ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. എത്രയും വേഗം തന്നെ വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും അറിയിച്ചു.

പഞ്ചായത്തധികാരികൾ പെൻഷൻ തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിർദ്ധന കുടുംബമാണ് എന്നറിഞ്ഞിട്ടും പെൻഷൻ തടഞ്ഞത് ക്രൂരതയായി എന്നാണ് നാട്ടുകാർ അഭിപ്രായപ്പെട്ടത്. അതേ സമയം സംഭവത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.