- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐൻസ്റ്റീൻ പറഞ്ഞതിനെ ശരിവച്ച് ലിഗോ; അപേക്ഷികതാ സിദ്ധാന്തത്തിലെ ഗുരുത്വ തരംഗങ്ങൾ തിരിച്ചറിഞ്ഞു; ശാസ്ത്രകൂട്ടായ്മയിൽ ഇന്ത്യയുടെ അഭിമാനമുയർത്തി 31 ശാസ്ത്രജ്ഞരും
വാഷിങ്ടൺ : നൂറ് വർഷങ്ങൾക്ക് മുൻപ് ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ട് വച്ച ആപേക്ഷികതാ സിദ്ധാന്തത്തിൽ പരാമർശിക്കപ്പെട്ടവയിൽ ഇനിയും നിരീക്ഷിക്കാൻ കഴിയാതിരുന്ന ഗുരുത്വ തരംഗങ്ങളെ ശാസ്ത്ര ലോകം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞന്മാരുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂഗുരുത്വ തരംഗങ്ങളുടെ രഹസ
വാഷിങ്ടൺ : നൂറ് വർഷങ്ങൾക്ക് മുൻപ് ആൽബർട്ട് ഐൻസ്റ്റീൻ മുന്നോട്ട് വച്ച ആപേക്ഷികതാ സിദ്ധാന്തത്തിൽ പരാമർശിക്കപ്പെട്ടവയിൽ ഇനിയും നിരീക്ഷിക്കാൻ കഴിയാതിരുന്ന ഗുരുത്വ തരംഗങ്ങളെ ശാസ്ത്ര ലോകം കണ്ടെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞന്മാരുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂഗുരുത്വ തരംഗങ്ങളുടെ രഹസ്യം ലോകത്തിന് മുന്നിൽ അനാവൃതമാകുന്നത്. സംഘത്തിൽ 31 ഇന്ത്യൻ ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. ലിഗോയിൽ കേരളവുമുണ്ടായിരുന്നു. തിരുവനന്തപുരം ഐസർ, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, പുണെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമികൽ ആൻഡ് അസ്‌ട്രോ ഫിസിക്‌സ് തുടങ്ങിയ സ്ഥാപനങ്ങൾ ഇന്ത്യയിൽനിന്നു ലിഗോ സയന്റിഫിക് കൊളാബറേഷനിൽ അംഗങ്ങളാണ്.
24 വർഷങ്ങൾക്ക് മുൻപ് വാഷിങ്ടണിലെ ലൂസിയാനയിൽ സ്ഥാപിച്ച ലിഗോ പരീക്ഷണശാലയിലാണ് ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. അഡ്വാൻസ്ഡ് ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ വേവ് ഒബ്‌സർവേറ്ററി എന്നതിന്റെ ചുരുക്കപ്പേരാണ് ലിഗോ. 15 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തോളം ശാസ്ത്രജ്ഞർ ഇതിൽ പങ്കാളികളാണ്. പ്രപഞ്ചത്തിലെ സ്ഥല-കാല ജ്യാമിതിയിലെ ഗുരുത്വതരംഗങ്ങൾ മൂലമുള്ള പ്രകമ്പനങ്ങൾ ഡിറ്റക്ടറുകൾ ഉപയോഗിച്ച് സൂക്ഷ്മമായി രേഖപ്പെടുത്തി വിശകലനം ചെയ്യലായിരുന്നു ഇവർ ചെയ്തിരുന്നത്.. ഇതിനായി യുഎസിലെ വാഷിങ്ടൺ, ലൂസിയാന എന്നിവിടങ്ങളിൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
1.3 ബില്യൺ വർഷങ്ങൾക്ക് മുൻപ് രണ്ട് തമോഗർത്തങ്ങൾ തമ്മിലുള്ള സംയോജനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഗുരുത്വ തരംഗങ്ങളെയാണ് ഈ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഗുരുത്വ തരംഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിയാനായത് പ്രപഞ്ചോ ത്പത്തി യെ പ്പറ്റിയുള്ള പഠനങ്ങളെ പുതിയ തലത്തിലെത്തിക്കും. നക്ഷത്രങ്ങളെയും, സൗരയൂഥത്തെയും മറ്റ് ബഹിരാകാശ പ്രതിഭാസങ്ങളെയും കൂടുതൽ കൃത്യമായി നിരീക്ഷിക്കുവാനും പഠിക്കുവാനും കഴിയുകയും ചെയ്യും. തമോഗർത്തങ്ങളുടെ കൂട്ടിയിടി പോലുള്ള സംഭവങ്ങൾ നടക്കുമ്പോഴുണ്ടാകുന്നപ്രകമ്പനങ്ങൾ സ്ഥലകാല ജ്യാമിതിയൽ ഓളങ്ങളായി സഞ്ചരിക്കുന്നതിനെയാണ് ഗുരുത്വ തരംഗങ്ങളെന്ന് പറയുന്നത്.
പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിലൊന്നാണ് ഗുരുത്വാകർഷണബലം. വസ്തുക്കൾക്ക് ഭാരം അനുഭവപ്പെടുന്നത് ഇതുകൊണ്ടാണ്. ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് വസ്തുക്കളെ ആകർഷിക്കുന്നുണ്ടെന്നും ഈ ആകർഷണ ബലത്തിന് ആനുപാതികമാണ് വസ്തുക്കളുടെ ഭാരമെന്നും ഐസക് ന്യൂട്ടൺ പറഞ്ഞുവച്ചു. ഇതിനെ ഐൻസ്റ്റീൻ തിരുത്തി. ഐൻസ്റ്റീൻ തികച്ചും വ്യത്യസ്തമായൊരു വിശദീകരണവുമായി രംഗത്തുവന്നു. ഭൂമിയുടെ ഗുരുത്വാകർഷണം മൂലമുള്ള വലിവുകൊണ്ടല്ല ഒരു വസ്തു ഭൂമിയിലേക്കു വീഴുന്നത്. ഭൂമിയുടെ ഭാരത്താൽ സ്ഥലകാലത്തിനുണ്ടാകുന്ന വക്രീകരണാവസ്ഥയിൽ ആ വസ്തു ഏറ്റവും സുഗമമായ പാത സ്വീകരിക്കുന്നതാണ് അതിന്റെ പതനത്തിനു കാരണമെന്നാണ് ഐൻസ്റ്റീന്റെ സിദ്ധാന്തം.
അതായത് ചുളിവുകളൊന്നും കൂടാതെ വലിച്ചുകെട്ടിയ ഒരു റബർഷീറ്റിൽ സാമാന്യം വലിയൊരു ഇരുമ്പുഗോളം വയ്ക്കുകയാണെന്നു കരുതുക. ഇരുമ്പുഗോളത്തിന്റെ ഭാരത്താൽ ഷീറ്റിന്റെ പ്രതലം വളയും; കുഴിയും. ആ പ്രതലം പോലെയാണു സ്ഥല-കാലമെന്നു സങ്കൽപ്പിക്കുക. ഇരുമ്പുഗോളം ഭൂമിയാണെന്നും ഷീറ്റിലെ കുഴി ഭൂമിയുടെ സാന്നിധ്യത്തിൽ സ്ഥലത്തിനും കാലത്തിനും ഉണ്ടാകുന്ന വക്രീകരണമാണെന്നും കരുതാം. മറ്റൊരു ചെറിയ ഗോളം ഈ പ്രതലത്തിൽ വയ്ക്കുമ്പോൾ അത് ആ വലിയ കുഴിയിലേക്ക് ഉരുണ്ടുവീഴും. അതായത്, ഭൂമിയുടെ ഗുരുത്വാകർഷണം മൂലമല്ല ഒരു വസ്തു ഭൂമിയിലേക്ക് വീഴുന്നത്. ഭൂമിയുടെ ഭാരത്താൽ സ്ഥലകാലത്തിനുണ്ടാകുന്ന വക്രീകരണാവസ്ഥയിൽ ആ വസ്തു ഏറ്റവും സുഗമമായ പാത സ്വീകരിക്കുന്നതാണ് അതിന്റെ പതനത്തിനു കാരണം.
ലിഗോ പരീക്ഷണത്തിൽ പങ്കെടുത്ത ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുരുത്വതരംഗ ഗവേഷണത്തിൽ മുഖ്യ പങ്കു വഹിച്ചത് ഇന്ത്യൻ ശാസ്ത്രജ്ഞരാണെന്നതിൽ അത്യധികമായ അഭിമാനമുണ്ട്. തരംഗ ഗവേഷണം പ്രപഞ്ച പഠനത്തിൽ പുതിയൊരു വാതായനം തുറക്കലാകുമെന്ന് അദ്ദേഹം ട്വിറ്ററിലുടെ പ്രതികരിച്ചു. അതിനൂതന ഗുരുത്വതരംഗ ഗവേഷണ സംവിധാനം ഇന്ത്യയിൽ സജ്ജമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.