കോട്ടയം: അമ്പതോളം മെത്രാന്മാരുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ മോൺസിഞ്യോർ മാത്യു വയലിങ്കലിന് മെത്രാഭിഷേകം. ആയിരക്കണക്കിന് വിശ്വാസികളും നിരവധി പ്രമുഖരും സാക്ഷിയായ ചടങ്ങിലായിരുന്നു വയലിങ്കലിന്റെ മെത്രാഭിഷേകം നടന്നത്. ക്രിസ്തുരാജാ കത്തീഡ്രലിൽ കർദിനാൾമാരും വത്തിക്കാൻ നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു.

ഭാരതത്തിലെ വിവിധ കത്തോലിക്കാ രൂപതകളിലെയും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെയും അൻപതിലധികം മേലധ്യക്ഷന്മാരും ചടങ്ങിനെത്തി. പുറമെ മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വൈദിക, സന്യസ്ത, അൽമായ പ്രതിനിധികളും പങ്കെടുത്തു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് എന്നിവരും മാർ വയലുങ്കലിന്റെ കുടുംബാംഗങ്ങളും മെത്രാഭിഷേക ചടങ്ങിനു സാക്ഷ്യംവഹിച്ചു.

റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയും പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുൺഷ്യോയുമായി മാർ കുര്യൻ വയലുങ്കലിനെ നിയമിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിയമനപത്രം ഇന്ത്യയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ കൗൺസിലർ മോൺ. മൗറോ ലാല്ലി വായിച്ചു. നിയമന ഉത്തരവിന്റെ ഇംഗ്ലിഷ് പരിഭാഷ കോട്ടയം അതിരൂപതാ ചാൻസലർ റവ. ഡോ. തോമസ് കോട്ടൂർ വായിച്ചു.

രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ വന്ദിച്ച് നിയുക്ത മെത്രാപ്പൊലീത്ത പ്രാർത്ഥിക്കുകയും വിശ്വാസപ്രഖ്യാപനം നടത്തുകയും ചെയ്തു. മാർ മാത്യു മൂലക്കാട്ടിന്റെ രണ്ടു കൈവയ്പു ശുശ്രൂഷകൾക്കു ശേഷം മാർ കുര്യൻ മാത്യു വയലുങ്കലിനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യുൺഷ്യോ സാൽവത്തോറെ പെനാക്യോയുടെ ആശംസാ സന്ദേശവും ചടങ്ങിൽ വായിച്ചു. തുടർന്നു മാർ കുര്യൻ മാത്യു വയലുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന അർപ്പിച്ചു.

വചനത്തിന്റെ അന്തഃസത്തയെ മുറുകെപ്പിടിച്ചു മുന്നോട്ടു പോകുവാനും ആത്മസമർപ്പണത്തിന്റെ ആവശ്യകതയെ ലോകത്തിനു മുന്നിൽ കാണിച്ചുകൊടുക്കുവാനും മാർ കുര്യൻ മാത്യു വയലുങ്കലിനു കഴിയട്ടെ എന്നു സിബിസിഐ പ്രസിഡന്റും സിറോ മലങ്കര സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.

ക്‌നാനായ സമുദായം സിറോ മലബാർ സഭയിലൂടെ സാർവത്രിക സഭയ്ക്കു നൽകിയ വലിയ സംഭാവനയാണു മാർ വയലുങ്കലിന്റെ സ്ഥാനാരോഹണമെന്നും സഭയുടെ കൂട്ടായ്മ പരിപോഷിപ്പിക്കുന്ന അജപാലന ശുശ്രൂഷയുടെ വളർച്ചയാണ് ഇതിലൂടെ ദർശിക്കുവാൻ സാധിക്കുന്നതെന്നും മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

നയതന്ത്ര മേഖലയിലെ പ്രാവീണ്യത്തോടൊപ്പം ദൈവസ്‌നേഹത്തിന്റെ വക്താവായി നിലനിന്നുകൊണ്ടു സഭാസമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുവാൻ മാർ വയലുങ്കലിനു കഴിയട്ടെ എന്നു കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും തിരുവനന്തപുരം ആർച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം പറഞ്ഞു. മാർ മാത്യു മൂലക്കാട്ടിന്റെ കാർമികത്വത്തിൽ നടക്കുന്ന ആദ്യ മെത്രാഭിഷേക ശുശ്രൂഷയായിരുന്നു ഇത്. മാർ കുര്യൻ മാത്യു വയലുങ്കലിന്റെ മാതാപിതാക്കളായ എം.സി. മത്തായിയും അന്നമ്മയും സദസ്സിന്റെ മുൻനിരയിലുണ്ടായിരുന്നു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ആർച്ച്ബിഷപ്പുമാരായ മാർ ജോസഫ് പൗവത്തിൽ, മാർ കുര്യാക്കോസ് കുന്നശ്ശേരി, മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, തോമസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്താ, ബിഷപ്പുമാരായ മൈക്കിൾ മുൾഹാൾ, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസഫ് പണ്ടാരശ്ശേരിൽ, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോസഫ് മാർ തോമസ്, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. സ്റ്റാൻലി റോമൻ, ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോർജ് പള്ളിപ്പറമ്പിൽ, ഡോ. സൈമൺ കായിപ്പുറം, മാർ തോമസ് ചക്യത്ത്, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജേക്കബ് മുരിക്കൻ, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, മാർ എഫ്രേം നരികുളം, മാർ ജോസ് പുളിക്കൽ എന്നിവരും സംബന്ധിച്ചു.

ജസ്റ്റിസ് കെ.ടി.തോമസ്, കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ, മോൺ. മാത്യു ഇളപ്പാനിക്കൽ, മോൺ. ജോസ് നവാസ്, ഷെവലിയർ ജോയ് ജോസഫ് കൊടിയന്തറ, തോമസ് ചാഴികാടൻ, സ്റ്റീഫൻ ജോർജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, നഗരസഭാധ്യക്ഷ ഡോ. പി.ആർ.സോന തുടങ്ങിയവരും ചടങ്ങിനെത്തി.