മുംബൈ: മോദിക്കും യോഗിക്കും പിന്നാലെ ബിജെപിയിൽ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും. മഹാരാഷ്ട്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച കാർഷിക കടം എഴുതിത്ത്ത്തള്ളൽ പദ്ധതിയിൽ സംസ്ഥാനത്തെ 36 ലക്ഷം കർഷകരുടെയും മുഴുവൻ കടങ്ങളും എഴുതിത്ത്ത്തള്ളുമെന്നാണ് ഫട്‌നാവിസിന്റെ പ്രഖ്യാപനം.

സഖ്യകക്ഷിയായ ശിവസേനയെ അമ്പേ തറപറ്റിച്ച് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മഹാരാഷ്ട്രയിൽ വമ്പൻ വിജയം നേടിയത് ഫട്‌നാവിസിന്റെ പ്രതിച്ഛായ കുത്തനെ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കർഷകരെ കയ്യിലെടുക്കുന്ന പ്രഖ്യാപനവുമായി ഫട്‌നാവിസ് എത്തുന്നത്. ഒന്നര ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്ന് പ്രഖ്യാപിച്ച ഫട്‌നാവിസ് വലിയ കയ്യടിയാണ് നേടുന്നത്.

മഹാരാഷ്ട്രയിലെ ഉയർന്ന കർഷക പ്രതിഷേധത്തെ തുടർന്ന് കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുന്നതിനായി 34,022 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതുവഴി സംസ്ഥാനത്തെ 89 ലക്ഷം കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തലുകൾ.

മഹാരാഷ്ട്രയിലെ 1.34 കോടി കർഷകരിൽ 90 ലക്ഷം ആളുകളും കാർഷിക ആവശ്യങ്ങൾക്കായി കടം എടുത്തിട്ടുള്ളവരാണ്. ഇതിൽ 89 ലക്ഷം കർഷകരും കടം എഴുതിത്ത്ത്തള്ളൽ പദ്ധതിക്ക് അർഹരായിരുന്നു. അവരെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് പറഞ്ഞു. 89 ലക്ഷം കർഷകരിൽ 44 ലക്ഷം കർഷകർക്കും അവരുടെ കടത്തിന്റെ ഭൂരിഭാഗവും വീട്ടാൻ പദ്ധതി സഹായകമാകും.

ഇതിൽ 36 ലക്ഷം പേരുടെ കടങ്ങൾ 1.5 ലക്ഷം രൂപയിൽ താഴെയായതിനാൽ അവരുടെ കടബാധ്യത പൂർണമായും എഴുതിത്ത്ത്തള്ളുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും യാവത്മാൽ, ബുൽധാന, അമരാവതി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. കർഷക ആത്മഹത്യ ഏറ്റവും കൂടുതൽ നടന്ന പ്രദേശങ്ങളാണ് ഇവയെന്നത് ശ്രദ്ധേയമാണ്. ഈയൊരു നീക്കത്തോടെ രാഷ്ട്രീയ തലത്തിലും ഫട്‌നാവിസിന്റെ പ്രതിച്ഛായ വാനോളം ഉയരുകയാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ രാഷ്ട്രീയത്തിന് അപ്പുറം ഇത് ദേശീയ തലത്തിലും വൻ പ്രതിഫലനങ്ങൾ ഉണ്ടാക്കും.