ജിദ്ദ: കഴിഞ്ഞ ദിവസം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പ്രവാസികൾക്കുള്ള ഗ്രീൻകാർഡിനെ കുറിച്ചുള്ള വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് തൊഴിൽ മന്ത്രി മുഫ്‌റെജ് അൽ ഹഖാബനി. അടുത്ത തിങ്കളാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തെ 11 മില്യൺ പ്രവാസികളാണുള്ളത്. ഇവർക്ക് റെസിഡൻസി അനുവദിക്കുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളിൽ അടുത്ത തിങ്കളാഴ്ച വ്യക്തത കൈവരുമന്നും മന്ത്രി മുഫ്‌റെജ് വെളിപ്പെടുത്തി.

സൗദി സ്വദേശിവത്ക്കരണം സംബന്ധിച്ച് നടത്തി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തൊഴിൽ മന്ത്രി. എണ്ണ വിലയിടിഞ്ഞതിനെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കവേയാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രവാസികൾക്ക് ഗ്രീൻ കാർഡു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്.

അതേസമയം ടെലികമ്യൂണിക്കേഷൻ രംഗത്തെ സ്വദേശി വത്ക്കരണവുമായി മുന്നോട്ടു പോകുമെന്നും തൊഴിൽ മന്ത്രി വ്യക്തമാക്കി. ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാനും മറ്റ് ജോലിയിലേക്ക് മാറാനും ഉള്ള സംവിധാനം ഉണ്ടാകും. ആവശ്യമുള്ളവർക്ക് രാജ്യം വിടാനും സാധിക്കും. 

ടെലികമ്യൂണിക്കേഷൻ മേഖലയിലെ സ്വദേശിവത്ക്കരണത്തിലൂടെ നാട്ടുകാരുടെ തൊഴിലില്ലായ്മ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യമേഖലയിലാണ് ആദ്യഘടത്തിൽ ഈ സംവിധാനം നടപ്പാക്കുക. ഇതിൽ ചില പ്രശ്നങ്ങളുണ്ട്. എന്നാൽ മന്ത്രാലയവുമായി സഹകരിച്ച് ഇവ പരിഹരിക്കുമെന്നും റിയാദ് ചേംമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുൾ റഹ്മാൻ അൽ സാമിൽ പറഞ്ഞു.