വാഷിങ്ടൺ: കുടിയേറ്റക്കാരിൽ ഭക്ഷണമായോ പണമായോ സർക്കാർ സഹായം സ്വീകരിക്കുന്നവർക്കും സ്വീകരിച്ചിട്ടുള്ളവർക്കും ഇനി അമേരിക്ക ഗ്രീൻ കാർഡ് നൽകില്ല. ഇതോടെ കുടിയേറ്റക്കാർക്ക് യു.എസിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗ്രീൻകാർഡ് നിർത്തലാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ രാജ്യത്ത് അഭയാർത്ഥികളായെത്തുന്നവർക്ക് ഗ്രീൻ കാർഡ് കിട്ടാതിരിക്കാനാണ് ഇത്തരം നീക്കമെന്നാണ് സൂചന. നിലവിൽ ഗ്രീൻ കാർഡ് ഉള്ളവർക്ക് ആർക്കും ഇത് നഷ്ടമാകില്ല.

ആനുകൂല്യങ്ങൾ വാങ്ങുന്നവർക്ക് ഗ്രീൻ കാർഡ് കൊടുക്കേണ്ടതില്ലെന്ന ശുപാർശ ആഭ്യന്തര സുരക്ഷാ (ഡി.എച്ച്.എസ്.) സെക്രട്ടറി വെള്ളിയാഴ്ച ഒപ്പിട്ടു. കോൺഗ്രസ് പാസാക്കിയാൽ ഇതു നിയമമാകും. ഏപ്രിലിലെ കണക്കനുസരിച്ച് 6,32,219 ഇന്ത്യക്കാരാണ് ഗ്രീൻ കാർഡിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് വിസച്ചട്ടങ്ങൾ കർക്കശമാക്കുന്ന ട്രംപ് സർക്കാരിന്റെ നടപടിയിൽ എറ്റവും പുതിയതാണ് നിർദിഷ്ട നിയമം. യു.എസിലെ താമസം നീട്ടാനോ വിസയുടെ പദവി മാറ്റാനോ ആഗ്രഹിക്കുന്നവർ സർക്കാർ ആനുകൂല്യങ്ങളൊന്നും പറ്റുന്നില്ലെന്ന് തെളിയിക്കണം. അതിനായില്ലെങ്കിൽ അവർക്ക് വിസ കാലാവധി നീട്ടാനോ ഗ്രീൻ കാർഡെടുക്കാനോ ആവില്ല.

സാധാരണ ഗ്രീൻ കാർഡ് എടുത്തവർ മാത്രമേ അമേരിക്കൻ സർക്കാരിന്റെ സഹായങ്ങൾ കൈപ്പറ്റാറുള്ളൂ. എന്നാൽ അഭയാർത്ഥികളായെത്തുന്നവർ അന്ന് മുതൽ തന്നെ സർക്കാരിന്റെ സഹായത്തിലാകും മുന്നോട്ട് പോവുക. ഭക്ഷണവും വസ്ത്രവും എല്ലാം സർക്കാർ നൽകും. അഭായർത്ഥികളായെത്തി ഗ്രീൻ കാർഡ് നേടി അമേരിക്കക്കാരായി മാറുന്നവർ ഏറെയാണ്. ഇവരെ ലക്ഷ്യമിട്ടാണ് ട്രംപ് പുതിയ നയം കൊണ്ടു വരുന്നതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇന്ത്യാക്കാർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകാനിടയില്ല. തൊഴിൽവിസയിൽ യു.എസിലെത്തുന്നവരുടെ ഭാര്യമാർക്ക് അവിടെ ജോലിചെയ്യാൻ അനുമതി നൽകുന്ന എച്ച്-4 വിസ മൂന്നുമാസത്തിനകം നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രീൻ കാർഡിലും സർക്കാർ പിടിമുറുക്കുന്നത്.

ഈ നയം മാറ്റത്തിൽ ഐ.ടി. വ്യവസായമേഖലയും രാഷ്ട്രീയനേതാക്കളും ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ യു.എസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർ സർക്കാരിനെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണമെന്നാണ് നിർദിഷ്ടനിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഡി.എച്ച്.എസ്. സെക്രട്ടറി ക്രിസ്റ്റ്യൻ നീൽസൻ പറഞ്ഞു. കുടിയേറ്റക്കാർ അമേരിക്കൻ നികുതിദായകർക്ക് ബാധ്യതയാവില്ലെന്ന് ഉറപ്പിക്കുകയാണ് ഉദ്ദേശ്യം. നിർദിഷ്ടനിയമം സുതാര്യമാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടുന്നെന്നും അവർ പറഞ്ഞു. നിയമത്തിന്റെ കരട് ഡി.എച്ച്.എസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം.

ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ്, ഡ്രോപ്ബോക്‌സ്, യാഹൂ, ഗൂഗിൾ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ എഫ്.ഡബ്ല്യു.ഡി.യു.എസ്. നിർദിഷ്ട നിയമത്തിൽ എതിർപ്പറിയിച്ചു. നിയമപരമായ കുടിയേറ്റങ്ങൾ ഗണ്യമായി കുറയ്ക്കാൻ സർക്കാർ പിൻവാതിലിലൂടെ നടത്തുന്ന നീക്കമാണിതെന്ന് സംഘടന ആരോപിച്ചു. കഠിനാധ്വാനികളായ കുടിയേറ്റക്കാരെ നിയമപരമായി യു.എസിലെ താമസക്കാരാക്കുന്നത് നിർത്തിയാൽ അത് രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് സംഘടനാ പ്രസിഡന്റ് ടോഡ് സ്‌കട്ടിൽ മുന്നറിയിപ്പു നൽകി.

നിർദിഷ്ടനിയമം പൊതുസമൂഹത്തിന് അപമാനമാണെന്ന് ലോസ് ആഞ്ജലിസ് മേയർ എറിക് ഗാർസെറ്റി പറഞ്ഞു. അമേരിക്കൻ കുട്ടികളുടെ ആരോഗ്യം, പാർപ്പിടം, സാമ്പത്തികസുരക്ഷ എന്നിവയ്ക്കുനേരെയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം ആരോപിച്ചു. വരുമാനം കുറഞ്ഞ രക്ഷിതാക്കളെയും കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും നികുതിയൊടുക്കുകയും നിയമമനുസരിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരെയും ശിക്ഷിക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.