- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ടത് രണ്ട് മഹാപ്രളയങ്ങൾ; എന്നിട്ടും കണ്ണുതുറക്കാത്ത അധികാര കേന്ദ്രങ്ങൾ; കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ കേന്ദ്രം നൽകിയത് 25.47 കോടി; കേരളം ചെലവിട്ടത് 9.88 കോടി; പൂർണ്ണമായും ഫണ്ട് ചെലവിട്ടത് ആറു സംസ്ഥാനങ്ങൾ; ഗ്രീൻ ഇന്ത്യാ മിഷനിൽ കേരളം കാട്ടിയ അനാസ്ഥയുടെ കഥ
കൊച്ചി: കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്നതിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിൽ സംസ്ഥാനം അലംഭാവം കാട്ടുന്നുവെന്ന് വിവരാവകാശ രേഖ. വനങ്ങളുടെ ഗുണനിലവാരവും വിസ്തീർണ്ണവും വർദ്ധിപ്പിക്കാൻ ആരംഭിച്ച ദേശീയ പദ്ധതിയായ ഗ്രീൻ ഇന്ത്യ മിഷനു കേന്ദ്ര സർക്കാർ 2015-16 മുതൽ 2020-21 വരെ സംസ്ഥാനത്തിന് നൽകിയത് 25.47 കോടി രൂപ, പക്ഷെ ചെലവിട്ടത് 9.88 കോടി മാത്രം.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ഫണ്ട് അനുവദിച്ചത്. ഇതിൽ ആറു സംസ്ഥാനങ്ങൾ - മിസോറാം, സിക്കിം, പഞ്ചാബ്, മണിപ്പൂർ, കർണാടക, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് ഫണ്ട് പൂർണമായും ചിലവഴിച്ചുവെന്നു വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. അതെ സമയം പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ ഇതുവരെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല.
രണ്ടു മഹാപ്രളയങ്ങൾ സംഭവിച്ചിട്ടും കാലാവസ്ഥ വ്യതിയാനം ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള ഫണ്ട് സംസ്ഥാനം എന്തുകൊണ്ടാണ് ഫലപ്രദമായി ഉപയോഗിക്കാത്തതെന്ന് സംസ്ഥാന സർക്കാരും വനം വകുപ്പും വ്യക്തമാക്കണം എന്ന് ഗോവിന്ദൻ നമ്പൂതിരി ആവശ്യപ്പെട്ടു.
ജൈവവൈവിധ്യം, ജലം, ജൈവവസ്തുക്കൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ, നിർണായക ആവാസവ്യവസ്ഥകൾ മുതലായവ സംരക്ഷിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ദേശീയ പ്രവർത്തന പദ്ധതിയുടെ (എൻഎപിസിസി) എട്ട് ദൗത്യങ്ങളിൽ ഒന്നായ ഗ്രീൻ ഇന്ത്യ മിഷന്റെ പ്രധാന ലക്ഷ്യങ്ങൾ. രാജ്യത്ത് കുറഞ്ഞുവരുന്ന വനവിസ്തൃതി പുനഃസ്ഥാപിക്കുകയും മെച്ചപ്പെടുത്തുകയും കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികളുമാണ് ഗ്രീൻ ഇന്ത്യ മിഷൻ (ജിഐഎം) ലക്ഷ്യമിടുന്നത്.
കണക്കുകൾ ഇങ്ങനെ: സംസ്ഥാനങ്ങൾ, ഫണ്ട് അനുവദിച്ചത്, വിനിയോഗിച്ചത്(കോടിയിൽ)
ആന്ധ്രാപ്രദേശ് 4.17, 3.72
ഛത്തീസ്‌ഗഡ് 66.63, 66.27
ഹിമാചൽ പ്രദേശ് 17.09 -
ജമ്മു കശ്മീർ 25.73 -
കർണാടക 8.97, 8.97
കേരളം 25.47, 9.88
മധ്യപ്രദേശ് 54.81, 54.38
മഹാരാഷ്ട്ര 10.30, 7.65
മണിപ്പൂർ 38.37, 38.24
മിസോറാം 72.95, 72.95
ഒഡീഷ 49.57, 38.50
പഞ്ചാബ് 15.52, 15.59
സിക്കിം 8.64 ,8.47
ഉത്തരാഖണ്ഡ് 48.10, 44.94
പശ്ചിമ ബംഗാൾ 9.43
മറുനാടന് മലയാളി ബ്യൂറോ