- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈനിന്റെ ഹരിതവശങ്ങൾ ചർച്ച ചെയ്ത് 'ഗ്രീൻ സിഗ്നൽ''
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിന്റെ ഹരിതവശങ്ങൾ വിശദമാക്കി 'ഗ്രീൻ സിഗ്നൽ'' വെബ്ബിനാർ സംഘടിപ്പിച്ചു. നിർമ്മാണഘട്ടത്തിലും പ്രവർത്തന ഘട്ടത്തിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായി വിഭാവനം ചെയ്യുന്ന സിൽവർലൈനിലൂടെ ഒരു സുസ്ഥിര വികസന മാതൃകയാണ് കേരളം മുന്നോട്ട് വെക്കുന്നതെന്ന് വെബ്ബിനാർ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ 'പാരിസ്ഥിതിക വശങ്ങൾ' വിശദമാക്കാൻ പരിസ്ഥിതി ദിനമായ ശനിയാഴ്ച കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ-റെയിൽ) സംഘടിപ്പിച്ച വെബ്ബിനാർ പ്രഭാഷകരുടെ തുറന്ന സംവാദത്തിനും വേദിയൊരുക്കി. സിൽവർലൈൻ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി കെ.ആർ.ഡി.സി.എൽ സംഘടിപ്പിക്കുന്ന 'കെ-റെയിൽ ടോക്സ്' ഓൺലൈൻ സംവാദ പരമ്പരയുടെ ഭാഗമായാണ് 'ഗ്രീൻ സിഗ്നൽ' അരങ്ങേറിയത്.
നാടിന്റെ സുസ്ഥിരവികസനം സാധ്യമാക്കാൻ സിൽവർലൈൻ പോലുള്ള ഗതാഗതസംവിധാനം അനിവാര്യതയാണെന്ന് വെബ്ബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റൈനബിൾ ഡവലപ്മെന്റ് ആൻഡ് ഗവേണൻസ് അധ്യക്ഷനും യു.എൻ.ഡിപി ഗ്ലോബൽ പ്രോഗ്രാം മുൻ തലവനുമായ ജോൺ സാമുവൽ അഭിപ്രായപ്പെട്ടു. സമഗ്രമായ ഗതാഗത സൗകര്യ വികസനമില്ലാതെ ഒരു നാട്ടിലും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക അഭിവൃദ്ധി സാധ്യമാവില്ല. അർദ്ധ അതിവേഗ റെയിൽ ഇടനാഴിയെന്ന ആശയം മികച്ചതാണെങ്കിലും അത് നടപ്പാക്കേണ്ടത് പൊതുജനങ്ങളുമായി കൂടിയാലോചന നടത്തി അവരുടെ ആശങ്കകൾ പരിഹരിച്ച ശേഷമാവണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മേൽപ്പാത, തുരങ്കം, വയഡക്ട് എന്നിവയിലൂടെയല്ലാതെ ട്രെയിൻ കടന്നുപോവുന്ന സ്ഥലങ്ങളിൽ ഓരോ അഞ്ഞൂറുമീറ്ററിലും റെയിൽപാത മുറിച്ചുകടക്കാൻ സൗകര്യമൊരുക്കുമെന്നിരിക്കെ സിൽവർലൈൻ കേരളത്തെ രണ്ടായി വേർതിരിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വെബ്ബിനാറിൽ മോഡറേറ്ററായ കെ-റെയിൽ ജനറൽ മാനേജർ (സിവിൽ) ജോസഫ് കെ.ജെ അഭിപ്രായപ്പെട്ടു. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവത്കരിച്ച് അവരുടെ ആശങ്കയകറ്റാനാണ് കെ-റെയിൽ ശ്രമിക്കുന്നത്. ഡി.പി.ആറിൽ പ്രതിപാദിക്കുന്ന അടങ്കലിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാവുമെന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ധനസമാഹരണ നടപടികളുമായി മുന്നോട്ട് പോവാൻ നീതി ആയോഗ് ശുപാർശ ചെയ്തത്. വിശദമായ പാരിസ്ഥിതിക ആഘാത നിർണയ പഠനവും സാമൂഹികാഘാത പഠനവും നടത്തി അന്തിമ അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിസ്ഥിതികമായ എല്ലാ വശങ്ങളും വിശദമായി അപഗ്രഥിച്ചാണ് സിൽവർലൈൻ പദ്ധതിക്കായി ത്വരിത പാരിസ്ഥിതിക ആഘാത നിർണയ പഠനം നടത്തിയതെന്നും കാർബൺ ബഹിർഗമനം പരാമവധി കുറയ്ക്കുന്ന നിർമ്മാണ, പ്രവർത്തന രീതി അവലംബിക്കുന്ന സിൽവർലൈൻ ഹരിത പദ്ധതിയായാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും സെന്റർ ഫോർ എൻവൺമെന്റ് ആൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഡയറക്ടർ ഡോ.വിനോദ്.ടി.ആർ വ്യക്തമാക്കി. അലൈന്മെന്റ് കടന്നുപോവുന്ന മേഖലകളിലെ ജലസ്രോതസ്സുകൾ, ജൈവ-കാർഷിക വൈവിധ്യം, ജനസാന്ദ്രത എന്നിവയെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവും ഒരേ സമയം ഉറപ്പുവരുത്തുന്ന തരത്തിൽ യാഥാർത്ഥ്യമാക്കുന്ന അർദ്ധ അതിവേഗ റെയിൽ ഇടനാഴിക്ക് ഏറ്റവും അനുയോജ്യവും സമയോചിതവുമായ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൂർണമായും ഹരിത ഇടനാഴിയായി വിഭാവനം ചെയ്ത സിൽവർലൈൻ കാർബൺ ബഹിർഗമനം കുറച്ചും ഇന്ധനലാഭത്തിന് വഴിയൊരുക്കിയും നാടിന് ഒരു ഹരിത മാതൃകയാവുമെന്ന് പദ്ധതി അവതരണം നിർവഹിച്ച കെ-റെയിൽ ജോയിന്റ് ജനറൽ മാനേജരും കമ്പനി സെക്രട്ടറിയുമായ ജി. അനിൽ കുമാർ അഭിപ്രായപ്പെട്ടു. സിൽവർലൈൻ എന്ന അഭിലാഷ പദ്ധതി കോവിഡാനന്തര കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുത്തനുണർവിന് വഴിയൊരുക്കും. പാരിസ്ഥിതിക, സാമ്പത്തിക വശങ്ങൾ ഉൾപ്പെടെ എല്ലാ തലങ്ങളും പരിഗണിച്ചുകൊണ്ടുള്ള ഒരു സമീപനത്തിലൂടെ സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന നിർദ്ദേശമാണ് സെന്റർ ഫോർ എൻവൺമെന്റ് ആൻഡ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.ബാബു അമ്പാട്ട് വെബ്ബിനാറിൽ മുന്നോട്ട് വെച്ചത്.
പൊതുജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമായ വെബ്ബിനാറിൽ പാരിസ്ഥിതിക വശങ്ങൾ സംബന്ധിച്ച ജനങ്ങളുടെ ചോദ്യങ്ങൾക്ക് ജോസഫ് കെ.ജെ, ഡോ.വിനോദ് ടി.ആർ, ജി.അനിൽകുമാർ എന്നിവർ മറുപടി നൽകി.