ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് എന്ന റേഡിയോ പരിപാടി നിർത്തിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. അതേസമയം, പുതിയ പദ്ധതികളോ നയങ്ങളോ പ്രഖ്യാപിക്കാൻ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു.

ബീഹാർ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേദ്രമോദിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്ത് നിർത്തിവെക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് കോൺഗ്രസ് പരാതി നൽകിയത്.

ഗ്രാമീണരുമായി സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി അധികാരത്തിലേറിയതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോയിലൂടെ മൻ കി ബാത്ത് പ്രക്ഷേപണം തുടങ്ങിയത്. ബീഹാർ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും പ്രക്ഷേപണം നിർത്തിവെയ്ക്കണമെന്നായിരുന്നു കോൺഗ്രസ് ആവശ്യപ്പെട്ടത്. മൻ കി ബാത്ത് വോട്ടർമാരെ സ്വാധീനിക്കാനിടയുണ്ടെന്നും അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ആവശ്യപ്പെട്ടത്.

അടുത്ത മാസം പന്ത്രണ്ടിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. 49 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശപത്രിക നല്‌കേണ്ട അവസാന തീയതി ഈ മാസം 23ആണ്. 10 ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.