12000 വർഷങ്ങൾക്കു മുമ്പ് ഭൂമിയിലേക്ക് ഉൽക്ക പതിച്ചതിന്റെ ആഘാതത്തിൽ ഗ്രീൻലാൻഡ് മഞ്ഞുപാളികൾക്കടിിൽ 19 മൈൽ വിസ്തൃതിയിൽ വിള്ളൽ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഹിരോഷിമയിൽ ഇട്ട ബോംബിനെക്കാൾ 470 ലക്ഷം ഇരട്ടി ശക്തിയിലാണ് ഇരുമ്പ് ഉൽക്ക ഭൂമിയിലേക്ക് പതിച്ചതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഹിമയുഗത്തിൽ പതിച്ചെന്നു പറയപ്പെടുന്ന ഉൽക്കയ്ക്ക് 3300 അടി വിസ്തൃതിയുള്ളതായാണ് പറയപ്പെടുന്നത്. നിലവിൽ ഗ്രീൻലാൻഡ് ഗ്ലേസിയറിനു അര മൈൽ അടിയിൽ കണ്ടെത്തിയിട്ടുള്ള വിള്ളലിന് പാരീസ് നഗരത്തെക്കാൾ അഞ്ചിരട്ടിയാണ് വലുപ്പം.

ഉല്ക്ക പതിച്ചതിന്റെ ആഘാതത്തിൽ ഇവിടെ നിന്നുള്ള അവശിഷ്ടങ്ങൽ കാനഡ വരെ ചെന്നെത്തിയുണ്ടായിരിക്കുമെന്നും ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. കൂടാതെ 60 മൈൽ ചുറ്റളവിലുള്ള എല്ലാ ജീവജാലങ്ങളേയും നശിപ്പിച്ചുകൊണ്ടായിരുന്നു വിസ്ഫോടനം നടന്നിട്ടുള്ളത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള വൻ ഉൽക്ക പതനത്തിലൊന്നാണ് ഇപ്പോൾ ഗ്രീൻലാൻഡിൽ കണ്ടെത്തിയിട്ടുള്ളത്.

വടക്ക് പടിഞ്ഞാറൻ ഗ്രീൻലാൻഡിൽ ഹിയാവാതാ ഗ്ലേസിയറിലാണ് 12 ബില്യൺ ടൺ ഭാരമുള്ള ഉൽക്ക വന്നു പതിഞ്ഞിട്ടുള്ളത്. ഇതുമൂലം രൂപപ്പെട്ട വിള്ളൽ കഴിഞ്ഞ 12,000 വർഷത്തോളം കണ്ടെത്താനാവാത്ത വിധം ഒളിഞ്ഞുകിടക്കുകയായിരുന്നുവെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു. ഉൽക്ക പതനത്തിന്റെ കൃത്യമായ കാലം രേഖപ്പെടുത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ലെങ്കിലും 30 ലക്ഷം വർഷങ്ങൾക്കു മുമ്പ് ഗ്രീൻലാൻഡ് മഞ്ഞുപാളികൾ രൂപപ്പെടാൻ തുടങ്ങിയപ്പോൾ തന്നെ ഉൽക്ക പതിച്ചുകാണുമെന്നും വിലയിരുത്തപ്പെടുന്നു.

1997 മുതൽ 2014 വരെ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രീൻലാൻഡിലെ ഈ വിള്ളലിനെ കുറിച്ച് വിവരം ലഭിക്കുന്നത്. കൂടാതെ 2016-ൽ ഇതുസംബന്ധിച്ച് റഡാർ സംവിധാനം ഉപയോഗിച്ച് കൂടുതൽ പഠനം നടത്തുകയും ചെയ്തു. രണ്ടു ദശാബ്ദക്കാലമായി റഡാർ സംവിധാനം ഉപയോഗിച്ചുള്ള പഠനം ഇതിൽ നടത്തിവരികയായിരുന്നുവെന്ന് കൻസാസ് യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയന്റിസ്റ്റ് ഡോ. ജോൺ പേഡൻ വെളിപ്പെടുത്തുന്നു. റഡാർ സൗണ്ടിങ് ഡേറ്റാകൾ സമാഹരിച്ച് ഇതുസംബന്ധിച്ച മാപ്പ് തയാറാക്കുകയാണ് ഗ്ലേസിയോളജിസ്റ്റുകൾ ചെയ്തത്.

ഇതനുസരിച്ച് ഡാനിഷ് ഗവേഷകർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് മഞ്ഞുപാളികൾക്കടിയിൽ വിള്ളൽ കണ്ടെത്തിയത്. സാറ്റലൈറ്റ് ഇമേജ് പരിശോധിച്ചപ്പോഴും ഇതു വ്യക്തമായി കാണാൻ സാധിച്ചുവെന്നും പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഓഫ് ഡെന്മാർക്കിലെ ഗവേഷകരാണ് 2015 ജൂലൈയിൽ ഈ വിള്ളൽ കണ്ടെത്തുന്നത്. മഞ്ഞുപാളികൾക്കടിയിൽ കുഴിഞ്ഞ മേഖല കണ്ടെത്തുകയും പിന്നീട് ഇത് വലിയൊരു വിള്ളലാണെന്നു മനസിലാക്കുകയും ചെയ്തത്. ശേഷം റഡാർ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വിള്ളലിന്റെ വ്യാപ്തി വ്യക്തമായി ലഭിക്കുകയും ചെയ്തു.

ഉൽക്ക പതിച്ചതിന്റെ ആഘാതം കണക്കാക്കിയത് വിള്ളലിന്റെ രൂപവും വലിപ്പവും കണക്കാക്കിയാണ്. 30 ലക്ഷത്തിനും 12,000 വർഷത്തിനും ഇടയ്ക്കുള്ള സമയത്താണ് ഭാരമേറിയ ഉൽക്ക ഭൂമിയിൽ പതിച്ചതെന്നാണ് ഇവർ കണ്ടെത്തിയത്. ഉൽക്കയുടെ പതനം സൃഷ്ടിച്ച ആഘാതം നമുക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണെന്നും അത് ഹിരോഷിമയിൽ ഇട്ട ബോംബുകളെക്കാൾ 470 ലക്ഷം ഇരട്ടി ശക്തിയിലാണ് ഭൂമിയിൽ പതിച്ചതെന്നും ഗവേഷകർ വ്യക്തമാക്കി. 60 മൈൽ ചുറ്റളവിലുള്ള സർവ ജീവജാലകങ്ങളേയും വസ്തുക്കളേയും നശിപ്പിക്കാനും ഇതിനു കഴിഞ്ഞു. കൂടാതെ ഗ്രീൻലാൻഡ് മഞ്ഞുപാളികൾ തത്ഫലമായി ഉരുകുകയും നാരസ് സ്ട്രെയിറ്റിൽ പ്രളയത്തിനു വഴിവയ്ക്കുകയും ചെയ്തു. ഈ പ്രളയം മേഖലയിലുള്ള നീരൊഴുക്കിനൊക്കെ വഴിതെളിക്കുകയും ചെയ്തു.

ഉൽക്ക പതനത്തിന്റെ കൃത്യമായ കാലഘട്ടം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ് ഇപ്പോഴും.