- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജെസീം ബൈക്കിൽ പോയതാണെന്ന് ബന്ധുക്കൾ; യുവാവ് ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യമുണ്ടെന്ന് പൊലീസും; വിവാഹദിവസം വരനെ കാണാതായി ദിവസം അഞ്ച് പിന്നിട്ടിട്ടും തുമ്പ് ലഭിക്കാതെ അന്വേഷണസംഘം
പൂച്ചാക്കൽ (ആലപ്പുഴ): വിവാഹദിവസം വരനെ കാണാതായ സംഭവത്തിൽ തുമ്പ് ലഭിക്കാതെ അന്വേഷണ സംഘം. ആലപ്പുഴ പാണാവള്ളിയിൽ നിന്നുമാണ് യുവാവിനെ കാണാതായത്. പാണാവള്ളി 10ാം വാർഡ് ചിറയിൽ ഹൗസിൽ ജെസിം(27)നെയാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴോടെ വീട്ടിൽനിന്നു കാണാതായത്.സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും സൂചനകളൊന്നും ലഭിക്കാതെ അന്വേഷണം തുടരുകയാണ്.
വിവാഹത്തിന്റെ തലേ ദിവസം സുഹൃത്തിന്റെ വീട്ടിൽ ഉറങ്ങി രാവിലെ വീട്ടിൽ എത്തിയ ജസീം ബൈക്കിൽ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞാണ് പോയത്.ഇപ്പോൾ വരാമെന്ന് അറിയിച്ച് പോയ ജെസിം പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ബന്ധുക്കൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാണാതാകുമ്പോൾ ബന്ധുവിന് അയച്ച ശബ്ദ സന്ദേശം ജെസിമിന്റേതാണെന്നു പൊലീസ് സ്ഥീരീകരിച്ചിട്ടുണ്ട്.തന്നെ കുറച്ചുപേർ തടഞ്ഞുവെച്ചിരിക്കുകയാണ്. പൊലീസിൽ വിവരം അറിയിക്കണമെന്നായിരുന്നു സന്ദേശം. യുവാവിന്റെ തിരോധാനത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച്് നാട്ടുകാർ രംഗത്തെത്തി.
എന്നാൽ കാണാതായ വരനെ തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ തട്ടിക്കൊണ്ടുപോയതായുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പൂച്ചാക്കൽ പൊലീസിന്റെ വിലയിരുത്തൽ.സൈബർ സെൽ മുഖേനയും അന്വേഷണം ഊർജ്ജിതമാക്കി.
സി.സി.ടി.വി., മൊബൈൽടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് അന്വേഷിക്കും. എറണാകുളം, തൃശ്ശൂർ ജില്ലകളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. ജസീമിന്റെ മൊബൈൽ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ വിളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പൂച്ചാക്കൽ തെക്കേക്കരയിൽ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ, യുവാവ് ബൈക്കിൽ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നു പൊലീസ് പറയുന്നു. അതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആയെന്നും സിഐ അജി ജി.നാഥ് പറഞ്ഞു.
അരൂക്കുറ്റി വടുതല സ്വദേശിനിയുമായാണ് വിവാഹം തീരുമാനിച്ചിരുന്നത്.വിവാഹത്തിന് മണിക്കൂറുകൾ മുൻപാണ് ചേർത്തല പാണാവള്ളി പഞ്ചായത്ത് ചിറയിൽ അലിയാരുടെ മകൻ ജസീമിനെ കാണാതാകുന്നത്.
ഇതിനിടെ, വധുവിന്റെ മുത്തച്ഛൻ തിങ്കളാഴ്ചരാവിലെ നെഞ്ചുവേദനയെത്തുടർന്നു മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹം.
മറുനാടന് മലയാളി ബ്യൂറോ