ന്യൂഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ വ്യോമസേന വിങ് കമാൻഡർ (ഇപ്പോൾ ഗ്രൂപ്പ് ക്യാപ്റ്റൻ) അഭിനന്ദൻ വർദ്ധമാൻ വീർ ചക്ര പുരസ്‌കാരം ഏറ്റുവാങ്ങി. യുദ്ധകാലത്തെ സേവനങ്ങൾക്ക് സൈനികർക്ക് നൽകുന്ന മൂന്നാമത്തെ പരമോന്നത ഇന്ത്യൻ സൈനിക ബഹുമതിയാണ് വീരചക്ര. 2019 ഫെബ്രുവരി 27ന് പാക്കിസ്ഥാന്റെ യുദ്ധവിമാനമായ എഫ്-16 വെടിവച്ചു വിഴ്‌ത്തിയതിനാണ് അഭിനന്ദൻ വർദ്ധമാന് വീർചക്ര ലഭിച്ചത്.

പുൽവാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാക്കിസ്ഥാനിലെ ബലാകോട്ടെ ഭീകര കേന്ദ്രങ്ങളിൽ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു.

ഇന്ത്യൻ അതിർത്തി ലംഘിച്ച പാക്കിസ്ഥാന്റെ അമേരിക്കൻ നിർമ്മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദൻ വെടിവെച്ചിട്ടിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ വിമാനം മിസൈൽ ആക്രമണത്തിൽ തകരുകയും അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു.

യുദ്ധമുഖത്ത് വിമാനം പാക് സൈന്യം വെടിവച്ചിട്ടെങ്കിലും, അദ്ദേഹം പാരച്യൂട്ടിൽ താഴേക്ക് ചാടി. പാക് അധീന കശ്മീരിൽ വീണ അഭിനന്ദനെ പാക് സൈന്യം പിടികൂടി തടവിൽ വയ്ക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ശക്തമായ പ്രത്യാക്രമണം ഭയന്ന് പിന്നീട് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.

രാജ്യസുരക്ഷക്കായി സ്വന്തം ജീവൻപോലും പണയംവച്ച് പാക്കിസ്ഥാൻ പട്ടാളത്തിന്റെ പിടിയിൽ കഴിയുമ്പോഴും നയതന്ത്രരഹസ്യങ്ങൾ ഒന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. വിങ് കമാൻർ ആയിരുന്ന അഭിനന്ദൻ വർദ്ധമാൻ ഇപ്പോൾ ഗ്രൂപ് ക്യാപ്റ്റനാണ്.

ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് മാർച്ച് ഒന്നിന് അഭിനന്ദനെ നിരുപാധികം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. ഇതോടെയാണ് അഭിനന്ദൻ ഇന്ത്യയുടെ ധീരപുരുഷനായത്.വർദ്ധമാന് പുറമേ ജമ്മുകാശ്മീരിൽ തീവ്രവാദികളെ തുരത്തിയ സാപ്പർ പ്രകാശ് ജാദവിന് കീർത്തി ചക്ര (മരണാനന്തരം) സമ്മാനിച്ചു.

മരണാന്തരമായി ആണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്.2 018ൽ നടന്ന ആക്രമണത്തിൽ അദ്ദേഹം ഒരു ഭീകരനെ കൊല്ലുകയും കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരെ രക്ഷിക്കുകയും ചെയതിരുന്നു.എന്നാൽ ഈ ആക്രമണത്തിൽ അദ്ദേഹം വീരചരമം പ്രാപിച്ചു.

തീവ്രവാദികളുമായി ഉണ്ടായ ആക്രമണത്തിൽ അഞ്ച് തീവ്രവാദികളെ വധിച്ച മേജർ വിഭൂതി ശങ്കർ ധോനദിയാലിന് ശൗര്യചക്ര ലഭിച്ചിരുന്നു. അദ്ദേഹത്തിനും മരണാന്തരമാണ് ലഭിച്ചിരിക്കുന്നത്. നയബ് സുബേദാർ സോബിറിന് മരണാനന്തര ബഹുമതിയായി ശൗര്യചക്രലഭിച്ചു.

മുൻ ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്.ജനറൽ അനിൽ ചൗഹാൻ, എഞ്ചീനീയറിങ്ങ് മേധാവി ലെഫ്ജനറൽ ഹർപാൽ സിങ്, ദക്ഷിണമേഖല നേവി കാമാൻഡർ വൈസ് അഡ്‌മിറൽ അനിൽ ചൗല, ഈസ്റ്റൺ എയർ കമാൻഡർ എയർ മാർഷൽ ദിലീപ് പട്നായിക് എന്നിവരും വിശിഷ്ടസേവ മെഡലുകൾ ഏറ്റുവാങ്ങി.