- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
22 എംഎൽഎമാരിൽ അഞ്ച് പേർ മാത്രം എ ഗ്രൂപ്പുകാർ; പ്രതിപക്ഷ നേതൃത്വം ചെന്നിത്തല കൊണ്ടു പോകാതിരിക്കാൻ ഐഗ്രൂപ്പ് പിളർത്തി മുരളിയെ രംഗത്തിറക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കം; വിഡി സതീശനും സാധ്യത; അധികാരം പോയ കോൺഗ്രസിൽ അടിപിടി മൂക്കുന്നു
തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പുപറഞ്ഞ് പ്രചരണത്തിൽ നിറഞ്ഞ കോൺഗ്രസിനെ ജനം എല്ലാ അർത്ഥത്തിലും കൈവിട്ടു. 22 സീറ്റുകൾ മാത്രമാണ് കിട്ടിയത്. പ്രതിപക്ഷത്ത് 25 സീറ്റിൽ മാത്രം മത്സരിച്ചിട്ടും ഇടത് തരംഗം ആഞ്ഞു വീശിയിട്ടും മുസ്ലിം ലീഗിന് പതിനെട്ട് സീറ്റ് കിട്ടി. ഭാഗ്യം കൊണ്ട് മാത്രമാണ് വലതു മുന്നണിയിലെ ഒന്നാമനെന്ന സ്ഥാനം കോൺഗ്രസിന് കിട്ടിയത്. ഇനി മുന്നിലുള്ളത് ഒരു സ്ഥാനം മാത്രം. അത് ക്യാബിനെറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന്റേത്. അതിനുള്ള അടി മൂക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ തിരുത്തിയെഴുതി പ്രതിപക്ഷ നേതൃസ്ഥാനം പിടിക്കാൻ എ-ഐ ഗ്രൂപ്പുകൾ രംഗത്തുണ്ട്. എതായാലും പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ സാഹചര്യം അനുകൂലമാക്കി കൺറ്റോൺമെന്റ് ഹൗസിലെത്താൻ ഒരു പിടി പേരുകാർ രംഗത്തുണ്ട്. അതായത് മുഖ്യമന്ത്രിയായി സിപിഐ(എം) പിണറായി വിജയനെ ഒറ്റ ദിവസം കൊണ്ട് നിശ്ചയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. ഹൈക്കമാണ്ടിന്റെ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ എന്നതാണ് അവസ
തിരുവനന്തപുരം: ഭരണത്തുടർച്ച ഉറപ്പുപറഞ്ഞ് പ്രചരണത്തിൽ നിറഞ്ഞ കോൺഗ്രസിനെ ജനം എല്ലാ അർത്ഥത്തിലും കൈവിട്ടു. 22 സീറ്റുകൾ മാത്രമാണ് കിട്ടിയത്. പ്രതിപക്ഷത്ത് 25 സീറ്റിൽ മാത്രം മത്സരിച്ചിട്ടും ഇടത് തരംഗം ആഞ്ഞു വീശിയിട്ടും മുസ്ലിം ലീഗിന് പതിനെട്ട് സീറ്റ് കിട്ടി. ഭാഗ്യം കൊണ്ട് മാത്രമാണ് വലതു മുന്നണിയിലെ ഒന്നാമനെന്ന സ്ഥാനം കോൺഗ്രസിന് കിട്ടിയത്. ഇനി മുന്നിലുള്ളത് ഒരു സ്ഥാനം മാത്രം. അത് ക്യാബിനെറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിന്റേത്. അതിനുള്ള അടി മൂക്കുകയാണ്. ഗ്രൂപ്പ് സമവാക്യങ്ങൾ തിരുത്തിയെഴുതി പ്രതിപക്ഷ നേതൃസ്ഥാനം പിടിക്കാൻ എ-ഐ ഗ്രൂപ്പുകൾ രംഗത്തുണ്ട്. എതായാലും പ്രതിപക്ഷ നേതാവാകാൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞ സാഹചര്യം അനുകൂലമാക്കി കൺറ്റോൺമെന്റ് ഹൗസിലെത്താൻ ഒരു പിടി പേരുകാർ രംഗത്തുണ്ട്. അതായത് മുഖ്യമന്ത്രിയായി സിപിഐ(എം) പിണറായി വിജയനെ ഒറ്റ ദിവസം കൊണ്ട് നിശ്ചയിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. ഹൈക്കമാണ്ടിന്റെ ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകൂ എന്നതാണ് അവസ്ഥ.
നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിന് വ്യക്തമായ പിന്തുണയുണ്ടെന്നാണ് വയ്പ്. അതുകൊണ്ട് തന്നെ എതിർപ്പില്ലാത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്താമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. ആഭ്യന്തര വകുപ്പ് കൈയാളി മന്ത്രിസഭയിലെ രണ്ടാമനായതിനാൽ ഉമ്മൻ ചാണ്ടി മാറുമ്പോൾ താനാണ് സ്വാഭാവിക പ്രതിപക്ഷ നേതാവെന്ന് ചെന്നിത്തല കരുതുന്നു. 22 നിയമസഭാ കക്ഷിയിൽ 9 പേരുടെ ഉറച്ച പിന്തുണയാണ് ചെന്നിത്തല പ്രതീക്ഷിക്കുന്നത്. അംഗബലം കുറവാണെന്ന് ഉമ്മൻ ചാണ്ടിക്ക് അറിയാം. എന്നാലും എ ഗ്രൂപ്പിനെ പാലം വലിയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ച ചെന്നിത്തലയെ ഉമ്മൻ ചാണ്ടി അംഗീകരിക്കുന്നില്ല. ബാർ കോഴയിലും സരിതയിലുമെല്ലാം ഐ ഗ്രൂപ്പിന്റെ ഇടപെടലുകൾ അറിയാമായിരുന്നിട്ടും മൗനം പാലിച്ചു. അത് ഭരണം തുടരാനായിരുന്നു. എന്നാൽ മാറിയ സാഹചര്യത്തിൽ മൗനം വെടിഞ്ഞ് കളിക്കാനിറങ്ങാനാണ് ഉമ്മൻ ചാണ്ടിയുടെ തീരുമാനം.
അതിനായി ഐ ഗ്രൂപ്പിനെ പിളർത്താനാണ് നീക്കം. വട്ടിയൂർക്കാവിൽ അതിശക്തമായ മത്സരത്തെയാണ് കെ മുരളീധരൻ അതിജീവിച്ച് ജയിച്ചത്. തനിക്ക് വേണ്ടി ഐ ഗ്രൂപ്പ് പോലും പ്രവർത്തിച്ചില്ലെന്ന് മുരളി തിരിച്ചറിയുന്നു. തന്നെ വെട്ടാൻ ഐ ഗ്രൂപ്പിലെ ചിലർ ബിജെപിയുമായി ഒത്തുകളിച്ചു. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പിനൊപ്പം നിൽക്കില്ലെന്ന നിലപാടിലാണ് മുരളി. ഇതോടെ ചെന്നിത്തലയുടെ 9 എന്ന കണക്ക് പുസ്തകത്തിൽ ഒരാൾ കുറയുന്നു. ബാർ കോഴയിലെ പ്രശ്‌നങ്ങളിൽ അടൂർ പ്രകാശും ചെന്നിത്തലയും തെറ്റിയിരുന്നു. അടൂർ പ്രകാശിന് സീറ്റ് നിഷേധിക്കാനുള്ള സുധീരന്റെ നീക്കങ്ങളിൽ ചെന്നിത്തലയുടെ മൗന പിന്തുണയും ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ പിന്തുണയോടെയാണ് കോന്നിയിൽ അടൂർ പ്രകാശ് മത്സരിച്ചതും ജയിച്ചതും. അതിനാൽ അടൂർ പ്രകാശും ചെന്നിത്തലയ്ക്ക് വേണ്ടി കൈയ് ഉയർത്തില്ല. നായർ വിഭാഗങ്ങൾ കോൺഗ്രിസനെ കൈവിട്ടതാണ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്ത്രപൂർവ്വം കെ മുരളീധരനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.
സണ്ണി ജോസഫ്, എപി അനിൽകുമാർ, ഹൈബി ഈഡൻ, അൻവർ സാദത്ത്, രമേശ് ചെന്നിത്തല, ,എസ് ശിവകുമാർ, എൽദോസ് കുന്നപ്പള്ളി എന്നിവരാണ് ഉറച്ച ഐ ഗ്രൂപ്പുകരായി നിയസഭാ കക്ഷിയിലുള്ളത്. എം വിൻസന്റ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വിപി സജീന്ദ്രൻ, കെസി ജോസഫ് എന്നിവരാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷക്കാർ. അനിൽ അക്കര സുധീരനൊപ്പമാണ്. പിടി തോമസിനും പലകാരണങ്ങൾ കൊണ്ട് സുധീരനോടാണ് താൽപ്പര്യം. ഐസി ബാലകൃഷ്ണൻ, വിടി ബൽറാം, ഷാഫി പറമ്പിൽ, വിഡി സതീശൻ, റോജി എം ജോൺ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ആരോടും താൽപര്യമില്ല. അതായത് ആറ് എംഎൽഎമാർ ഗ്രൂപ്പ് പക്ഷം പിടിക്കില്ല. മുരളിയും അടൂർ പ്രകാശും മാറുമ്പോൾ ഐ ഗ്രൂപ്പിന്റെ പിന്തുണ ഏഴായി ചുരുങ്ങും. രണ്ട് പേരെ കൂട്ടിയാൽ എ പക്ഷത്തും ഏഴാകും സഖ്യം. അങ്ങനെ വരുമ്പോൾ നിഷ്പക്ഷർ കാര്യങ്ങൾ തീരുമാനിക്കും.
ഐസി ബാലകൃഷ്ണൻ, വിടി ബൽറാം, ഷാഫി പറമ്പിൽ, റോജി എം ജോൺ, കെ എസ് ശബരിനാഥൻ എന്നിവർ ഈ ഘട്ടത്തിൽ പിന്തുണയ്ക്കാനെത്തുമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഐ ഗ്രൂപ്പിലെ ഭിന്നസ്വരം മുതലെടുത്ത് കെ മുരളീധരനെ മു്ൻനിർത്തി ചെന്നിത്തലയെ വെട്ടാൻ തന്നെയാണ് തീരുമാനം. കൂട്ടായ നേതൃത്വമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ചത്. ആരേയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയില്ല. അതിനാൽ തനിക്കൊപ്പം രമേശ് ചെന്നിത്തലയ്ക്കും വി എം സുധീരനും തോൽവിയുടെ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിയോഗിക്കുന്നതിനെ എതിർക്കുമെന്ന നിലപാടാകും ഉമ്മൻ ചാണ്ടി എടുക്കുക. മുസ്ലിം ലീഗും കേരളാ കോൺഗ്രസ് മാണിയേയും കൂടെകൂട്ടി ചെന്നിത്തലയെ വെട്ടാനാണ് നീക്കം.
ബാർ കോഴയിൽ മാണിക്ക് ചെന്നിത്തലയോട് വിരോധമുണ്ട്. അതിനാൽ ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതിനെ മാണി അംഗീകരിക്കില്ല. എന്തുവിലകൊടുത്തും എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്. നേതാവായി ഉമ്മൻ ചാണ്ടി മതിയെന്നാണ് മാണിയുടെ പക്ഷം. മുസ്ലിം ലീഗും പികെ കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പമാണ്. ചെന്നിത്തലയോട് താൽപ്പര്യവുമില്ല. അതുകൊണ്ട് തന്നെ ഹൈക്കമാണ്ടിനോട് ലീഗ് ചെന്നിത്തലയ്ക്ക് എതിരെ നിലപാട് എടുക്കും. ലീഗിന് മുരളിയോടും താൽപ്പര്യമുണ്ട്. വട്ടിയൂർക്കാവിൽ ബിജെപിയ്‌ക്കെതിരെ ജയിച്ചുവന്നയാളെ നേതാവാക്കുന്നത് ന്യൂനപക്ഷത്തിന്റെ വിശ്വാസ്യത നേടിയെടുക്കാൻ സഹായിക്കുമെന്നും ലീഗ് വാദമുയർത്തും. ഇതെല്ലാം മുന്നിൽ കണ്ടാണ് കെ മുരളീധരനെ ഉമ്മൻ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്.
രാഹുൽ ഗാന്ധിയുടെ പിന്തുണയോടെ പ്രതിപക്ഷ നേതൃസ്ഥാനം വിഡി സതീശനും ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഒരു ഗ്രൂപ്പിന്റേയും പിന്തുണ സതീഷനില്ല. ബിഡിജെഎസിന്റെ വെല്ലുവിളി അതിജീവിച്ച് ഇടതു തരംഗത്തിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയെന്നത് മാത്രമാണ് സതീശന്റെ അനുകൂല ഘടകം. അതുകൊണ്ട് കൂടിയാണ് മുരളീധരനെ കരുതലോടെ ഉമ്മൻ ചാണ്ടി മുന്നോട്ട് വയ്ക്കുന്നത്. മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി പല ആരോപണങ്ങളും പുറത്തുകൊണ്ടുവന്നത് സതീശനാണ്. ഭരണസമയത്ത് പ്രതിപക്ഷം എംഎൽഎയെ പോലെയാണ് സതീശൻ പ്രവർത്തിച്ചത്. കോൺഗ്രസിനെ കനത്ത തോൽവിയിലേക്ക് തള്ളിവട്ട പ്രധാനിയായി സതീശനെ ഉമ്മൻ ചാണ്ടി കരുതുന്നു. അതുകൊണ്ട് തന്നെ സതീശനെ എല്ലാ അർത്ഥത്തിലും ഉമ്മൻ ചാണ്ടി എതിർക്കും.
ഈ തർക്കത്തിൽ തൽക്കാലം കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പക്ഷം പിടിക്കില്ല. എന്നാൽ ചെന്നിത്തലയെ പിന്തുണയ്ക്കാൻ തയ്യാറാകില്ലെന്നാണ് സൂചന. എ കെ ആന്റണിയുടെ തീരുമാനം സുധീരൻ അംഗീകരിക്കാനാണ് സാധ്യത. മുരളിയെ നേതാവാക്കുന്നതിനെ ആന്റണിയും എതിർക്കില്ല. എന്നാൽ നിഷ്പക്ഷരെ ഒപ്പം കൂട്ടി നിയമസഭാ കക്ഷിയിൽ കരുത്ത് കാട്ടാനായാൽ ചെന്നിത്തലയ്ക്ക് തന്നെയാകും പ്രതിപക്ഷ നേതാവാകാൻ കൂടുതൽ സാധ്യത.