- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും 46പേർ ചേർന്നിരുന്ന് ഗ്രൂപ്പ് ഫോട്ടോ; കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് ശേഷമെടുത്ത ഫോട്ടോയിൽ ഉൾപ്പെട്ട ഭരണ - പ്രതിപക്ഷ അംഗങ്ങൾക്കും ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർക്കുമെതിരെ കേസ്; ഫോട്ടോ ഇത്രത്തോളം പൊല്ലാപ്പാകുമെന്ന് കരുതിയില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; കാലാവധി കഴിയാറായ ഭരണസമിതി അംഗങ്ങളുടെ ഫോട്ടോ പുതിയ ഓഫീസിൽ സ്ഥാപിക്കാമെന്ന് കരുതിയതാണെന്ന് ബ്ലോക്ക് സെക്രട്ടറി
മലപ്പുറം: മലപ്പുറം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിന് ശേഷമെടുത്ത ഗ്രൂപ്പ് ഫോട്ടോ വിവാദത്തിലേക്ക്. ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ട കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഉൾപ്പെടെ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോവിഡ് സാഹചര്യത്തിൽ മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് മാസ്റ്റർ, സെക്രട്ടറി പി കേശവദാസ് എന്നിവരുടെ നേതൃത്വത്തിൽ 46 പേർ ഒരുമിച്ചിരുന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തതിനെതിരെ വിവിധ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാളികാവ് പൊലീസ് പകർച്ച വ്യാധി നിർവ്യാപന ഉത്തരവ് പ്രകാരം കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞതിന് ശേഷമാണ് ബ്ലോക്ക് പഞ്ചായത്തിലെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവൻ അംഗങ്ങളും ഓഫീസ് ജീവനക്കാരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്ന ഉദ്ഘാടന ചടങ്ങിൽ നേരത്തെ ക്ഷണിക്കപ്പെട്ട നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമാണ് പ്രവേശനമുണ്ടായിരുന്നത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഭംഗിയായി ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചതിന് എംഎൽഎയും മന്ത്രിയും അടക്കം പ്രശംസിക്കുകയും ചെയ്തിരുന്നു.
എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം പോയതിന് ശേഷം പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ചേർന്ന് ഫോട്ടോക്ക് പോസ് ചെയ്യുകയായിരുന്നു. സാമൂഹിക അകലം പാലിച്ചില്ലെന്ന് മാത്രമല്ല ഫോട്ടോയിൽ ഉൾപ്പെട്ട ഒരാൾ പോലും മാസ്ക് ധരിച്ചിരുന്നുമില്ല. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ചിത്രത്തിനെതിരെയും ബ്ലോക്ക് പഞ്ചായത്തിലെ ഉത്തരവാദിത്തപ്പെട്ടവരുടെ ഈ പ്രവർത്തിക്കെതിരെയും വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നു. യുഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ എൽഡിഎഫ് പ്രവർത്തരും വിമർശനം ഉന്നയിച്ചു.
എന്നാൽ ചിത്രത്തിൽ പ്രതിപക്ഷ അംഗങ്ങളും ഉണ്ടായിരുന്നു. ഒരു ഫോട്ടോ ഇത്രത്തോളം പൊല്ലാപ്പാകുമെന്ന് ഫോട്ടോക്ക് പോസ് ചെയ്തവരും കരുതിയില്ല. ഭരണസമിതിയുടെ കാലാവധി കഴിയാൻ കേവലം ഒരു മാസം മാത്രം ബാക്കിയിരിക്കെയാണ് പുതിയ ഓഫീസിലേക്ക് പ്രവർത്തനം മാറുന്നത്. പുതിയ ഓഫീസിൽ സ്ഥാപിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഫോട്ടോയെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ചിത്രമെടുത്ത സംഭവത്തിനെതിരെയുള്ള പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നതായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കേശവദാസ് പറഞ്ഞു.
പൊലീസ് നടപടിയെ സ്വാഗതം ചെയ്യുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ഒരു മാസം മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിൽ എല്ലാവരും ഒത്തുചേർന്നപ്പോൾ ഒരു ഫോട്ടോയെടുത്തതാണ്. പുതിയ ഓഫീസ് കെട്ടിടത്തിൽ സ്ഥാപിക്കാൻ വേണ്ടിയാണ് ഫോട്ടോയെടുത്തത്. അറിഞ്ഞ് ചെയ്ത ഒരു അബദ്ധമായിരുന്നു അത്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന പാഠമാണ് ഈ കേസ് നൽകുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കേശവദാസ് പറഞ്ഞു.