- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2.8 കോടിക്ക് വിറ്റ എയർ ഇന്ത്യയെ തിരികെ എത്തിച്ചത് 18,000 കോടി നൽകി; ഇനി അടിമുടി പൊളിച്ചഴുതി പ്രൊഫഷണലിസം കൊണ്ടുവരും; എയർ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനും ആലോചന; മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാൻ ടിസിഎസിന്റെ സഹായം തേടും; സ്വയംവിരമിക്കൽ പദ്ധതിയും കൊണ്ടുവരും
ന്യൂഡൽഹി: 68 വർഷത്തിനു ശേഷമാണ് എയർ ഇന്ത്യയിലേക്ക് ടാറ്റാ ഗ്രൂപ്പ് മടങ്ങിയെത്തുന്നത്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസർക്കാർ എയർ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവൻ ഓഹരികളും അന്ന് സർക്കാർ വാങ്ങിയത്. അതേകമ്പനി നഷ്ടത്തിൽ കൂപ്പു കുത്തിയതോടെയാണ് 18,000 കോടിരൂപ നൽകി എയർഇന്ത്യ വീണ്ടെടുക്കുന്നത്. വലിയ വെല്ലുവിളികളാണ് ടാറ്റാ ഗ്രൂപ്പിന് മുന്നിലുള്ളത്.
ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സൺസ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യയുടെ മാനേജ്മെന്റ് പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. അടിമുടി പൊളിച്ചെഴുത്താണ് ഇവർ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ മാനേജ്മെന്റ് കൊണ്ടുവരിക എന്നതാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിനായി ടാറ്റയുടെ സഹോദരസ്ഥാപനമായ ടി.സി.എസി(ടാറ്റാ കൺസൾട്ടൻസി സർവീസ്)ന്റെ സേവനം തേടും. എയർ ഇന്ത്യയിലേക്ക് എയർ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ വർഷത്തിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമനടപടികൾ ഉണ്ടാവുക.
അതേസമയം, എയർ ഇന്ത്യ സ്വകാര്യവത്കരിക്കുമ്പോൾ ജീവനക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബൻസൽ പറഞ്ഞു. ആദ്യത്തെ ഒരു വർഷം പുതിയ ഉടമയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. രണ്ടാംവർഷംമുതൽ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കിൽ സ്വയം വിരമിക്കൽ പദ്ധതി(വി.ആർ.എസ്.) ആനുകൂല്യങ്ങൾ നൽകണം. വിരമിച്ച ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ തുടരുമെന്നും ബൻസൽ അറിയിച്ചു.
നിലവിൽ 12,085 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. ഇതിൽ 8084 പേർ സ്ഥിരംജീവനക്കാരും 4001 പേർ കരാർ ജീവനക്കാരുമാണ്. ഇതിനുപുറമേ ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിൽ 1434 ജീവനക്കാരുണ്ട്. പ്രതിവർഷം 1000 പേരെന്നനിലയിൽ അടുത്ത അഞ്ചുവർഷംകൊണ്ട് 5000 സ്ഥിരംജീവനക്കാർ വിരമിക്കും. ആദ്യത്തെ ഒരു വർഷത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാൻ ടാറ്റക്ക് സാധിക്കില്ല. ആദ്യത്തെ ഒരു വർഷം ജീവനക്കാരെ നിലനിർത്തുകയു വേണം. അതിന് ശേഷമാകും ഒരു വർഷത്തിനുശേഷം പിരിച്ചുവിടുകയാണെങ്കിൽ അവർക്ക് സ്വയംവിരമിക്കൽ പദ്ധതി (വി.ആർ.എസ്.) ആനുകൂല്യങ്ങൾ നൽകണം.
ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ നൽകണം. വിരമിച്ച ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ തുടരും. നിലവിൽ 55,000 പേർക്ക് മെഡിക്കൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പിരിച്ചുവിടുന്നതിനും നിലനിർത്തുന്നതിനും ജീവനക്കാരുടെ പ്രകടനനിലവാരം ഉൾപ്പെടെയുള്ള ഘടകങ്ങൾ മാനദണ്ഡമായിരിക്കും.
1932ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യയെന്ന വിമാനകമ്പനി അദ്ദേഹത്തിന്റെ പിറന്നാളിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്. 68 വർഷത്തിന് ശേഷം എയർ ഇന്ത്യ കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇടപാടിനെ കുറിച്ച് പലരും പ്രതികരിച്ചത്. 1907ൽ ഒരു മോണോ പ്ലെയിനിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ജെ.ആർ.ഡി ടാറ്റ തന്റെ വ്യോമയാന സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെച്ചു. പിന്നീട് 1929ൽ മുംബൈയിലെത്തി ഫ്ളൈയിങ് ക്ലബിനും തുടക്കം കുറിച്ചു. മൂന്ന് വർഷത്തിന് ശേഷം 1932 ടാറ്റ എവിയേഷൻ സർവീസും അദ്ദേഹം ആരംഭിച്ചു. രണ്ട് ലക്ഷം രൂപ മുതൽമുടക്കിലായിരുന്നു സംരംഭം ആരംഭിച്ചത്. ടാറ്റ എയർ മെയിൽ എന്ന പേരിലായിരുന്നു ആദ്യമായി സർവീസിന് തുടക്കം കുറിച്ചത്.
ആദ്യം കാർഗോ വിമാനങ്ങളുടെ സർവീസാണ് തുടങ്ങിയത്. വൈകാതെ ടാറ്റ എയർമെയിൽ ലാഭമുണ്ടാക്കുന്ന കമ്പനിയായി മാറി. 1933ൽ 60,000 രൂപയായിരുന്നു കമ്പനിയുടെ ലാഭം. 1937ൽ ഇത് ആറ് ലക്ഷമായി ഉയർന്നു. 1938ൽ കമ്പനിയുടെ പേര് ടാറ്റ എയർലൈൻസ് എന്നാക്കി മാറ്റി. പിന്നീട് രണ്ടാം ലോകമഹായുദ്ധാനന്തരം 1946ൽ എയർ ഇന്ത്യയെന്ന പേരിൽ ജോയിന്റ് സ്റ്റോക്ക് കമ്പനിയായി. സ്വാതന്ത്ര്യാനന്തരം അന്താരാഷ്ട്ര സർവീസ് തുടങ്ങുന്നതിനുള്ള പ്രൊപ്പോസൽ ജെ.ആർ.ഡി ടാറ്റ കേന്ദ്രസർക്കാറിന് കൈമാറി. പിന്നീട് കേന്ദ്രസർക്കാറിന്റെ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എയർ ഇന്ത്യ ബോംബെ-ലണ്ടൻ സർവീസിന് തുടക്കം കുറിച്ചു. 1953ൽ ദേശസാൽക്കരണത്തിന്റെ ഭാഗമായി 2.8 കോടിക്ക് എയർ ഇന്ത്യയിലെ ടാറ്റയുടെ ഓഹരികൾ കേന്ദ്രസർക്കാർ വാങ്ങി.
സർക്കാർ ഏറ്റെടുത്തുവെങ്കിലും 1978 വരെ ജെ.ആർ.ഡി ടാറ്റയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 1978 ജനുവരി ഒന്നിന് എയർ ഇന്ത്യയുടെ ബോയിങ്വിമാനം അറബിക്കടലിൽ വീണ് 213 പേർ മരിച്ചു. ഈ സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ മൊറാർജി ദേശായി സർക്കാർ ജെ.ആർ.ഡി ടാറ്റയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എയർ ഇന്ത്യയുടെ ശമ്പളം വാങ്ങാത്ത മേധാവിയെ മൊറാർജി സർക്കാർ മാറ്റിയെന്നായിരുന്നു പിറ്റേന്ന് പത്രങ്ങളിൽ വന്ന തലക്കെട്ട്. പിന്നീട് 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിലെത്തിയപ്പോൾ വീണ്ടും ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യയുടെ ബോർഡ് ഓഫ് ഡയറക്ടറായി നിയമിച്ചു.
മറുനാടന് ഡെസ്ക്