ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികളിലെ ഗ്രൂപ്പുവഴക്കും, പാരവയ്പും റിപ്പോർട്ട് ചെയ്യുന്നതിൽ മൽസരബുദ്ധി കാണിക്കുന്ന മാധ്യമപ്രവർത്തകർ തന്നെ ചേരിതിരിഞ്ഞ് പോരടിച്ചാൽ എന്തുചെയ്യും? കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ ചേരിതിരിവ് മാധ്യമലോകത്തെയാകെ നാണം കെടുത്തുന്ന രീതിയിൽ തരംതാഴുകയാണ്.

ജാതീയ ചുവയുള്ള പരാമർശം നടത്തിയതിന് യൂണിയനിലെ മലയാള മനോരമ അംഗം മാതൃഭൂമി അംഗത്തിനെതിരെ ഡൽഹി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുന്നതുവരെയെത്തി കാര്യങ്ങൾ. മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വി.വി.ബിനുവാണ് മാതൃഭൂമി സീനിയർ റിപ്പോർട്ടർ പി.കെ.മണികണ്ഠനടക്കം എട്ട് മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

ജാതീയ അധിക്ഷേപം മാധ്യമസമൂഹത്തിലും പൊതുസമൂഹത്തിലും സംഘർഷം സൃഷ്ടിക്കുന്നുവെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ആരോപിതർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.ഡൽഹി പത്രപ്രവർത്തക യൂണിയന്റെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ സഹപ്രവർത്തകർ തനിക്കെതിരെ ജാതീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ ചൊരിഞ്ഞുവെന്നാണ് പരാതിയുടെ കാതൽ.കഴിഞ്ഞ മാസം 29 ന് വൈകുന്നേരം 7.30 മുതൽ രണ്ടുമണിക്കൂറിലേറെ വളരെ ആസൂത്രിതമായിട്ടായിരുന്നു അധിക്ഷേപം.

വാട്‌സാപ് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് വി.വി.ബിനുവിന്റെ പരാതി.' ശ്രീനാരായണഗുരു ആത്മീയ നേതാവും,വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവുമായ പിന്നോക്ക ഈഴവ സമുദായത്തിൽ പെട്ടയാളാണ് ഞാൻ. വാട്‌സാപ് ഗ്രൂപ്പിലെ ചർച്ചയിൽ ആരോപിതരായ എട്ട് അംഗങ്ങളും ഗുരുവിന്റെയും, വെള്ളാപ്പള്ളിയുടെയും പേരുകൾ ഉപയോഗിച്ച് എന്നെ വ്യക്തിപരമായും, ജാതീയമായും അധിക്ഷേപിച്ചു.ഈ അധിക്ഷേപത്തിന്റെ അപമാനം താങ്ങാൻ വയ്യാതെ ഞാൻ കഴിഞ്ഞ മാസം 30 ന് (പിറ്റേന്ന്) കെയുഡബ്ല്യുജെയിൽ നിന്ന് രാജി വച്ചു. രണ്ടുപതിറ്റാണ്ടോളം അംഗമായിരുന്ന യൂണിയനിൽ നിന്നുള്ള രാജിക്കത്ത് ഞാൻ സംഘടനയുടെ പ്രസിഡന്റിന് അയച്ചുകൊടുത്തു.

സംസ്ഥാന സർക്കാർ കെയുഡബ്ല്യുജെയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് വിനിയോഗത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മെമോറാണ്ടത്തിൽ ഞാൻ ഒപ്പിട്ടുവെന്നതാണ് വ്യക്തിപരമായി എന്നെ അധിക്ഷേപിക്കാനുള്ള പ്രകോപനമെന്നുകരുതുന്നു.യൂണിയൻ ഫണ്ടും, ബാങ്ക് അക്കൗണ്ടും കൈകാര്യം ചെയ്യുന്ന കെയുഡബ്ല്യുജെ ഡൽഹി ഘടകം സെക്രട്ടറിയും, മുൻ ട്രഷററുമായ പി.കെ.മണികണ്ഠനാണ് എനിക്കെതിരെയുള്ള ഈ നീക്കത്തിന് പിന്നിലുള്ളത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ എനിക്കെതിരെയുള്ള അധിക്ഷേപം ഒറ്റപ്പെട്ട സംഭവമല്ല.മെമോറാണ്ടത്തിൽ ഒപ്പുവച്ച എന്റെ പല സഹപ്രവർത്തകർക്കും ഇത്തരത്തിൽ മത-ജാതീയ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.പി.കെ.മണികണ്ഠനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് ഏഴുപേരുമാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ എന്നെ ജാതീയമായി അധിക്ഷേപിച്ചത്. ഗ്രൂപ്പിലെ തൊണ്ണൂറിലധികം അംഗങ്ങൾ ഈ അധിക്ഷേപത്തിന് സാക്ഷികളാണ്. ചില മലയാളം പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ വരിക കൂടി ചെയ്തതോടെ ഗ്രൂപ്പിലും മാധ്യമസമൂഹത്തിലും സംഘർഷം നിലനിൽക്കുകയാണ്.'

പി.കെ.മണികണ്ഠനെ കൂടാതെ, ദേശാഭിമാനി ഫോട്ടോഗ്രാഫർ കെ.എം.വാസുദേവൻ,അമൃത ടിവി ക്യാമറാമാൻ പി.അമർജിത്ത്, മീഡിയ വൺ ചാനൽ ബ്യൂറോ ചീഫ് സനൂബ് ശശിധരൻ, ന്യൂസ് 18 നാഷണൽ അഫയേഴ്‌സ് എഡിറ്റർ ടി.ജെ.ശ്രീലാൽ,ന്യൂസ് 18 ക്യാമറാമാൻ ബിനു ബേസിൽ, ന്യൂസ് 18 അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ എം.ഉണ്ണിക്കൃഷ്ണൻ,സീനിയർ റിപ്പോർട്ടർ രാജേഷ് കോയിക്കൽ എന്നിവർക്കെതിരെയാണ് വി.വി.ബിനുവിന്റെ പരാതി. കെയുഡബ്ല്യുജെയിലെ ഫണ്ട് ദുർവിനിയോഗത്തെ കുറിച്ച് 18 മാധ്യമ പ്രവർത്തകർ ചേർന്ന് നൽകിയ മെമോറാണ്ടം,ശ്രീനാരായണ ഗുരുവിനെയും, വെള്ളാപ്പള്ളി നടേശനെയും പരാമർശിക്കുന്ന വാട്‌സാപ് പോസ്റ്റുകൾ, വി.വി.ബിനുവിന്റെ രാജി കത്ത് എന്നിവയും ഡൽഹി പൊലീസ് കമ്മീഷണർക്കുള്ള പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിലെ അഴിമതികൾ ചർച്ചയായതോടെയാണ് വിഭാഗീയത തുടങ്ങിയത്. യൂണിയൻ തെരഞ്ഞെടുപ്പോടെ ഇതിന് പുതിയ മാനം ലഭിച്ചു. തെരഞ്ഞെടുപ്പിലെ ഇടപെടലിനെതിരെ പരാതിയും സജീവമാണ്. അതിനിടെയാണ് മനോരമയുടെ ബിനുവിന്റെ രാജി. ഗുരുതരമായ ആക്ഷേപമാണ് ബിനു ഉയർത്തുന്നത്. ജാതി പരോക്ഷമായി സൂചിപ്പിക്കുന്ന കളിയാക്കലുകളാണ് വിനുവിനെതിരെ നടന്നത്.ഡൽഹിയിലെ പത്രപ്രവർത്തക യുണിയൻ ഘടകത്തിനെതിരെ നിരവധി ആരോപണം ഉയർന്നിരുന്നു. ഫണ്ട് വെട്ടിപ്പ് അടക്കമുള്ളവ ഇതിൽ ഉൾപ്പെട്ടു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നത്. ഇതിൽ അഴിമതിക്കാരെ അനുകൂലിക്കുന്നവർ തന്നെ ജയിച്ചു വന്നുവെന്നാണ് ആക്ഷേപം. പത്രപ്രവർത്തകരായി ജോലി എടുക്കാത്തവരെ കൊണ്ട് പോലും വോട്ട് ചെയ്യിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്റ്റാഫിലേക്ക് പോയ മുൻ പത്രക്കാർ വരെ വിമാനത്തിലെത്തി വോട്ട് ചെയ്തു. ഈ വിവാദങ്ങൾക്കിടെ കേരളാ പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിന് തെരഞ്ഞെടുപ്പിനെതിരെ പരാതിയും നൽകി. ഇതോടെ എതിർപ്പ് രൂക്ഷമായി. വിവി ബിനുവായിരുന്നു അഴിമതിക്കെതിരെ പോരാട്ടം നടത്തിയവരിൽ പ്രധാനി. അതുകൊണ്ട് തന്നെ ബിനുവിനെ ഡൽഹിയിലെ പ്രമുഖർ കളിയാക്കൽ തുടങ്ങി. ഇതാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലും പ്രതിഫലിച്ചത്.

ഗ്രൂപ്പിൽ വിനു ഇടുന്ന അഴിമതിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾക്ക് ഗുരുവേ നമ: എന്ന് മറുപടി നൽകിയാണ് കളിയാക്കൽ. താൻ എന്തുപറഞ്ഞാലും മറുപടിയില്ല. ഗുരുവേ നമ: എന്ന് മാത്രം മറുപടിയാണ് നൽകുന്നത്. വിപ്ലവകരമായി പ്രവർത്തിക്കുന്നവരാണ് ഇങ്ങനെ ആക്ഷേപിക്കുന്നത്. മാധ്യമത്തിലെ ആരെങ്കിലും കണക്ക് ചോദിച്ചാൽ അവരെ മുസ്ലിം വർഗ്ഗീയവാദിയാക്കും. ഫാ ടോം ഉഴുന്നാലിനെ കണ്ട മാധ്യമ പ്രവർത്തകനെ മാർപ്പാപ്പ ചുംബിച്ച കൈകളിൽ ചുംബിക്കാൻ മത്സരിക്കുമോ എന്നാണ് കളിയാക്കുന്നതെന്നും ബിനു മറുനാടനോട് പറഞ്ഞു

താൻ യൂണിയനിൽ തുടർന്നാൽ ഇവർ ഗുരുനിന്ദ തുടരും. അതിനാൽ രാജിവയ്ക്കുന്നുവെന്നാണ് ബിനു ഡൽഹി ഘടകം പ്രസിഡന്റിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. ജാതീയ അധിക്ഷേപം നടത്തുകയെന്നത് ഗുരുതര കുറ്റമാണ്. അതുകൊണ്ട് തന്നെ പികെ മണികണ്ഠനെതിരെ നടപടിയെടുക്കേണ്ടതുമുണ്ട്. എന്നാൽ ഡൽഹി സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമോ എന്നതാണ് പ്രശ്‌നം. ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലെ കളിയാക്കലിന്റെ സ്‌ക്രീൻ ഷോട്ടും പുറത്തുവന്നതു കൊണ്ട് തന്നെ മണികണ്ഠന് സ്വയം പ്രതിരോധത്തിനും കഴിയില്ല.

എന്നാൽ മണിക്ണ്ഠനെ രക്ഷിക്കാൻ ബിനുവിന്റെ പരാതി വെറുമൊരു ജാതിക്കത്ത് മാത്രമാക്കാനാണ് ശ്രമം. നേരത്തെ അഴിമതി ചൂണ്ടിക്കാട്ടി ബിനുവിനെ ഡൽഹിയിലെ മറ്റൊരു പ്രമുഖൻ ഓഫീസിലെത്തി ചീത്ത പറഞ്ഞതും വിവാദമായിരുന്നു.ബജറ്റ് വിഹിതം തെറ്റായി വിനിയോഗിച്ചതിൽ വിജിലൻസ് കേസിനും സാധ്യതയുണ്ട്.