തിരുവനന്തപുരം: മലയാളം ചാനലുകളുടെയും മലയാള മനോരമ പത്രത്തിന്റെയും സുവർണ്ണകാലം ഏതെന്ന് ചോദിച്ചാൽ വി എസ് - പിണറായി ഗ്രൂപ്പിസം അതിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിൽ എത്തിയ സമയമായിരുന്നു. ആ സമയത്തിന് നടന്ന സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങൾ താഴെ തട്ടിൽ മുതൽ മനോരമ റിപ്പോർട്ട് ചെയ്തു. ഏറിയാ തലത്തിലെ ചെറിയ ഭിന്നതകൾ പോലും പത്രം മുതലെടുത്ത് വെണ്ടക്കാ അക്ഷരത്തിൽ നിരത്തി. ഈ പോരിന് കരുത്ത് പകർന്ന് അന്ന് വിഎസിന്റെയും പിണറായിയുടേയും ഡയലോഗുകളുമുണ്ടായിരുന്നു. എന്നാൽ വിഭാഗീയതയുടെ കാലം പിണറായി വിജയൻ പാർട്ടിയിൽ പിടി മുറുക്കിയതോടെ തീർന്നു. പിന്നീട് ഇപ്പോൾ ജില്ലകൾ തോറും ചെറിയ ഗ്രൂപ്പുകൾ മാത്രമാണ് ഉണ്ടായത്. എന്തായാലും സിപിഎമ്മിൽ വീണ്ടമൊരു സമ്മേളന കാലം ഉയരുമ്പോൾ സിപിഐ(എം) വിരുദ്ധ വാർത്തകളുമായി പതിവുപോലെ മനോരമ രംഗത്തെത്തി കഴിഞ്ഞു.

വി എസ് അച്യുതാനന്ദൻ - പിണറായി വിജയൻ ഗ്രൂപ്പിന്റെ സ്ഥാനത്ത് ഐസക്-പിണറായി ഗ്രൂപ്പുകളെ പ്രതിഷ്ടിച്ചാണ് മനോരമ രംഗം കൊഴുപ്പിക്കാൻ രംഗത്തെത്തിയത്. എന്നാൽ ബാർ കോഴ അടക്കം നിരവധി ആരോപണങ്ങൾ ഉള്ളപ്പോൾ മനോരമയുടെ സിപിഐ(എം) ഗ്രൂപ്പിസത്തിന്റെ വാർത്ത കാര്യമായി ക്ലച്ചുപിടിക്കുന്നില്ലെന്ന് മാത്രം. ആലപ്പുഴ ജില്ലയിലെ വിഭാഗീയയുമായാണ് സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ മനോരമ രംഗം കൊഴുപ്പിക്കുന്നത്.

ജില്ലയിൽ വി എസ് - ഐസക് - സുധാകര പക്ഷങ്ങൾ നേരത്തെ പ്രബലമായിരുന്നുവെങ്കിൽ പകരം ഇപ്പോൾ പിണറായി പക്ഷവുമായി ചേർന്ന് ഐസക് പ്രവർത്തിക്കുന്നുവെന്നാണ് പത്രവാർത്ത. പ്രബലനായ ജി സുധാകരൻ-ഐസക് പക്ഷങ്ങൾ തമ്മിലുള്ള പോരിൽ വി എസ് പക്ഷം കാഴ്‌ച്ചക്കാരായി നിൽക്കുന്ന അവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ജി സുധാകരൻ നയിക്കുന്ന പിണറായി പക്ഷവുമായുള്ള പോര് ശമിച്ചതോടെ പിണറായി വിജയൻ തോമസ് ഐസകിനോട് കൂടുതൽ അടുക്കുകയാണെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴയിൽ പിണറായി വിഭാഗത്തിന്റെ നേതാവായി തോമസ് ഐസക് മാറുന്നുവെന്നാണ് പത്രറിപ്പോർട്ട്.

നേരത്തെ ജില്ലയിലെ പാർട്ടി കാര്യങ്ങൾ സംബന്ധിച്ചു മുതിർന്ന നേതാവ് പി.കെ. ചന്ദ്രാനന്ദനോടാണു പിണറായി വിജയൻ ആശയവിനിമയം നടത്തിയിരുന്നത്. എന്നാൽ ചന്ദ്രാനന്ദന്റെ മരണ ശേഷം ജില്ലയിലെ കാര്യങ്ങൾ തോമസ് ഐസക്കിനോടാണു ചർച്ച ചെയ്യുന്നത്. ജി. സുധാകരൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷം നേതാക്കളെ പിണറായി അവഗണിക്കുകയാണെന്നു പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. ശനിയാഴ്ച ആലപ്പുഴയിൽ എത്തിയ പിണറായിയും തോമസ് ഐസക്കും പ്രത്യേകമായി ചർച്ച ചെയ്ത ശേഷമാണു ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നതും. പിണറായിയുടെ വിശ്വസ്തരായിരുന്ന ഔദ്യോഗിക വിഭാഗത്തിലെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോടു ചർച്ച നടത്താൻ പിണറായി തയാറായതുമില്ല.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വി എസ്. വിഭാഗത്തിന്റെ സഹായത്തോടെ ഏരിയ കമ്മിറ്റികൾ പിടിച്ചെടുക്കുന്നതിൽ സജീവമായിരുന്ന തോമസ് ഐസക് ഇക്കുറി സമ്മേളനങ്ങളിൽ ഇടപെടുന്നില്ല. ജില്ലാ സെക്രട്ടറി നിർബന്ധിച്ചതിനെ തുടർന്ന് വി എസ്. - ഐസക് വിഭാഗത്തിന്റെ കോട്ടയായ മാരാരിക്കുളം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ മാത്രമേ തയാറായുള്ളു. ഐസക് വിഭാഗം എന്ന രീതിയിൽ മുന്നോട്ടു പോകാൻ താൽപ്പര്യമില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുമ്പോൾ പിണറായി വിജയൻ ഐസക്കിന്റെ സ്വപ്നപദ്ധതിയായ മാലിന്യനിർമ്മാർജന യജ്ഞം പാർട്ടി പരിപാടിയായി പ്രഖ്യാപിച്ച് അടുപ്പം വ്യക്തമാക്കുകയും ചെയ്തു.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ വി എസ്. - ഐസക് വിഭാത്തത്തിന്റെ ജൈത്രയാത്രയ്ക്കു തടയിട്ടതു ജി. സുധാകരന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം അവസാനവട്ടം നടത്തിയ നീക്കങ്ങളാണ്. കഴിഞ്ഞ സമ്മേളനത്തിൽ കമ്മിറ്റികൾ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയ പിണറായി ഇക്കുറി സമവായത്തിനാണു മുൻതൂക്കം നൽകുന്നത്.- മനോരമ റിപ്പോർട്ട് വ്യക്കമാക്കുന്നു.

ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പിന്നിലും വിഭാഗീയ പ്രശ്‌നങ്ങളെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട പാർട്ടി നടപടി എടുത്തവർ പരസ്പ്പരം കണ്ടാൽ പോലും മിണ്ടാത്ത ഗ്രൂപ്പിന്റെ ഭാഗമായിട്ടുള്ളവരാണെന്ന വാദഗതിയും ഉയർന്നിരുന്നു. ഈ സംഭവങ്ങൾ അടക്കം കൂടുതൽ വിഭാഗീയ വാർത്തകളാണ മനോരമ തേടുന്നത്.