സൂര്യടിവിയുടെ മലയാളി ഹൗസിൽ പങ്കെടുത്തത് തെറ്റായിപ്പോയെന്ന് കൈരളി ടിവിയിലെ അശ്വമേധത്തിന്റെ വേദിയിൽ ജിഎസ് പ്രദീപിന്റെ കുമ്പസാരം. കൈരളി ടിവി പുനരാരംഭിച്ച അശ്വമേധം പരിപാടിയിൽ പങ്കെടുക്കവേ എസ്എഫ്‌ഐ കേന്ദ്രകമ്മറ്റിയംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ചിന്ത ജെറോമിനോടായിരുന്നു പ്രദീപിന്റെ കുമ്പസാരം.

മൽസരത്തിൽ പങ്കെടുക്കാനെത്തിയ ചിന്ത തുടക്കത്തിൽ തന്നെ പ്രദീപിന്റെ മലയാളി ഹൗസ് കാലത്തെ ശക്തമായി വിമർശിച്ചു. മലയാളി ഹൗസ് പോലെ വൃത്തികെട്ട ഒരു പരിപാടിയിൽ അറിവിന്റെ ഖനിയായ ജിഎസ് പ്രദീപ് പങ്കെടുത്തത് തന്നെ പോലെ നിരവധി മലയാളികളെ ദുഃഖിപ്പിച്ചുവെന്ന് ചിന്ത തുറന്നടിച്ചു. അത്തരം വൃത്തികെട്ട പരിപാടിയിൽ പങ്കെടുത്തത് എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അശ്വമേധം എന്ന അറിവിലേക്ക് മനുഷ്യനെ കൈപിടിച്ചുയർത്തുന്ന പരിപാടിയിലാണ് പ്രദീപിനെ മലയാളികൾ കാണാനിഷ്ടപ്പെടുന്നതെന്നും ചിന്ത പറഞ്ഞു.

എന്നാൽ മലയാളി ഹൗസിന്റെ കാലത്ത് ചിന്തയും ഇടതുപുരോമഗനസംഘടനകളും തനിക്കെതിരായ വിമർശനം ഓർത്തെടുത്തുകൊണ്ടാണ് പ്രദീപ് മറുപടി പറഞ്ഞത്. ആ വിമർശനങ്ങൾ തന്നെ തിരുത്താൻ ഇടയാക്കിയെന്നും കടുത്ത വിമർശനങ്ങൾ തന്നെ തിരുത്താൻ തയാറായതിനും പ്രദീപ് ചിന്തയോട് നന്ദി പറഞ്ഞു.

ലോകത്ത് ആർക്കാണ് തെറ്റുപറ്റാത്തത്. മഹാനായ ഐൻസ്റ്റീന് പോലും തെറ്റുപറ്റിയിട്ടുണ്ട്. അതിനിടെ തികച്ചും സാധാരണക്കാരനായ തന്നെപ്പോലുള്ളവർക്ക് തെറ്റുപറ്റുക സ്വാഭാവകമാണെന്നും അത് താൻ തിരിച്ചറിഞ്ഞ് തിരുത്തിയെന്നും പ്രദീപ് തുറന്നടിച്ചു. ഇടവേളയ്ക്ക് ശേഷം കൈരളി ടിവിയിൽ പഴയ അശ്വമേധം പരിപാടി പുതിയ മുഖത്തോടെ ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ് പ്രദീപ്.