ന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്16 വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലർച്ചെ ഫ്രഞ്ച് ഗയാനയിലെ അരീനസ്‌പേസിൽ വച്ച് അരീന5 ലോഞ്ച് വെഹിക്കിൾ ഈ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. ജിയോസിങ്കർണസ് ട്രാൻസ്ഫർ ഓർബിറ്റി(ജിടിഒ)ലാണ് ഈ ഉപഗ്രഹത്തെ വിക്ഷേപിച്ചിരിക്കുന്നത്. ഉപഗ്രഹത്തെയും വഹിച്ച് കൊണ്ട് ഭ്രമണപഥത്തിലേക്കുള്ള യാത്രക്ക് അരീന5 32 മിനുറ്റും 20.4 സെക്കൻഡുകളുമെടുത്തു. ജിസാറ്റ് 16ന്റെ ലോഞ്ചിംഗിലൂടെ ഐഎസ്ആർഒയ്ക്ക്‌48 ട്രാൻസ്‌പോണ്ടറുകൾ ബഹിരാകാശത്ത് സ്ഥാപിക്കാനാകും.

അത്യാധുനിക രീതിയിലുള്ള കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റാണ് ജിസാറ്റ്16. 3181.6 കിലോഗ്രാം തൂക്കമാണ് ഇതിനുള്ളത്. ഇതിന് 48 കമ്മ്യൂണിക്കേഷൻ ട്രാൻസ്‌പോണ്ടറുകളെ വഹിക്കാനുള്ള ശേഷിയുണ്ട്. നിലവിലുള്ള 180 ട്രാൻസ്‌പോണ്ടറുകളിലേക്ക് 48 ട്രാൻസ്‌പോണ്ടറുകൾ കൂടി കൂട്ടിച്ചേർക്കപ്പെടുന്നതോടെ വാർത്താവിനിമയം കൂടുതൽ മെച്ചപ്പെടും. ഈ സാറ്റലൈറ്റിന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ ടിവിമൊബൈൽബ്രോഡ്ബാൻഡ് സർവീസുകൾ ഇനി അതിവേഗത്തിലാകുമെന്നുറപ്പാണ്. ജിസാറ്റ് 16ന്റെ ആയുസ്സ് 12 വർഷങ്ങളായിരിക്കും.

സാറ്റ്‌ലൈറ്റിന്റെ പ്രവർത്തനത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഐസ്ആർഒയുടെ ബാംഗ്ലൂരിലുള്ള ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്ന് അറിയിച്ചത്. കർണാടകയിലെ ഹാസനിലുള്ള ഐഎസ്ആർഒയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി ജിസാറ്റ്16ന്റെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞു. ഉപഗ്രഹത്തിന്റെ ആദ്യത്തെ ഓർബിറ്റ് റെയ്‌സിങ് ഓപ്പറേഷൻ നാളെ രാവിലെ 3.50നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്ന് സ്‌പേര് ഏജൻസി അറിയിച്ചു. ആദ്യം ജിസാറ്റ് 16ന്റെ ലോഞ്ചിങ് വെള്ളിയാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മോശപ്പെട്ട കാലാവസ്ഥ മൂലം ലോഞ്ചിങ് ആദ്യം ശനിയാഴ്ച രാവിലെ 2.09 ലേക്ക് മാറ്റി. അത് വീണ്ടും മാറ്റി ഇന്ന് പുലർച്ചെ ലോഞ്ചിങ് നിർവഹിക്കുകായിരുന്നു. ഇൻസാറ്റ്3ഇ ക്ക് പകരമാണ് ജിസാറ്റ്16 പ്രവർത്തിക്കുക. ഇൻസാറ്റ്3ഇ ഏപ്രിലിൽ ഡീകമ്മീഷൻ ചെയ്യും. ഐഎസ്ആർഒക്ക് വേണ്ടി അരീനസ്‌പേസ് വിക്ഷേപിക്കുന്ന 18ാമത്തെ ഉപഗ്രഹമാണ് ജിസാറ്റ്16.

ജിയോസ്‌റ്റേഷനറി ഓർബിറ്റിൽ 55 ഡിഗ്രി ഈസ്റ്റ് ലോംഗിട്യൂഡിലാണ് അവസാനഘട്ടത്തിൽ ജിസാറ്റ്16 പൊസിഷൻ ചെയ്യാനുദ്ദേശിക്കുന്നത്. ഇവിടെ ഇതിനൊപ്പം ജിസാറ്റ്8, ഐആർഎൻഎസ്എസ്1ബി സാറ്റലൈറ്റുകളും നിലകൊള്ളും.

ഇന്ത്യയുടെ റോക്കറ്റുകളായ പിഎസ്എൽവി, ജിഎസ്എൽവി എന്നിവയ്ക്ക് രണ്ട് ടൺക്ലാസിന് മുകളിലുള്ള സാറ്റലൈറ്റുകളെ ലോഞ്ച് ചെയ്യാനുള്ള കപ്പാസിറ്റിയില്ലാത്തതിനാലാണ് ജിസാറ്റ്-16 ലോഞ്ച് ചെയ്യാൻ ഐഎസ്ആർഒ വിദേശസഹായം തേടാൻ തീരുമാനിച്ചത്. പുതിയ ലോഞ്ചറായ ജിഎസ്എൽവി-എംകെഐഐഐ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്ആർഒ. ഇത് യാഥാർത്ഥ്യമാവുന്നതോടെ നാല് ടണ്ണിന് മുകളിൽ ഭാരമുള്ള ഉപഗ്രഹങ്ങളെ വരെ ഇവിടെ വച്ച് വിക്ഷേപിക്കാൻ സാധിക്കും.

കഴിഞ്ഞ വർഷം ജനുവരി രണ്ടിന് ചേർന്ന മന്മോഹൻ സർക്കാരിന്റെ ക്യാബിനറ്റ് മീറ്റിംഗിലാണ് ജിസാറ്റ്-16 വിക്ഷേപിക്കാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചിരുന്നത്. ഈ ഉപഗ്രഹം വികസിപ്പിക്കുന്നതിനും ലോഞ്ചിംഗിനും ഇൻഷുറൻസ് പരിരക്ഷയ്ക്കുമായുള്ള മൊത്തം തുകയായ 865.5 കോടി രൂപയും അന്നത്തെ കാബിനറ്റ് അനുവദിച്ചിരുന്നു.