തിരുവനന്തപുരം: കൂറ്റൻ വിക്ഷേപണ റോക്കറ്റ് ജി.എസ്.എൽ.വി എം.കെ 3' ഒടുവിൽ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നു. കന്നിപറക്കലിൽ 3500 കിലോഗ്രാം ഭാരമുള്ള ജി. സാറ്റ് 19 ഇ. ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തുക. ഏപ്രിലിൽ വിക്ഷേപണമുണ്ടാകും. അങ്ങനെ ഐ.എസ്.ആർ.ഒയെ വട്ടംകറക്കി നോട്ടിബോയ് ' എന്ന ഓമനപ്പേര് സ്വന്തമാക്കിയ ജിഎസ് എൽവിയും ചരിത്രക്കുതിപ്പിന് തയ്യാറെടുക്കുകയാണ്.

4000 കിലോ ഭാരം വരുന്ന കൂറ്റൻ ഉപഗ്രഹങ്ങൾ 22,240 മൈൽ ഉയരത്തിൽ വരെ എത്തിക്കാൻ കെല്പുള്ളതാണ് ഈ വിക്ഷേപണ റോക്കറ്റ്. അമേരിക്കയുടെ ഫാൽക്കൻ 9, യൂറോപ്യൻ യൂണിയന്റെ ഏരിയൻ 5, റഷ്യയുടെ പ്രോട്ടൺ, ജപ്പാന്റെ മിത് സുബിഷി, ചൈനയുടെ ലോംഗ് മാർച്ച് 5 തുടങ്ങിയ റോക്കറ്റുകളാണ് ലോകത്ത് ഈ ശ്രേണിയിലുള്ളത്. ഉപഗ്രഹങ്ങൾ ഘടിപ്പിക്കുന്ന അവസാനഭാഗമായ സി. 25 ന്റെ പരീക്ഷണങ്ങൾ കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. 75 ആനകളുടെ ശക്തിയുള്ള സി.ഇ 25 എൻജിനാണ് ഉപയോഗിക്കുന്നത്.

അമേരിക്കൻ സമ്മർദ്ദങ്ങളെ തുടർന്ന് റഷ്യ ക്രയോ എൻജിൻ കൈമാറാതിരുന്നതോടെ 2000 ലാണ് വലിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ശേഷിയുള്ള ജി.എസ്.എൽ.വി എം.കെ 3 റോക്കറ്റിനായി ഐ.എസ്.ആർ.ഒ ശ്രമം തുടങ്ങിയത്. വിജയത്തിന് പിടിതരാതെ തുടർച്ചയായി വഴുതിമാറിയ ജി.എസ്.എൽ.വി എം.കെ 3യെ തെമ്മാടിക്കുട്ടൻ (നോട്ടിബോയ്) എന്നാണ് ഐ.എസ്.ആർ.ഒ വിശേഷിപ്പിച്ചിരുന്നത്.

മൂന്ന് ഘട്ടങ്ങളുള്ള ഈ റോക്കറ്റിന്റെ എസ് 200 എന്ന ഒന്നാംഘട്ടം 2010ലും എൽ 110 എന്ന രണ്ടാംഘട്ടം 2011 ലും വിജയിപ്പിച്ചെടുത്തു. ഇതുരണ്ടും മനുഷ്യദൗത്യത്തിനുപയോഗിക്കുന്ന ക്രൂ മൊഡ്യൂൾ എന്ന സ്‌പെയ്‌സ് ഷട്ടിൽ മാതൃകയ്‌ക്കൊപ്പം പരീക്ഷിച്ച് 2014 ൽ വിജയം ഉറപ്പ് വരുത്തി. മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായ സി 25 ന്റെ പരീക്ഷണം വിജയിച്ചത് 2017 ജനുവരിയിലാണ്.