ചെന്നൈ: 125 കോടി ജനങ്ങളുടെ പ്രതീക്ഷ സഫലമായി. ഇന്ത്യയ്ക്ക് ഇനി വിദേശരാജ്യങ്ങളെ ആശ്രയിക്കാതെ ഭാരം കൂടിയ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് സാങ്കേതിവിദ്യയിൽ തയാറാക്കിയ ജിഎസ്എൽവി മാർക് 3 റോക്കിന്റെ വിക്ഷേപണം പൂർണമായി വിജയം കണ്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് വൈകിട്ട് 5.28നായിരുന്നു വിക്ഷേപണം.

3,136 കിലോഗ്രാം ഭാരമുള്ള വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19നെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കൻഡിനുള്ളിലാണു വിക്ഷേപണം പൂർത്തിയായത്. ആദ്യഘട്ടം രണ്ടു മിനിറ്റ് 20 സെക്കൻഡിനുള്ളിലും രണ്ടാംഘട്ടം അഞ്ചു മിനിറ്റ് 20 സെക്കൻഡിനുള്ളിലും അവസാനിച്ചു. നിർണായകമായ അവസാന ഘട്ടത്തിലാണ് ക്രയോജനിക് എൻജിൻ പ്രവർത്തിപ്പിച്ചത്. അഞ്ചു മിനിറ്റ് 22 സെക്കൻഡ് മുതൽ 16 മിനിറ്റ് അഞ്ചു സെക്കൻഡ് വരെയുള്ള ഈ ഘട്ടം വിജയകരമായി പൂർത്തിയായി. അടുത്ത 15 സെക്കൻഡിനുള്ളിൽ ഉപഗ്രഹം വിക്ഷേപണവാഹനത്തിൽനിന്ന് വേർപെട്ടു. മൂന്നാം ഘട്ടവും വിജയകരമായതോടെ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞന്മാരുടെ മുഖത്ത് ആഹ്‌ളാദം പരന്നു.

ഇതോടെ നാലു ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമായി. ഭാവിയിൽ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ജിഎസ്എൽവി മാർക്ക് മൂന്ന് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിനുള്ളിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാണ് ഇന്ത്യൻ പദ്ധതി.

ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജിഎസ്എൽവി. മാർക്ക് മൂന്ന്. 640 ടൺ ആണ് ഭാരം. ഉയരം 43.4 മീറ്റർ (ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം). ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതി വിദ്യയാണ് റോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ കിട്ടിയാൽ ആണവ മിസൈൽ ഉണ്ടാക്കുമെന്നാരോപിച്ച് 1992ൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്രയോജനിക് വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള ധാരണയിൽ നിന്ന് റഷ്യ പിന്മാറിയത്. തുടർന്ന് 1994 ലാണ് ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതി തിരുവനന്തപുരം വി എസ്.എസ്.സിയിൽ തുടങ്ങിയത്. 2001 ൽ ജിഎസ്എൽവി മാർക്ക് 1 ഉം 2010ൽ മാർക്ക് 2 ഉം വികസിപ്പിച്ചു. അപ്പർ സ്റ്റേജായ ക്രയോജനിക് എൻജിൻ ഉൾപ്പെടെ മൂന്ന് സ്റ്റേജുകളും തദ്ദേശീയമായി നിർമ്മിച്ച മാർക്ക് - ത്രീയുടെ ആദ്യ വിക്ഷേപണമാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

കെ.എ./കെ.യു. ബാൻഡ് വാർത്താവിനിമയ ട്രാൻസ്‌പോണ്ടറുകൾ, ഉപഗ്രഹങ്ങൾക്കുമേൽ ബഹിരാകാശ വികിരണങ്ങൾ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷൻ സ്‌പെക്ടോമീറ്റർ എന്നിവ അടങ്ങിയ ഉപഗ്രഹമാണ് ജി.സാറ്റ്-19. ജി-സാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കുന്നതോടെ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ജി - സാറ്റ് 11, ജി - സാറ്റ് 20 ഉപഗ്രഹങ്ങളാണ് ഇനി വിക്ഷേപിക്കുക.

ഇവയിലെ ഉയർന്ന ഫ്രീക്വൻസിയുള്ള ട്രാൻസ്‌പോണ്ടറുകളിലെ മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകളാണ് അതിവേഗ ഇന്റർനെറ്റ് സാദ്ധ്യമാക്കുന്നത്. ഒരു സ്‌പോട്ട് ബീമിന് ഒരു നഗരത്തിൽ മാത്രമേ ഇന്റർനെറ്റ് നൽകാനാകൂ. മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകൾ രാജ്യം മുഴുവൻ ഇന്റർനെറ്റ് നൽകാൻ പര്യാപ്തമാണ്. ജി- സാറ്റ് 19 ൽ 11 മൾട്ടിപ്പിൾ ബീമുകളുണ്ട്. മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ 80 മൾട്ടിപ്പിൾ സ്‌പോട്ട് ബീമുകൾ ലഭ്യമാകും. ഇതോടെ സെക്കൻഡിൽ 70 ജിഗാബൈറ്റ് ഇന്റർനെറ്റ് ലഭിക്കും. നിലവിൽ ഒരു ജിഗാബൈറ്റാണ് പരമാവധി വേഗത.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ റോക്കറ്റാണ് ജിഎസ്എൽവി മാർക് 3. ഈ റോക്കറ്റ് ഉപയോഗിച്ച് മനുഷ്യനെ ബഹിരാകശത്തേയ്ക്ക് അയയ്ക്കാനാണ് ഇന്ത്യയുടെ പദ്ധതി. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ മനുഷ്യനെ അയയ്ക്കാൻ കഴിയുന്ന റോക്കറ്റ് നിർമ്മിച്ചിട്ടുള്ളത്. ഈ നിരയിൽ നാലാമത്തെ രാജ്യമായി മാറാൻ പരീക്ഷണങ്ങൾ വിജയിച്ചാൽ ഇന്ത്യക്കു കഴിയും. ഒരു വനിതയെ ആയിരിക്കും റോക്കറ്റിൽ ആദ്യമായി ബഹിരാകാശത്തക്ക് അയയ്ക്കുക എന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിൽ അതും ചരിത്രമായിരിക്കും.

ജിഎസ്എൽവി മാർക്3 റോക്കറ്റ് വിക്ഷേപണം വിജയം കണ്ടതോടെ പിഎസ്എൽവിക്കും ജിഎസ്എൽവിക്കും ശേഷം മറ്റൊരുശ്രേണി വിക്ഷേപണ വാഹനം കൂടി ഇന്ത്യക്കു സ്വന്തമായിരിക്കുകയാണ്.

മാർക് 3യുടെ മുൻഗാമിയായ ജിഎസ്എൽവി മാർക്ക് 2 റോക്കറ്റിന് 2.2 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെയേ വഹിക്കാനാകൂ. എന്നാൽ മാർക് 3യ്ക്ക് നാലു ടൺവരെയുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കാനാകും. ലോ എർത്ത് ഓർബിറ്റിലേക്കാണെങ്കിൽ എട്ടു ടൺ വരെയുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാകും.

പതിനഞ്ചു വർഷത്തെ ശാസ്ത്രജ്ഞരുടെ ശ്രമത്തിന്റെ ഫലമായിട്ടാണ് ദ്രവരൂപത്തിലുള്ള ഓക്സിജനും ഹൈഡ്രജനും ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്രയോജെനിക് എൻജിൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.