വീട് വാങ്ങാനും മക്കളുടെ കല്യാണത്തിനും നാട്ടിൽ നിന്നും പണം വരുത്തിയിരുന്ന യുകെ മലയാളികൾക്ക് എട്ടിന്റെ പണി കിട്ടുന്നു; പത്തു ലക്ഷത്തിനു 1900 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ട നികുതി 50000 രൂപ; നിർദ്ദേശം വിദ്യാർത്ഥികൾക്കു ബാധകമായേക്കില്ല; സ്വർണക്കടത്തുകാർക്കും മയക്കു മരുന്നു ലോബിക്കും വരുമാന നഷ്ടം; വിശുദ്ധ നാട് തീർത്ഥാടനവും വിദേശ ലെക്കേഷൻ സിനിമയും ചിലവേറും ; പ്രവാസികൾക്ക് ജി എസ് ടി കുരുക്ക് ഇങ്ങനെ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: വീട് വാങ്ങാൻ നാട്ടിലെ വസ്തു വിറ്റും നിക്ഷേപങ്ങൾ തിരിച്ചെടുത്തും ഒക്കെ യുകെയിൽ എത്തിച്ചു കൊണ്ടിരുന്ന മലയാളികൾക്ക് കേന്ദ്ര സർക്കാർ ബജറ്റിൽ നിർദ്ദേശിച്ച ജി.എസ്.ടിയുടെ പേരിൽ തകർപ്പൻ പാര. വെറും 0.019 ശതമാനം മാത്രം ഉണ്ടായിരുന്ന നികുതി ഒറ്റയടിക്ക് അഞ്ചു ശതമാനത്തിലേക്ക് ഉയരുകയാണ്. അതായതു പത്തു ലക്ഷം രൂപ മുൻപു നാട്ടിൽ നിന്നും എത്തിക്കുമ്പോൾ നികുതിയായി നൽകിയിരുന്ന 1900 രൂപയ്ക്കു പകരം ഇനി ജി.എസ്.ടി ഇനത്തിൽ അൻപതിനായിരം രൂപയാണ് നൽകേണ്ടി വരിക. ഈ മാറ്റം അടുത്ത മാസം മുതൽ നടപ്പാക്കുകയാണ്. അതിനാൽ പണം നാട്ടിൽ നിന്നും യുകെയിൽ എത്തിക്കേണ്ടവർ അടിയന്തിരമായി അതു ചെയ്യണമെന്ന് പ്രമുഖ സ്വകാര്യ ബാങ്ക് അധികൃതർ എൻ.ആർ.ഐ ഉപയോക്താക്കളെ അറിയിച്ചു തുടങ്ങി.
ഇതോടെ നാട്ടിൽ വസ്തു വിറ്റും ലോൺ എടുത്തും മറ്റും യുകെയിൽ പണം എത്തിക്കാൻ തയ്യാറായിരുന്ന യുകെ മലയാളികൾക്ക് കനത്ത സാമ്പത്തിക നഷ്ടം ഈ ഇനത്തിൽ സംഭവിക്കും എന്നുറപ്പായി. ടൂർ ഓപ്പറേറ്റർമാർ വലിയ തോതിൽ പണം വിദേശത്തേക്ക് എത്തിക്കുന്നതിനാൽ വിശുദ്ധ നാട് തീർത്ഥാടനം അടക്കമുള്ള പാക്കേജ്ഡ് ടൂർ നടത്തുന്നവർക്കും പ്രതിസന്ധി ഉണ്ടാകുമെന്നുറപ്പ്.
നികുതി വർധിക്കുമ്പോൾ സ്വാഭാവികമായും അതു യാത്ര ചെലവിൽ പ്രതിഫലിക്കും. കുടുംബം ഒന്നിച്ചു നടത്തുന്ന പല വിദേശ യാത്രകൾക്കും ഇടത്തരക്കാരുടെ പോലും മക്കൾ നടത്തുന്ന വിദേശ ഹണിമൂൺ ട്രിപ്പുകളും ഒക്കെ ഇത്തരത്തിൽ ചിലവേറുന്നതായി മാറും. ഈ രംഗത്ത് മലയാളികൾക്കിടയിൽ പുതിയ ട്രെന്റ് രൂപപ്പെട്ടു വരുന്ന സാഹചര്യത്തിലാണ് നികുതി വർധന എന്നതും പ്രത്യേകതയാണ്.
കേന്ദ്ര സർക്കാർ ബജറ്റ് നിർദ്ദേശം നടപ്പാക്കുന്നു എന്നതിനാൽ ഇക്കാര്യം ഒഴിവാക്കാൻ മറ്റു മാർഗങ്ങൾ ഇല്ലെന്നതും ശ്രദ്ധേയം. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ശക്തമായതിനെ തുടർന്ന് നിശ്ചലമായ റിയൽ എസ്റ്റേറ്റ് രംഗത്തെ നിക്ഷേപങ്ങൾ ഏതുവിധേനയും തിരികെ യുകെയിൽ എത്തിച്ചു സുരക്ഷിതമായ നിക്ഷേപമാക്കുക എന്ന ചിന്തയിൽ പല യുകെ മലയാളികളും പണം അധികമായി യുകെയിൽ എത്തിച്ചു തുടങ്ങിയ സമയത്തു തന്നെയാണ് ജി.എസ്.ടിയുടെ രൂപത്തിൽ ഇരുട്ടടി എത്തുന്നത്.
കൂടാതെ കോവിഡ് പ്രമാണിച്ചു നാട്ടിൽ നടത്താനിരുന്ന വിവാഹങ്ങൾ കൂടി യുകെയിൽ തന്നെ നടത്തി തുടങ്ങിയതോടെ ലക്ഷക്കണക്കിന് രൂപയാണ് കേരളത്തിൽ നിന്നും യുകെ മലയാളികൾ അടുത്ത കാലത്തായി എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും ഏതു വിദേശ രാജ്യത്തേക്കും പണം അയക്കാൻ ഈ നികുതി ഘടന ബാധകമായിരിക്കും. അടുത്തകാലത്തായി പണത്തിന്റെ തിരിച്ചൊഴുക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് കുത്തനെയുള്ള ഈ വർധനയെന്നു ബാങ്കിങ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
എന്നാൽ പുതിയ നിർദ്ദേശം നിക്ഷേപം നടത്തുന്ന യുകെ മലയാളികളെ മാത്രമല്ല ടൂർ കമ്പനികൾ, സിനിമ പ്രോജക്ടുകൾ എന്നിവരെയൊക്കെ പ്രതികൂലമായി ബാധിക്കും. ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികൾ എത്തുന്നതിനാൽ പുതിയ നിയമമാറ്റം തത്കാലം അവരെ ബാധിക്കില്ല എന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും പരസ്പരം കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കുന്ന മേഖലയുമാണിത്. എന്നാൽ കള്ളക്കടത്തു രംഗത്ത് നിന്നടക്കം വലിയ തോതിൽ ഇന്ത്യയിൽ നിന്നും നിക്ഷേപം പുറത്തേക്കു ഒഴുകുന്നു എന്ന നിഗമനവും കേന്ദ്ര സർക്കാരിന്റെ മുന്നിലുണ്ട്.
അടുത്തകാലത്തായി കേരളത്തെ പിടിച്ചുലയ്ക്കുന്ന സ്വർണ കള്ളക്കടത്തു നടത്തിയവർ നൂറുകണക്കിന് കോടി രൂപയാണ് ഇന്ത്യയിൽ നിന്നും കടത്തിയിരിക്കുന്നത്. സ്വർണത്തിനും മയക്കുമരുന്നിനും ഒക്കെയായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്ന പണത്തിൽ ചെറിയൊരു ശതമാനം എങ്കിലും പിടിച്ചു നിർത്താൻ സാധിക്കുമോ എന്ന പരീക്ഷണം കൂടിയാകാം സർക്കാർ നടത്തുന്നതെന്നും നിഗമനമുണ്ട്.
ചെറിയ തുക അയക്കുന്നവർക്ക് ഈ നികുതി വർധന ബാധകമല്ല എന്നൊരു ആശ്വാസമുണ്ട്. ഏഴു ലക്ഷത്തിനു മുകളിൽ ഉള്ള തുക അയക്കുന്നവർക്കാണ് കൂടുതൽ ഉയർന്ന നിരക്ക് നൽകേണ്ടി വരുക എന്ന് സൂചനയുണ്ട്. ഓരോ മാസവും ശരാശരി ഇന്ത്യയിൽ നിന്നും പതിനായിരം കോടി രൂപയോളമാണ് വിദേശത്തേക്ക് ഒഴുകുന്നത്. ടൂർ, വീടിനും ബിസിനസ് സ്ഥാപങ്ങൾക്കുള്ള കെട്ടിടം വാങ്ങുന്നതിനും, വിവാഹ നടത്തിപ്പ്, നിക്ഷേപം എന്നിങ്ങനെ പല വഴികളിലാണ് ഈ പണം പല രാജ്യങ്ങളിൽ എത്തുന്നത്. ഇത്തരത്തിൽ ഒരു വ്യക്തിക്ക് ഇന്ത്യയിൽ നിന്നും രണ്ടര ലക്ഷം ഡോളർ ഒരു വർഷം അയക്കാൻ സാധിക്കും.
ഇപ്പോൾ നടപ്പാക്കുന്ന നികുതി വർധനയുടെ ഫലമായി സർക്കാരിന് ഓരോ മാസവും 75 മില്യൺ അമേരിക്കൻ ഡോളറിനു തുല്യമായ തുകയാണ് കയ്യിൽ എത്തുക എന്നും വിലയിരുത്തപ്പെടുന്നു. ബോളിവുഡിൽ നിന്നും, മലയാളത്തിൽ നിന്നും പോലും യുകെ ലക്ഷ്യമാക്കി സിനിമകൾ എത്തുമ്പോൾ ആ വഴിയിൽ കോടികളാണ് പിന്നാലെ എത്തുന്നത്. പല സിനിമകളും കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണു വിദേശ ലൊക്കേഷൻ തിരഞ്ഞെടുക്കുന്നത് എന്ന ആക്ഷേപം ഉള്ളതിനാൽ ആ മേഖലയ്ക്കും നികുതി ഭാരം പ്രയാസം സൃഷ്ടിക്കും.
സ്വന്തം അക്കൗണ്ടിൽ നിന്നുള്ള തുകയാണ് വിദേശത്തേക്ക് അയക്കുന്നതെങ്കിൽ ജി.എസ്.ടി പിടിക്കുന്ന പണത്തിനു ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാം എന്ന് അക്കൗണ്ടിങ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ചെറിയ തുക അയക്കുന്നവർക്കു പലപ്പോഴും ഇതിനൊന്നും മിനക്കെടാൻ സാധിക്കാത്തതിനാലും പലപ്പോഴും വലിയ തുകകൾ വരുന്നത് മറ്റുള്ളവരുടെ അക്കൗണ്ടിൽ നിന്നായതിനാലും ഇതത്ര ഗുണകരം ആയിരിക്കില്ല എന്നതും ശ്രദ്ധിക്കണം.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.