തിരുവനന്തപുരം: സംസ്ഥാനത്തെ ജി.എസ്.ടി. വകുപ്പ് കുത്തഴിഞ്ഞ നിലയിൽ. കഴിഞ്ഞ ഒന്നരവർഷമായി സംസ്ഥാന നികുതി വകുപ്പിലെ ഏകദേശം 4200ഓളംഉദ്യോഗസ്ഥർ ജോലിയില്ലാതെ പ്രതിഫലം കൈപ്പറ്റുകയാണ്. ജിഎസ്ടിയുടെ കാര്യത്തിൽ കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ അമ്പേ പാളിപ്പോവുകയാണ് എന്ന് തെളിയുകയാണ് ഉദ്യോഗസ്ഥ തലത്തിലുള്ള ഈ നിർവീര്യമായ അവസ്ഥയിലൂടെ. 2017 ജൂലൈ 1-ന് രാജ്യത്ത് ജിഎസ്ടി നടപ്പിലായിട്ടും സാങ്കേതിക സംവിധാനത്തിന്റെ കാര്യത്തിൽ കേരളം ഇപ്പോഴും തുടങ്ങിയേടത്ത് തന്നെയാണ്.

ജിഎസ്ടി വഴിയുള്ള ഇടപാടുകൾ ട്രാക്ക് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ പോകുന്നതാണ് കേരളത്തിലെ നികുതിവകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തത കാരണം കേരളത്തിലെ ജിഎസ്ടി വകുപ്പ് സംവിധാനം പൂർണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഒന്നാമത് ആവശ്യമായ കമ്പ്യൂട്ടർ ഇല്ല. രണ്ടാമത് ലഭിച്ച കമ്പ്യുട്ടറുകൾ പലതും പ്രവർത്തനക്ഷമമല്ല. മൂന്നാമത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് മറ്റു സംസ്ഥാനങ്ങൾ ഉപയോഗിക്കുന്ന നൂതനമായ കമ്പ്യൂട്ടർ അധിഷ്ഠിത ബാക്ക് എൻഡ് സംവിധാനം പിന്തുടരാൻ കേരളത്തിന് കഴിയുന്നില്ല. ജിഎസ്ടി വഴി ഒരു മാസം എത്ര കളക്ഷൻ വന്നു.

എത്ര പേർ ജിഎസ്ടി ഫയൽ ചെയ്തു. ഫയൽ ചെയ്ത ജിഎസ്ടിയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടോ എന്നൊന്നും നോക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല. ഇത് സംബന്ധമായി എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ഉദ്യോഗസ്ഥർ ഇരുട്ടിൽ തപ്പും. കേരളത്തിലെ ജിഎസ്ടിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വസ്തുതയാണിത്. കേന്ദ്രത്തിലെ പഴയ സെൻട്രൽ എക്സൈസ് സംവിധാനം കേരളത്തിലുണ്ട്. ഈ സംവിധാനം ഫലപ്രദമായി കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. എല്ലാ റെക്കോർഡുകളും സെൻട്രൽ എക്‌സൈസ് വഴി കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. പക്ഷെ ജിഎസ്ടിയുടെ കാര്യത്തിൽ കേരളത്തിന് ഇതു കഴിയുന്നില്ല. കേന്ദ്രം കാണുന്ന ജിഎസ്ടി ഫയലുകൾ പരിശോധിക്കാൻ പലപ്പോഴും കേരളത്തിന് കഴിയുന്നില്ല.

ഇതുകാരണം കേന്ദ്രം കേരളത്തിന് മുകളിൽ കുതിര കയറുന്ന അവസ്ഥ കൂടി വന്നിട്ടുണ്ട്. എന്നാൽ കേന്ദ്ര നടപടി ഫലപ്രദമായി തടയാൻ കേരളത്തിന് കഴിയുന്നുമില്ല. ഇത് ഉദ്യോഗസ്ഥർ നേരിടുന്ന ഒരു പ്രശ്‌നവും കൂടിയാകുന്നു. കേന്ദ്രം ശ്രദ്ധിക്കുന്നതുകൊണ്ട് നികുതി വരുമാനത്തിൽ കേരളത്തിന്റെ പങ്ക് കേരളത്തിന് ലഭിക്കുന്നുണ്ട്. പക്ഷെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ മനോവീര്യം അപകടത്തിൽപെടുകയാണ്. ജിഎസ്ടിയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ ഇടപെടലുകളെ തടയാൻ കേരളത്തിന് കഴിയാതെ പോകുന്നത് വലിയ പ്രതിസന്ധി ഉദ്യോഗസ്ഥരുടെ ഇടയിൽ സൃഷ്ടിക്കുന്നുമുണ്ട്. ഇത് മുൻപോട്ടുള്ള പോക്കിന് കേരളത്തിന് തടസങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്.

ജിഎസ്ടിഎന്നിന്റെ ബാക്ക് എൻഡ് സംവിധാനം കർണ്ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങൾ വിജയകരമായി വികസിപ്പിച്ചപ്പോൾ ഈ കാര്യത്തിൽ കേരളം സമ്പൂർണ്ണ പരാജയമായി മാറി. ബാക്ക് എൻഡ് വികസിപ്പിക്കുന്നതിൽ പിഴവ് വരുത്തി കേന്ദ്ര ഏജൻസിയായ എൻഐസിയാണ് കേരളത്തെ വെട്ടിൽ ആക്കിയത് എങ്കിലും സംഭവം മോശമായി ബാധിച്ചത് കേരളത്തിലെ ജിഎസ്ടി നിരീക്ഷണ സംവിധാനത്തെയാണ്. കേന്ദ്ര സംസ്ഥാനങ്ങൾക്ക് പങ്കാളിത്തമുള്ള ജിഎസ്ടിഎൻ ആണ് ജിഎസ്ടി സംവിധാനം മുഴുവൻ നിയന്ത്രിക്കുന്നത്. ജിഎസ്ടിഎൻ എന്നാൽ ഒരു കമ്പനിയാണ്. ഈ കമ്പനിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും പ്രവർത്തന ഷെയർ ഉണ്ട്. ജിഎസ്ടിയുടെ ബാക്ക് എൻഡ് സപ്പോർട്ട് കമ്പനി തന്നെ നൽകുന്നുണ്ട്.

പക്ഷെ സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെങ്കിൽ സ്വന്തമായി ഈ ബാക്ക് എൻഡ് സംവിധാനം വികസിപ്പിക്കാൻ കഴിയും. കേരളം സ്വന്തമായി ഈ സംവിധാനം വികസിപ്പിക്കാൻ തീരുമാനിക്കുകയും എൻഐസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അവർ ഒട്ടനവധി വീഴ്ചകൾ വരുത്തി. ജിഎസ്ടി ഫയലുകൾ ട്രാക്ക് ചെയ്യാനുള്ള ബാക്ക് ഏൻഡ് സംവിധാനം കേരളം സ്വയം വികസിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അത് ഇതുവരെ വികസിപ്പിച്ചെടുക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത്തരം കമ്പ്യൂട്ടർ അധിഷ്ഠിത ബാക്ക് എൻഡ് സംവിധാനത്തിനു ചുമതലപ്പെടുത്തിയ എൻഐസിയിൽ നിന്ന് ഈ കാര്യത്തിൽ ഗുരുതരമായ പിഴവുകൾ പലകുറി പറ്റി. ഇത് സംസ്ഥാനത്തെ ജിഎസ്ടി നിരീക്ഷണ സംവിധാനത്തെ നോക്കുകുത്തിയാക്കി മാറ്റുകയും ചെയ്തു.

നിലവിൽ ജിഎസ്ടി ഓഫീസർമാർ ഓഫീസുകളിൽ വെറുതെ ഇരുന്നു ശമ്പളം വാങ്ങുകയാണ്. അവർക്ക് അതിനല്ലാതെ നിലവിൽ ജിഎസ്ടി സംവിധാനം നിരീക്ഷിക്കാനുള്ള കഴിവില്ല. ചെക്ക്‌പോസ്റ്റുകൾ നിർത്തലാക്കി കഴിഞ്ഞു. ഇപ്പോൾ ചരക്കു സംബന്ധമായ ഫയലുകൾ വരുന്നത് ജിഎസ്ടി നെറ്റ് വർക്ക് വഴിയാണ്. ഇങ്ങിനെ ജിഎസ്ടി നെറ്റ്‌വർക്ക് സംവിധാനം നിരീക്ഷിക്കണമെങ്കിൽ ഓഫീസിൽ അതിനുള്ള സംവിധാനം വേണം. ജിഎസ്ടിയുടെ ബാക്ക് എൻഡ് നെറ്റ്‌വർക്ക് നിരീക്ഷിക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല. ഇതോടെ കേരളത്തിൽ നികുതി വെട്ടിപ്പുകളുടെ പൂരം ആണ് നടക്കുന്നത്. നികുതിവെട്ടിപ്പ് നടക്കുമ്പോൾ പകുതി നഷ്ടം കേന്ദ്രത്തിനും പകുതി നഷ്ടം സംസ്ഥാന സർക്കാരിനുമാണ്, വ്യാപാരികൾ സമർപ്പിക്കുന്ന നികുതി റിട്ടേണുകളുടെ ശരിതെറ്റുകൾ ഒന്നും തന്നെ നിലവിൽ അറിയാൻ സാധിക്കുന്നില്ല.

ഇത് മുതലെടുത്ത്ഏ റ്റവും വലിയ നികുതി വെട്ടിപ്പുകളാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ സൈറ്റിൽ ആകെ ലഭ്യമാകുന്ന മോഡ്യൂൾ വ്യാപാരികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ്. അതും ഇവിടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. സംസ്ഥാനത്തിന്റെ ജി.എസ്.ടി. നികുതി വരുമാനം നല്ല നിലയിൽ വർദ്ധിപ്പിക്കാൻ മെച്ചപ്പെട്ട കമ്പ്യൂട്ടർ സാങ്കേതികസഹായം വഴി സംസ്ഥാന നികുതി വകുപ്പ് ഉദ്ദ്യോഗസ്ഥർക്ക് കഴിയുമായിരുന്നു.

എന്നാൽ നികുതി വരുമാനം 14% ത്തിൽ താഴെ മാത്രമാണ് ഉണ്ടാകുന്നത്. ഈ കാര്യങ്ങൾ എല്ലാം ധനമന്ത്രി തോമസ് ഐസക്കിന് അറിയാമെങ്കിലും ഫലപ്രദമായ ഇടപെടലുകൾ മന്ത്രിയുടെ ഭാഗത്തുനിന്നും വരുന്നുമില്ല. 2006-2011 കാലഘട്ടത്തിലെ തോമസ് ഐസക്കിന്റെ നിഴൽ മാത്രമാണ് ഇപ്പോൾ കാണുന്നതെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.