- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി എസ് ടിയിൽ ഉൾപ്പെടുത്തി സെസ് കൂടി ചേർത്താലും ലിറ്ററിന് 75 രൂപയ്ക്ക് പെട്രോളും ഡീസലും കിട്ടുമെന്നത് യാഥാർത്ഥ്യം; സെസ് ഒഴിവാക്കി നികുതി സമ്പ്രദായം മാറ്റരുതെന്ന് കേരളം വാദിക്കുന്നതിന് കാരണം വരുമാന നഷ്ടം തന്നെ; പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ഇന്ധന വില ജി എസ് ടിയിലേക്ക് എത്തുമോ?
തിരുവനന്തപുരം: ഇന്ധന വില ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുമോ എന്ന് ഇന്നറിയാം. ജി എസ് ടി കൗൺസിൽ യോഗം വെള്ളിയാഴ്ച ലഖ്‌നൗവിൽ ചേരുമ്പോൾ രാജ്യം ആകാംഷയിലാണ്. ജി എസ് ടിയിൽ പെട്രോളും ഡീസലും ഉൾപ്പെട്ടാൽ വില കുറയുമെന്ന് ഉറപ്പാണ്. ഈ യോഗത്തിൽ കേരളത്തിന്റെ പ്രശ്‌നങ്ങളിൽ ഇന്ധനനികുതിക്കു പുറമേ വെളിച്ചെണ്ണയുടെ നികുതിയും വരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനമാണ് ഇന്ന്. ഇതിന്റെ ആഘോഷങ്ങൾക്കിടെ ഇന്ധന വില വർദ്ധനവിൽ പുതിയ നയം മാറ്റം കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ് ചർച്ചകളിൽ ഉള്ളത്. ഉത്തർപ്രദേശിലേയും ഗുജറാത്തിലേയും തെരഞ്ഞെടുപ്പുകൾ കണക്കിലെടുത്താണ് ഈ പ്രതീക്ഷകൾ. എന്നാൽ കേരളം അടക്കമുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഇതിനെ എതിർത്താൽ ജി എസ് ടി മാറ്റത്തിന് കേന്ദ്രത്തിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ എതിർപ്പുകാരണം ജി എസ് ടിയിൽ ഇന്ധന വിലയെ ഉൾപ്പെടുത്താൻ കഴിയുന്നില്ലെന്ന ചർച്ചയ്ക്ക് വേണ്ടിയാണോ ഈ നീക്കമെന്ന ആശങ്കയും സജീവമാണ്.
പെട്രോളും ഡീസലും ജി.എസ്.ടി.ക്കു കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കൗൺസിൽ ഇതു പരിഗണിക്കുന്നതെന്നതാണ് വസ്തുത. ജി എസ് ടിയിൽ ഇന്ധനം ഉൾപ്പെടുത്തിയാൽ അത് വിലക്കുറവിന് കാരണമാകുമെന്ന് ഉറപ്പാണ്. ജി എസ് ടിയിലെ പരമാവധി നികുതിയായ 28 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയാൽ പോലും പെട്രോൾ വില 55 രൂപയാകും. ഇതിനൊപ്പം 20 രൂപ സെസ് ഏർപ്പെടുത്തിയാൽ പോലും 75 രൂപയ്ക്ക് പെട്രോൾ കിട്ടും. ഡീസലിന്റെ കാര്യവും ഇങ്ങനെ തന്നെ.
പെട്രോളിന്റെ അടിസ്ഥാന വില 39 രൂപയാണ്. 28 ശതമാനം നികുതിയായാൽ അത് 11 രൂപ. ഡീലർമാരുടെ കമ്മീഷനും കൂടി ചേർന്നാൽ 54 രൂപയിലേക്ക് പെട്രോൾ വില എത്തും. ഡീസലിന് 40 രൂപയാണ് അടിസ്ഥാന വില. ജി എസ് ടിയിൽ 28 ശതമാനം കമ്മീഷൻ ചേർന്നാൽ ഇതും 54 രൂപയിലേക്ക് വിലയെത്തും. വില കുറയ്ക്കാനാണ് ഇവ ജി.എസ്.ടി.ക്കു കീഴിലാക്കുന്നത്. എന്നാൽ, കേന്ദ്രം സെസ് കുറച്ചാൽ വില കുറയുമെന്നും പകരം ഇവ ജി.എസ്.ടി.ക്കു കീഴിലാക്കിയാൽ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്.
എന്നാൽ 30 രൂപ കേന്ദ്രം സെസ് പിടിച്ചാലും 85 രൂപയ്ക്ക് പെട്രോളും ഡീസലും കിട്ടുന്ന അവസ്ഥയുണ്ടാകുമെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ വാദം നിലനിൽക്കില്ല. എന്നാൽ സംസ്ഥാനങ്ങളുടെ വരുമാന നട്ടെല്ല് ഇതൊടിക്കുമെന്ന് വ്യക്തമാണ്. ജി.എസ്.ടി.യിൽ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ. ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി.
ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക. അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്. കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം ഗണ്യമായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും.
ജി.എസ്.ടി. ബാധകമാക്കിയാൽ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വില കുറയില്ലെന്നും കേരളം വാദിക്കുന്നു. വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിർദ്ദേശമാണ് കേരളത്തിനു തിരിച്ചടിയാവുന്ന മറ്റൊന്ന്. ഭക്ഷ്യാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയും സൗന്ദര്യവർധകവസ്തു എന്നനിലയിൽ വിറ്റഴിക്കുന്ന വെളിച്ചെണ്ണയും തമ്മിൽ വേർതിരിക്കാൻ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്ന നിർദ്ദേശമാണ് ആശങ്കയ്ക്കു കാരണം.
ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റിൽ വിൽക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിർത്തണം. അതിനു താഴെയുള്ള അളവിലുള്ളത് സൗന്ദര്യവർധക വസ്തുവായി കണക്കാക്കി 18 ശതമാനവും ചുമത്തണം. ഇതാണ് കൗൺസിലിനു മുന്നിലുള്ള നിർദ്ദേശം. ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനത്തിന് തിരിച്ചടിയാവും. അതിനാൽ 500 ഗ്രാമിനു മുകളിലുള്ളതിനെയെല്ലാം ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി നികുതി അഞ്ചുശതമാനം മാത്രമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
മറുനാടന് മലയാളി ബ്യൂറോ