തിരുവനന്തപുരം: കച്ചവടക്കാരും നാട്ടുകാരുമൊക്കെ നികുതി വെട്ടിപ്പ് നടത്തിയാൽ അണപൈസ കണക്കാക്കി അവരെ പിടികൂടുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഉദ്യോഗസ്ഥന്മാർക്കായി വകുപ്പ് നടത്തിയ പരീക്ഷയിൽ കൂട്ടതോൽവി. 20-ൽ എട്ടുമാർക്ക് പോലും നേടാനാകാതെ 800 പേരാണ് തോറ്റ് പുറത്തായത്.

ചരക്കു സേവന നികുതി നിലവിൽ വന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്ക് നിയമത്തെക്കുറിച്ച് വലിയ അറിവില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് മാസങ്ങൾക്ക് മുമ്പ്പരീക്ഷ നടത്തിയത്. ഇനി ഒരിക്കൽ കൂടി അവസരം നൽകാമെന്ന് വകുപ്പ് അധികൃതർ അറിയിച്ചെങ്കിലും തങ്ങൾക്ക് മേഴ്‌സി ചാൻസ് വേണ്ടയെന്ന നിലപാടിലാണ് ജീവനക്കാർ.

ജിഎസ്ടി വകുപ്പിലെ ക്ലർക്കു മുതൽ ജോയിന്റ് കമ്മിഷണർമാർ വരെയുള്ള ഉദ്യോഗസ്ഥർക്കായി ജിഎസ്ടി നിയമത്തിലെ 11 വിഷയങ്ങളിൽ ഓൺലൈൻ ക്ലാ സുകൾക്ക് ശേഷമായിരുന്നു ഓൺലൈൻ പരീക്ഷ. 20 മാർക്കിനായിരുന്നു ടെസ്റ്റ്. എട്ടു മാർക്കാണ് വിജയിക്കാൻ വേണ്ടിയിരുന്നത്.800 ജീവനക്കാർ പരീക്ഷയിൽ പരാജയപ്പ ട്ടു.തോറ്റവരുടെ പട്ടികയും പ്രസിദ്ധീകരിച്ചു. പിന്നീട്, ടെസ്റ്റ് എഴുതാതിരിക്കുകയോ തോൽക്കുകയോ ചെയ്തവർക്ക് പരീക്ഷ പാസാകുന്നതിന് ഒരവസരം കൂടി നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം.

ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 24 മുതൽ ജൂൺ 18 വരെയാണ് പരീക്ഷയുടെ തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, പരീക്ഷ നടത്തിപ്പിനായി വിളിച്ച യോഗത്തിൽ ജോയിന്റ് കമ്മിഷണർമാർ എതിർപ്പറിയിച്ചു.തുടർന്ന് ഓഫ് ലൈനായി പരീക്ഷ എഴുതാൻ അനുവാദം നൽകിയശേഷം എതിർപ്പിന്റെ കാരണങ്ങൾ മിനിറ്റ്‌സിൽ രേഖപ്പെടുത്തി.

നേരത്തെ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ചപ്പോഴും ജോയിന്റ് കമ്മീഷണർമാർ എതിർത്തിരുന്നു. ജോലിത്തിരക്കായതിനാൽ ജോയിന്റ് കമ്മിഷണർമാരെ ഒഴിവാക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം.താഴ്ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥർ എടുക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജോയിന്റ് കമ്മിഷണർമാർ പിന്നീട് വ്യക്തമാക്കി.

ഇതേതുടർന്ന്, ഓഫ് ലൈനായി പരീക്ഷ എഴുതാൻ അധികൃതർ അനുമതി നൽകി. വകുപ്പുതല യോഗങ്ങളിൽ മിക്കവയും ഓൺലൈനാണെന്നും 30 മിനിറ്റ് ഓൺലൈൻ പരീക്ഷ ഒഴിവാക്കി ഓഫ് ലൈനായി പരീക്ഷ എഴുതുന്നത് ക്രമക്കേടുകൾക്ക് വഴിയൊരുക്കുമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു.